Saturday, June 7, 2014


കഥ / സുനില്‍ പി. മതിലകം
ല്ലെങ്കിലും ഇതിപ്പൊ ഒരു പതിവായിട്ടുണ്ട്‌. ഇന്നത്‌ പറയരുതെന്ന്‌ കരുതിയാല്‍, അത്‌ പറഞ്ഞേ തീരൂ. ഇന്നത്‌ ഓര്‍ക്കരുതെന്ന്‌ ഉറച്ചാല്‍, അതെന്നെ ഓര്‍ത്തിരിക്കും. ഇന്നത്‌ പറയണമെന്ന്‌ മനസ്സിലുരുവിട്ടിരുന്നാല്‍, അതൊട്ടുപറയാനുമൊക്കില്ല. ഈയൊര വസ്ഥയില്‍ നിന്ന്‌ താന്‍ മോചിതനാകുന്നില്ലല്ലൊ...``അച്ഛന്‌ പറ്റിയതല്ല, കച്ചോടം. ഈ മനസ്സുമായി കച്ചോടം ചെയ്‌താ ഇനിയുള്ളതുകൂടി വിറ്റുതുലയ്‌ക്കേണ്ടി വരും''പഴിക്കുന്നത്‌ മകനാണ്‌. കേള്‍ക്കുന്നത്‌ ഒരു പലചരക്കുപീടികക്കാരനായ അച്ഛനും. അവനത്‌ പറയാനുള്ള അവകാശം വകവെച്ചുകൊടുത്തേ പറ്റൂ. തന്നിലെന്തെങ്കിലും പ്രത്യാശയര്‍പ്പിക്കാന്‍ അവനെന്നല്ല, ഒരു മക്കള്‍ക്കും സാധിക്കില്ലെന്ന വിചാരം വാസുവേട്ടനെ നിരന്തരം അലട്ടിക്കൊണ്ടിരുന്നു. അച്ഛാച്ചന്റെ അച്ഛനായിട്ട്‌ പണികഴിപ്പിച്ച പഴയൊരു വീടാണുള്ളത്‌. വെട്ടം കടന്നുവരാന്‍ മടിക്കുന്ന ഇടുങ്ങിയ മുറികളുള്ള പഴയൊരു ഓടിട്ട വീട്‌. അതിന്റെ തട്ടിന്‍പുറം പല കമ്മ്യൂണിസ്റ്റുകാര്‍ക്കും അഭയമായിട്ടുണ്ട്‌. മറ്റൊരു രസകരമായ സംഗതി, അച്ഛന്‍ കറകളഞ്ഞ കോണ്‍ഗ്രസ്സുകാരനായിരുന്നു. എന്നിട്ടും, കമ്മ്യൂണിസ്റ്റ്‌ സഖാക്കളോട്‌ എന്തെന്നില്ലാത്ത ഒരു മതിപ്പുണ്ടായിരുന്നു. അവര്‍ക്ക്‌ അച്ഛനോടും അങ്ങനെതന്നെ.കഴിഞ്ഞ കര്‍ക്കിടകത്തിലെ പെരുമഴയിലാണ്‌ ആ വീടിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണത്‌. നല്ല കാറ്റും അന്നുണ്ടായിരുന്നു. വീട്‌ മൊത്തം നിലംപൊത്തുമെന്ന്‌ കരുതി ഞങ്ങള്‍, കിടന്നിടത്തുനിന്ന്‌ എഴുന്നേറ്റ്‌ വന്ന്‌ ഉമ്മറക്കോലായില്‍ പേടിച്ചരണ്ടിരുന്നു. പിന്നീട്‌ പലഭാഗവും ഇടിഞ്ഞുതുടങ്ങി. അതൊന്ന്‌ പുതുക്കി പണിയാന്‍ ഇതുവരെ ഒത്തില്ല. ഇക്കാലത്ത്‌ ഇങ്ങനെയുള്ള ഒരു പരിസരത്ത്‌ മക്കള്‍ ഇത്രത്തോളം എങ്ങനെ പഠിച്ചുവെന്ന്‌ തെല്ലൊരദ്‌ഭുതത്തോടെ പലവട്ടം അയാള്‍ ആലോചിച്ചിട്ടുണ്ട്‌. നല്ല മാര്‍ക്കോടെയാണ്‌ മൂത്തവന്‍ ലെനിന്‍ പ്ലസ്‌ ടു പാസ്സായത്‌. എന്നിട്ടും അവന്‌ താത്‌പര്യമുള്ള ഒരു കോഴ്‌സില്‍ ചേര്‍ത്തി പഠിപ്പിക്കാന്‍ തനിക്കായില്ലല്ലോയെന്ന കുറ്റബോധം ഇടയ്‌ക്കിടെ വേട്ടയാടുന്നു. ഇതെല്ലാം അവനും ആലോചിക്കുന്നുണ്ടാകില്ലെ? അതോണ്ട്‌ ഒരു പരിഭവവും അവനോടും അവന്റെ പരുഷമായ വാക്കുകളോടും വാസുവേട്ടന്‌ തോന്നാറില്ല.വിചാരങ്ങളെ മുറിച്ചിട്ട്‌ കടയ്‌ക്കുമുന്നിലൂടെ ഒരു കാര്‍ കടന്നുപോയപ്പോഴാണ്‌ കടയ്‌ക്കുള്ളില്‍ ഇരിക്കുകയാണെന്ന യാഥാര്‍ത്ഥ്യത്തിലേക്ക്‌ അയാള്‍ തിരിച്ചെത്തിയത്‌. ആ കാറില്‍നിന്ന്‌ ഒരു പ്രത്യേക സുഗന്ധം പരന്നുവരുന്നതായി അനുഭവപ്പെട്ടു. കപ്പലണ്ടിപ്പിണ്ണാക്കിന്റെയും തവിടിന്റെയും എണ്ണയുടെയുംമറ്റും കെട്ട വാടയില്‍ നിന്ന്‌ ആ സുഗന്ധം തിരിച്ചറിയാന്‍ കഴിയുന്നുണ്ട്‌. കടയുടെ തൊട്ടടുത്ത വീട്ടിലെ കാറാണത്‌. കാറിന്റെ ഡിക്കി തുറക്കുന്നതും പ്ലാസ്റ്റിക്‌ കിറ്റുകള്‍ നിരനിരയായി വീടിനകത്തേക്ക്‌ കടന്നുപോകുന്നതും ഇവിടെയിരുന്നാല്‍ വ്യക്തമായി കാണാം. കണ്‍വെട്ടത്തുതന്നെയാണ്‌ ആ വീട്‌. തൊട്ടടുത്ത്‌ ഇങ്ങനെ ഒരു കടതുറന്നിരിക്കുന്ന കാര്യം തന്നെ അവരെല്ലാം എന്നേ മറന്നിരിക്കുന്നു. മേശവലിപ്പില്‍ ഇപ്പോഴും ഭദ്രമായി സൂക്ഷിച്ചിരിക്കുന്ന കണക്കുപുസ്‌തകമെടുത്ത്‌ നോക്കിയാലറിയാം, അവര്‍ തരാനുള്ള തുക എത്രയെന്ന്‌. ആ കാറോടിച്ച്‌ പോയവന്‍ ഗള്‍ഫിലായിരുന്നുവല്ലോ. അവന്റെ അച്ഛന്‍ കേശവേട്ടന്‍ പണമായും സാധനങ്ങളുമായിപറ്റിയ നല്ലൊരുതുക മരിക്കുമ്പോ തരാനുണ്ടായിരുന്നു.ഒരുദിവസം പീടികപൂട്ടാന്‍ ഒരുങ്ങുമ്പോഴാണ്‌ അവിടേന്ന്‌ കൂട്ടനിലവിളി കേട്ടത്‌. നിരപ്പലകപോലുമിടാതെ ഓടിച്ചെല്ലുമ്പോള്‍ കേശവേട്ടന്‍ കാലുനീട്ടി, കണ്ണുകളടച്ച്‌ നീണ്ടുനിവര്‍ന്ന്‌ കിടക്കുന്നു. അന്നുച്ചയ്‌ക്കുകൂടി കടയില്‍ വന്നിരുന്ന്‌ എന്തെല്ലാം പറഞ്ഞയാളാണ്‌. തിരിച്ചുപോകുമ്പോള്‍ സാധനങ്ങളും വാങ്ങിപ്പോയതാണ്‌. ദാ, ഇപ്പോ ആരോടൊന്നും പറയാതെ അവസാന നിദ്രയിലേക്ക്‌ ഒരു കള്ളച്ചിരിയോടെ കേശവേട്ടനും കടന്നുപോയിരിക്കുന്നു.സത്യം പറയാല്ലൊ, അപ്പൊ ഓര്‍ത്തത്‌ അങ്ങേര്‌ തരാനുള്ള തുകയെപ്പറ്റിത്തന്നെയാണ്‌. പറ്റ്‌്‌ എഴുതിക്കൊടുത്ത ഒരു പോക്കറ്റ്‌ ബുക്കുപോലും കേശവേട്ടന്റെ കൈവശം ഉണ്ടായിരുന്നില്ല. തന്റെ കൈപ്പടയില്‍ എഴുതിവെച്ച കണക്കുമാത്രമാണ്‌ ഏകരേഖ. ഇതും കാണിച്ച്‌ അയാളുടെ മക്കളുടെ അടുക്കല്‍ തരാനുള്ള തുകയുടെ കാര്യം പറഞ്ഞ്‌ എങ്ങനെ ചെല്ലും? മരിച്ചയാളോട്‌ ചെന്ന്‌ ചോദിക്കാനൊക്കുമോ? ദേ, എനിക്കുതരാനുള്ള ആ പണത്തിന്റെ കാര്യം വീട്ടുകാരോട്‌ പറഞ്ഞിട്ട്‌ പോണോടത്തേക്ക്‌ പൊയ്‌ക്കോളൂവെന്ന്‌ ആവശ്യപ്പെടാന്‍ കഴിയുമോ?അപ്പോഴും കരുതി, അച്ഛന്റെ മരണാനന്തരചടങ്ങുകള്‍ കഴിയുമ്പോ മക്കള്‍ വരാതിരിക്കില്ലെന്ന്‌.``വാസുവേട്ടാ, അച്ഛന്‍ തരാനുള്ള പണത്തിന്റെ കണക്കൊന്ന്‌ എടുത്തുവെച്ചെട്ടൊ. അച്ഛന്‍ കടംവെച്ചിട്ട്‌ പോയീന്നൊരു ആക്ഷേപം മക്കള്‍ക്ക്‌ കേള്‍ക്കാന്‍ ഇടയാവരുത്‌.''ആ കണക്കുകൂട്ടലില്‍ അമര്‍ന്നിരുന്നു. ഇരിപ്പുമാത്രം ഒടുവില്‍ ബാക്കി. ആ വീട്ടില്‍നിന്ന്‌ ആരും ഇതൊന്നും തിരക്കി ഇതുവരെയെത്തിയില്ല. വാസുവേട്ടനായിട്ട്‌ അതും ചോദിച്ചങ്ങോട്ടുചെന്നതുമില്ല.അവര്‍ക്കു മുന്നില്‍ ഇങ്ങനെ ഒരു കട ഇപ്പോഴില്ലെന്നും അന്നേരം ഓര്‍ത്തു.സൂപ്പര്‍മാര്‍ക്കറ്റുകളും ഹൈപ്പര്‍ മാര്‍ക്കറ്റുകളും അവര്‍ക്കുമുന്നില്‍ തുറന്നുവെച്ചിരിക്കുന്നു. എല്ലാം ഒരു കുടക്കീഴിലെന്ന പരസ്യവാചകം. ബഹുവര്‍ണ്ണ പാക്കറ്റുകളുടെ നിരപ്പ്‌. പ്‌ളാസ്റ്റിക്‌ കവറുകളിലെ കണിശത. മാസശമ്പളവുമായി കയറിയാല്‍ കാപ്പിക്കാശുപോലും അവശേഷിപ്പിക്കാതെ ഒഴിഞ്ഞ പോക്കറ്റുമായി ഇറങ്ങിപ്പോരുന്നവര്‍. പല ജീവിതങ്ങള്‍ക്കായി തുറന്നുവെച്ച പലചരക്കുകടകളില്‍ കയറി ഇറങ്ങേണ്ട. എല്ലാം ഒരാളുടെ പോക്കറ്റിലേക്കുതന്നെ എറിഞ്ഞുകൊടുക്കാം. ഷോപ്പുകളുടെ വിസ്‌തൃതി, പ്രചാരണം, എ.സിയുടെ ഊഷ്‌മളതയില്‍ ഓരോ സാധനങ്ങള്‍ എടുത്തിട്ട്‌, ട്രോളിയുമായി ഉന്തിനടക്കുവാനുള്ള സൗകര്യം. അങ്ങോട്ടൊന്നു കയറി ചെല്ലുന്നതുതന്നെ മഹത്വമായി ഊറ്റം കൊള്ളുന്നവര്‍. അത്തരക്കാര്‍, നാട്ടിന്‍പുറത്തെ വാസുവേട്ടന്റെ പലചരക്കുകടയിലേക്ക്‌ എങ്ങനെയാ കയറി വരിക?ഇനി വന്നെന്നിരിക്കട്ടെ. അത്‌ കടംവാങ്ങാന്‍ മാത്രമായിരിക്കും. അല്ലെങ്കില്‍ തരാനുള്ള പണത്തിന്റെ ബാധ്യത നിലനില്‍ക്കുന്നതുകൊണ്ട്‌ ഇടയ്‌ക്കെന്തെങ്കിലും സാധനങ്ങള്‍ വാങ്ങേണ്ടെയെന്നുകരുതി എത്തുന്നവരാകാം.``വാസുവേ, ഒന്ന്‌ തോണ്ടിവെച്ചൊ. അടുത്ത ദിവസം തന്ന്യെയെടുക്കാം.''അടുത്ത ദിവസം പോയിട്ട്‌, അടുത്ത കാലത്തൊന്നും തന്നെ ആ കടം തീര്‍ക്കലുണ്ടാകില്ല.വാസുവേട്ടനത്‌ വിട്ടുകളഞ്ഞെന്ന്‌ ഉറപ്പാകുമ്പോള്‍, അതവിടെ നിര്‍ത്തിക്കൊണ്ടുതന്നെ വീണ്ടും കടംവെക്കും. സൂപ്പര്‍മാര്‍ക്കറ്റുകളിലൊന്നും അത്തരം ഏര്‍പ്പാടുകളില്ലല്ലോ. വിലപേശലോ, പരാതിയോ, പരിഭവമോ ഒന്നുമില്ലാതെ കമ്പ്യൂട്ടറില്‍ അടിച്ചുകൊടുത്ത ബില്ലുവാങ്ങി, പണം എണ്ണിക്കൊടുത്ത്‌ നിശ്ശബ്‌ദനായി പടികളിറങ്ങും.എവിടെനിന്നോ ഓടിച്ചിട്ടെന്നപോലെ ഒരു മഴയെത്തിയപ്പോഴാണ്‌ നേരം ഉച്ചകഴിഞ്ഞല്ലോ എന്നകാര്യം അയാളറിഞ്ഞത്‌. ചിങ്ങം പിറന്നിട്ട്‌ പത്തായി. കര്‍ക്കടകത്തില്‍ പെയ്യേണ്ട മഴ പെയ്‌തില്ല. അതിപ്പൊ ചിങ്ങത്തില്‍ കൊണ്ടുവന്നു കൊട്ടുകയാണെന്ന്‌ തോന്നുന്നു. അതും ഒരു വ്യവസ്ഥയില്ലാതെ. മനുഷ്യര്‍ക്ക്‌ വ്യവസ്ഥയില്ലാതെയായപ്പോ പ്രകൃതിയും ആ വഴിക്കാ. കാലം തെറ്റി പെയ്യണതെന്ന്‌ കേട്ടിട്ടില്ലെ? ഒന്നുപച്ചപിടിക്കണ മാസമായിരുന്നു ചിങ്ങം. ആ ചിങ്ങവും ഇരുണ്ടുകറുത്താല്‍ എന്താ ചെയ്യാ. പിന്നെ, നമ്മടെ സൗകര്യത്തിനല്ലെ മഴ പെയ്യണ്‌. മഴ അങ്ങനെ പെയ്യട്ടെന്നെ...ഈ വെള്ളമൊക്കെ വെറുതേ പാഴായിപ്പോകാണല്ലൊ. മിക്കവീടുകളിലും ഇപ്പൊ ഫില്‍ട്ടര്‍ താഴ്‌ത്തിയിരിക്കയല്ലെ. കിണറുകളും കുളങ്ങളും തോടുകളും മൂടി. വയലുകളില്‍ കിഴക്കന്‍ കുന്നുകള്‍ ഇടിച്ചുനിരത്തിയ ചുവന്നമണ്ണ്‌ ടിപ്പറിലെത്തിച്ച്‌ നികത്തുന്നു... വെള്ളം കാത്തുപരിരക്ഷിച്ച മണ്ണിന്റെ ഗര്‍ഭപാത്രം അറുത്തുമാറ്റിക്കൊണ്ടിരിക്കായാണ്‌... ഇതാപറയണ്‌, വെറുതേയിരുക്കുമ്പൊ മനസ്സ്‌ കാടുകയറി ഭ്രാന്താകും... അതില്‍നിന്ന്‌ തിരിച്ചെത്തിയാലും ഓര്‍മ്മകളല്ലാതെ മറ്റാരാണ്‌ കൂട്ടുള്ളത്‌.ഇന്നു ചന്തദിവസമായിരുന്നു. വീട്ടില്‍നിന്ന്‌ നേരത്തേ ഇറങ്ങി. പീടികക്കരികിലെത്തിയപ്പോഴാണ്‌ മടിക്കുത്ത്‌ തെരഞ്ഞത്‌. ചന്തയ്‌ക്കുള്ള പണമൊന്നും കൈവശം ഇല്ലല്ലോയെന്നറിഞ്ഞത്‌ അന്നേരമാണ്‌.നന്നേ പുലര്‍ച്ചയ്‌ക്ക്‌ ആദ്യത്തെ മണികണ്‌ഠന്‍ ബസ്സില്‍ കയറി ചന്തയിലേക്കുള്ള യാത്ര, പലയിടത്തുനിന്ന്‌ കയറിയ ബസ്സിലെ ചിരപരിചിതരായ കച്ചവടക്കാരുടെ കൊച്ചുവര്‍ത്തമാനങ്ങളില്‍ ബസ്സിനകം ശബ്‌ദമുഖരിതമായിരിക്കും. ആകുലതകളും ആവലാതികളും തമാശകളും അവിടെ പകുത്തുവയ്‌ക്കപ്പെടും...അവിടേന്ന്‌ തിരിച്ച്‌ കൈയില്‍ കൊള്ളാവുന്ന സാധനങ്ങളുമായി ബസ്സില്‍ മടങ്ങുന്നത്‌... വൈകുന്നേരങ്ങളില്‍ കടയിലെ തിരക്ക്‌... ബഹളം... ആളുകളുടെ ക്ഷമയോടെയുള്ള കാത്തുനില്‌പ്‌...ഇത്തരമാലോചനകളിലകപ്പെട്ട്‌, പുറത്തെ മഴയിലേക്ക്‌ നോക്കി വാസുവേട്ടന്‍ ഇരിക്കുമ്പോഴാണ്‌ അവന്റെ വരവുണ്ടായത്‌.മഴ നനഞ്ഞാണ്‌ അവനെത്തിയത്‌. ബാലന്റെ മകനാണ്‌. അരുണ്‍ എന്നാ അവന്റെ പേര്‌. ചുരുട്ടിപ്പിടിച്ച സഞ്ചിയുമായി അവന്‍ നിന്ന്‌ വിറയ്‌ക്കുന്നുണ്ടായിരുന്നു. തെളിച്ചമില്ലാത്ത ആ ഇളം മുഖത്ത്‌ ദൈന്യത.``ഒരു കിലോ അരി''അരുണ്‍ നിന്നു പരുങ്ങി.``നിന്റച്ഛന്‍ പൈസ വല്ലതും തന്നയച്ചിട്ടുണ്ടൊ?''``യില്ല, അച്ഛാ കൊണ്ടരാന്ന്‌ പറഞ്ഞു''അവന്റെ വാക്കുകളിലെ നേരിയ പതര്‍ച്ച കണ്ടപ്പൊ അങ്ങനെ ചോദിക്കേണ്ടിയിരുന്നില്ലെന്ന്‌ തോന്നി.`` അരിയില്ല, കുട്ടി...''ചുരുട്ടിപ്പിടിച്ച തുണിസഞ്ചിയില്‍നിന്ന്‌ അരുണിന്റെ കൈയഴയുന്നത്‌ ശ്രദ്ധിക്കാതിരിക്കാന്‍ അയാള്‍ക്കായില്ല.ഒന്നും ഉരിയിടാതെ തട്ടീംമുട്ടീം തെല്ലിട നിന്നെങ്കിലും, വൈകാതെ കടയില്‍നിന്ന്‌ പുറത്തേക്ക്‌ അവന്‍ ഇറങ്ങി നടന്നു.ബാലന്‍ തരാനുള്ളത്‌ കുറച്ചുപണമൊന്നുമല്ല, പറ്റുപടി പുസ്‌തകത്തിന്റെ പല ഏടുകളും നിറഞ്ഞുകവിഞ്ഞു. അഞ്ഞൂറ്‌ പറ്റിയാ മുന്നൂറ്‌ തരും. ബാക്കി ഇരുന്നൂറ്‌ അവിടെ കിട. പിന്നെയും അതിന്റെമേല്‍ കടം. അങ്ങനെ പെരുകിപ്പെരുകി തുക ഒരുപാടായി. ആ പയ്യന്റെ വരവും ചോദ്യവുമൊക്കെ കാണുമ്പൊ, തന്റെ മക്കളെ ഓര്‍മ്മവരും. കൊടുക്കാതിരിക്കാനുമാകില്ല.ബാലന്‌ സ്ഥിരമായ പണിയൊന്നുമില്ല. വല്ല കാലത്തും എന്തെങ്കിലും പണിക്കു പോയാലായി. വീട്ടുവളപ്പിലെ തേങ്ങയും അടയ്‌ക്കയും പെറുക്കി വിറ്റാണ്‌ അവന്റെ വട്ടച്ചെലവിനുള്ളത്‌ ഒപ്പിക്കുന്നത്‌. ബാലന്‍ താമസിക്കുന്നത്‌ പഴക്കമുള്ള ഒരു പഴയ ടെറസ്‌ വീട്ടിലാണ്‌.പുരയിടം അമ്പത്‌ സെന്റ്‌കാണും. തറവാടുവക ഭൂസ്വത്താണ്‌. ജീവിതം കടുത്ത ദാരിദ്ര്യത്തിലാണെങ്കിലും അവരുടെ റേഷന്‍കാര്‍ഡ്‌ ബി.പി.എല്‍ അല്ല. ബി.പി.എല്‍ കാര്‍ഡാണെങ്കില്‍ ഒരു രൂപയ്‌ക്ക്‌ അരിയെങ്കിലും വാങ്ങി ആ പിള്ളേര്‌ കഞ്ഞികുടിച്ച്‌ കിടന്നേനെ. ആ ചെറുക്കന്‌ കടയില്‍ വന്നിങ്ങനെ നിരാശനായി മടങ്ങേണ്ടിവരില്ലായിരുവെന്നുവല്ലൊ.കടയില്‍ ഇരുന്നാല്‍ ബാലന്റെ വീടു കാണാം. അരുണ്‍ ചത്തമനസ്സുമായി കുനിഞ്ഞ ശിരസ്സോടെ നടന്നുപോകുന്നതും വീട്ടില്‍ചെന്ന്‌ കയറുന്നതും അയാള്‍ കടയിലിരുന്നു കണ്ടു. അരുണിന്റെ അമ്മയുടെ അരിശം മുഴുവന്‍ അവനോട്‌ തീര്‍ക്കുന്നത്‌ വ്യക്തമായി കേള്‍ക്കാം.ദൈവമേ, ആ പിള്ളേരിന്ന്‌ പട്ടിണിയാകുമോ?ഒരു കച്ചവടക്കാരന്‌ ഇത്തരം സിംപതികളൊന്നും പാടില്ലെന്നല്ലെ വെപ്പ്‌. എന്തോ തനിക്കതിന്‌ ആകുന്നില്ലൊ... ഇതെല്ലാം ഇട്ടെറിഞ്ഞ്‌ പോകാനാകാത്തതും അതാണല്ലൊ. മറിച്ചൊരു മനസ്സായിരുന്നുവെങ്കില്‍ ഇത്രയധികം കിട്ടാക്കടം വന്നുചേരില്ലായിരുന്നുവെന്ന്‌ അന്നേരം വെറുതേ ആലോചിച്ചു. പണ്ട്‌ അച്ഛനായി തുടങ്ങിയ ഒരു കട. അയാള്‍ക്ക്‌ ഓര്‍മ്മവെച്ചകാലത്ത്‌ കടയില്‍ ഒട്ടേറെ ജോലിക്കാര്‍ ഉണ്ടായിരുന്നു. അച്ഛന്റെ കാലശേഷം പത്താംക്ലാസ്‌ കഴിഞ്ഞുനില്‌ക്കുകയായിരുന്ന താന്‍ ഏറ്റെടുക്കുകയായിരുന്നു. കാലക്രമേണ ജോലിക്കാരെല്ലാം കൊഴിഞ്ഞുകൊഴിഞ്ഞ്‌ ഏറ്റവും ഒടുവില്‍ താന്‍ തനിച്ചാകുകയായിരുന്നു.രാത്രി പീടിക പൂട്ടി, വാസുവേട്ടന്‍ പോകുന്നവഴിയ്‌ക്ക്‌ ബാലന്റെ വീടിന്റെ മുന്നിലെത്തി. അവന്‍ ചാരുകസേരയില്‍ കാലുംനീട്ടിയിരിക്കുന്നത്‌ കാണാം. ഗാഢമായ ഏതോ ആലോചനകളിലകപ്പെട്ടുള്ള ഇരിപ്പാണെന്ന്‌ കണ്ടാലറിയാം. അങ്ങോട്ട്‌ കയറിച്ചെന്ന്‌ അവനിട്ടൊന്ന്‌ പൊട്ടിക്കണമെന്നാണ്‌ അയാള്‍ക്കാദ്യം തോന്നിയത്‌. സഹനത്തിനും ഒരു നെല്ലിപ്പടിയുണ്ടല്ലൊ.ഇളേ പെണ്‍കുട്ടീടെ കരച്ചില്‍ കേള്‍ക്കാം. അരുണ്‍ പുസ്‌തകം നിവര്‍ത്തിവെച്ച്‌ തളര്‍ന്നിരിക്കുന്നതും കാണാം. ബാലന്റെ ഭാര്യയുടെ പിറുപിറുക്കലും ഇതിനിടയില്‍ കേള്‍ക്കുന്നുണ്ട്‌.ബാലന്‍ എന്തായിരിക്കും ഇത്ര ആലോചിക്കുന്നത്‌?നാളത്തെ പകലിനെക്കുറിച്ചായിരിക്കുമോ? ഇന്ന്‌ രാത്രി തീരുന്നിടത്തുവെച്ച്‌ വെളിച്ചത്തിലേക്ക്‌ വരാതെ ഒളിച്ചോടാനുള്ള ആലോചനകളിലായിരിക്കുമോ?അവന്റടുക്കല്‍ച്ചെന്ന്‌ ആശ്വസിപ്പിക്കണോ?അവന്‍ കടുംകൈയെന്തെങ്കിലും പ്രവര്‍ത്തിക്കുമോ?ഒടുവിലത്തെ ഒരാശ്വാസവാക്ക്‌, നല്ലത്‌ ചിന്തിക്കാനുള്ള ത്രാണി അവനിലുണ്ടാക്കിയാലോ?എല്ലാവരെയും തോല്‌പിച്ചങ്ങനെ കടന്നുപോയാല്‍ പോകുന്നവര്‍ക്ക്‌ പോകാം. ശേഷിക്കുന്നവര്‍ അനുഭവിക്കുന്നതോ, കടുത്ത വേദനകള്‍.ഇതെല്ലാം മനസ്സിലങ്ങോട്ടുമിങ്ങോട്ടുമിട്ട്‌ തട്ടി, വാസുവേട്ടന്‍ വീടെത്തിയതറിഞ്ഞില്ല. ഒന്നും കണ്ടിട്ടില്ലെന്നും കേട്ടിട്ടില്ലെന്നും നടിച്ച്‌ വീട്ടില്‍ കയറിച്ചെന്നു.പതിവുപോലെ ഡ്രസ്സുമാറി, തോര്‍ത്തുടുത്ത്‌ കുളക്കടവിലേക്ക്‌ കുളിക്കാനായി നീങ്ങി. തണുത്ത വെള്ളത്തിലേക്കിറങ്ങി. മനസ്സിലുള്ള അന്നത്തെ എല്ലാ വിചാരങ്ങളെയും കഴുകിക്കളഞ്ഞ്‌, വെള്ളത്തില്‍ മുങ്ങിക്കൊണ്ടേയിരുന്നു. കുളിച്ചു കയറിയപ്പോള്‍ ഉള്ളൊന്ന്‌ ശാന്തമായതായി അയാള്‍ക്കുതോന്നി. ഈറന്‍ മാറി, അത്താഴം കഴിക്കാന്‍ കൈ കഴുകി ഇരുന്നു.മുന്നിലേക്കു ശാരദ നീങ്ങി നിന്നു .``ഇന്ന്‌ അത്താഴത്തിനൊന്നുമില്ല. നിങ്ങളിങ്ങനെ കാലിയായ കടതുറന്നിരുന്നിട്ട്‌ പ്രയോജനമുണ്ടൊ? കാലത്തൊട്ട്‌ വൈകീട്ടുവരെ വെറുതെ കടതുറന്നിരുന്ന്‌ വീട്ടിലെത്തുമ്പൊ അത്താഴമെന്നല്ല വായ്‌ക്കരിയിടാന്‍പോലും വീട്ടിലൊന്നും കാണില്ല. വട്ടെന്നൊക്കെ കേട്ടിട്ടുണ്ട്‌. പക്ഷേ, ഇത്‌ മുഴുവട്ടാണ്‌...''നനഞ്ഞ കൈ കുടഞ്ഞെഴുന്നേറ്റ്‌ ഉമ്മറക്കോലായിലെ കസേരയിലേക്ക്‌ മലര്‍ന്നു. വെട്ടുവഴിയേ പോകുന്ന ആരെങ്കിലും തന്നെ ശ്രദ്ധിക്കുന്നുണ്ടോയെന്ന്‌ ഇരുട്ടിലേക്ക്‌ ചുഴിഞ്ഞുനോക്കിയിരുന്നപ്പോള്‍ ശാരദയുടെ വാക്കുകളല്ല വാസുവേട്ടന്റെ മുന്നിലുണ്ടായിരുന്നത്‌, ബാലന്റെ കുടുംബമായിരുന്നു...  

Friday, May 23, 2014

എന്റെ പത്രാധിപക്കുറിപ്പുകള്‍..2

നമ്മളിനി എത്രത്തോളം കാത്തിരിക്കേണ്ടിവരും?

അടപ്പിച്ച മദ്യശാലകള്‍ തുറക്കുന്നതു സംബന്ധിച്ച കാര്യങ്ങളുടെ തര്‍ക്കവിതര്‍ക്കങ്ങളുടെ സമകാലീന പരിസരത്താണ് ഇതെഴുതുന്നത്.
മറ്റെല്ലാ വിവാദങ്ങളെപ്പോലെയും അധികം വൈകാതെ ഇതും കെട്ടടങ്ങാതിരിക്കില്ല. അപ്പോഴും മദ്യം എന്ന യാഥാര്‍ത്ഥ്യം ഒട്ടേറെ ചോദ്യങ്ങളുമായി അവശേഷിക്കും.
സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന മദ്യവില്പനശാലകള്‍ക്കുമുന്നില്‍ പ്രത്യക്ഷപ്പെടുന്ന നീണ്ട ക്യൂ കാണുമ്പോള്‍ മനുഷ്യസ്‌നേഹികളിലുണ്ടാകുന്ന സന്ദേഹങ്ങള്‍ ഓരോ ദിവസവും ചെല്ലുംതോറും കൂടുകയാണ്.
തൊഴില്‍ ചെയ്ത് ലഭിക്കുന്ന ദിവസക്കൂലിയായ എഴുന്നൂറും എണ്ണൂറും ആയിരവുമൊക്കെ വീടെത്തുമ്പോള്‍ തുച്ഛമായ ഇരുപതോ അമ്പതോ രൂപയായി അവശേഷിക്കുന്നു.
ബാക്കി തുക മുഴുവനായി ചെലവിടുന്നത്, മദ്യം വാങ്ങാനും ലോട്ടറിയെടുക്കുവാനും പണിയില്ലാതിരുന്നപ്പോള്‍ കടംവാങ്ങിയ തുകയുടെ പലിശ കൊടുക്കുവാനുമാണ്. ഒടുവില്‍ കുടുംബം അധോഗതിയാകുന്നു.
ഇനി മദ്യം കുടുംബത്തെ മാത്രമാണോ തകര്‍ക്കുന്നത്? സമൂഹത്തിന് ഭീഷണി ഉയര്‍ത്തുന്ന, സമൂഹത്തെ അരാഷ്ട്രീയ വല്‍ക്കരിക്കുന്ന ഒന്നായും മദ്യം ബാധിച്ചുതുടങ്ങിയത് ഏറെ ആശങ്കാജനകമാണ്. മാഫിയ സംഘങ്ങളിലും ക്വട്ടേഷന്‍ ഗ്രൂപ്പുകളിലും മറ്റുകുറ്റകൃത്യങ്ങളിലും ചെറുപ്പക്കാരെ എത്തിക്കുന്നതില്‍ മദ്യവും ചെറുതെല്ലാത്ത പങ്ക് വഹിക്കുന്നതായി കാണാം. മറ്റൊരു ഭാഗത്ത് സമൂഹത്തിലെ അസമത്വങ്ങള്‍ക്കെതിരെ, അനീതികള്‍ക്കെതിരെ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും സാംസ്‌കാരിക പ്രസ്ഥാനങ്ങളിലും അണിനിരക്കേണ്ട യുവനിരയെ നിര്‍ജ്ജീവാവസ്ഥയിലെത്തിക്കുന്നു. അതുകൊണ്ടാണ് രാഷ്ട്രീയ പ്രവര്‍ത്തനങ്ങളും സാംസ്‌കാരിക പ്രവര്‍ത്തനങ്ങളും കേവലം ചടങ്ങുകളായി പരിതപിക്കുന്നത്.
സമൂഹത്തെക്കുറിച്ച്, സഹജീവികളെ കുറിച്ച് ഉത്കണ്ഠപ്പെടണമെങ്കില്‍  ജാഗ്രതയോടെ ഉണര്‍ന്നിരിക്കുന്ന ഒരകകണ്ണ് നമുക്കാവശ്യമാണ്. ഈ ബോധമനസ്സുകളെ സ്വാര്‍ത്ഥതയുടെ ഇടുങ്ങിയ താല്പര്യങ്ങളിലേക്ക് വഴിതിരിച്ചു വിടുന്നതില്‍ മദ്യം പകരുന്ന ലഹരി ചെറുതല്ല.
ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം നിര്‍ലോഭം മദ്യം ലഭിക്കുന്ന സാഹചര്യങ്ങളെ ഇല്ലായ്മചെയ്യാനുള്ള സത്യസന്ധമായ തീരുമാനങ്ങള്‍ക്കായി നമ്മള്‍ ഇനി എത്രത്തോളം കാത്തിരിക്കേണ്ടി വരും?

സുനില്‍ പി. മതിലകം/പത്രാധിപര്‍/നിറവ് മാസിക/2014 മെയ്‌

Friday, May 2, 2014ഹൃദയപക്ഷം-

എന്റെ എഡിറ്റോറിയലുകള്‍

കുടിവെള്ളം ജന്മവകാശമാണ്

ഇങ്ങനെ ഒരു മുദ്രാവാക്യം നമുക്കുയര്‍ത്തേണ്ടിവരുമെന്ന യാഥാര്‍ത്ഥ്യമറിയാന്‍ തുടങ്ങിയത് ഈ അടുത്തകാലത്താണ്. എല്ലാം വില്പനച്ചരക്കാവുന്ന ഒരു കാലത്ത് കുടിവെള്ളവും കച്ചവടവല്‍ക്കരിക്കപ്പെട്ടതില്‍ അദ്ഭുതമില്ല. ഒട്ടേറെ അപാകതകളുണ്ടെങ്കിലും കേരള സര്‍ക്കാരിന്റെ വാട്ടര്‍ അതോറിറ്റിക്ക് കീഴിലുള്ള കുടിവെള്ള വിതരണം ജനത്തിന് വലിയൊരാശ്വാസമാണ് നല്‍കിവരുന്നത്. പൊതുടാപ്പുകള്‍ വഴിയും ഗാര്‍ഹിക കണക്ഷന്‍ നല്‍കിയും കുടിവെള്ള വിതരണം നിര്‍വ്വഹിച്ചുപോരുന്ന നിലവിലുള്ള സംവിധാനത്തെ ഇല്ലാതാക്കി സ്വകാര്യവല്‍ക്കരിക്കുവാനുള്ള ശ്രമങ്ങളാണ് തകൃതിയായി നടക്കുന്നത്. പൊതുടാപ്പുകള്‍ പൂര്‍ണ്ണമായി ഒഴിവാക്കി ഗാര്‍ഹിക കണക്ഷന്‍ മാത്രം നിലനിര്‍ത്താനും കുപ്പിവെള്ള വിതരണത്തിന് കമ്പനിയുണ്ടാക്കുവാനുമാണ് ഈ ജലദൗര്‍ലഭ്യകാലത്തും വാട്ടര്‍ അതോറിറ്റിയുടെ നീക്കങ്ങള്‍. ജനതയുടെ ജന്മാവകാശമായ കുടിവെള്ളം മുട്ടിക്കുവാനുള്ള ശ്രമങ്ങളെ എന്തു വിലകൊടുത്തും പ്രതിരോധിക്കേണ്ടതുണ്ട്.
ഈ പ്രതിരോധനിര കെട്ടിപ്പടുക്കുന്നതിനോടൊപ്പംതന്നെ ചിലതുകൂടി നമ്മള്‍ ഓര്‍ക്കുകയും നിര്‍വ്വഹിക്കുകയും ചെയ്യേണ്ടതുണ്ട്. ഓരോ തുള്ളി ജലവും അമൂല്യമാണെന്ന ബോധ്യം നമ്മുടെകൂടെയുണ്ടാകണം. അവശേഷിക്കുന്ന നീര്‍ത്തടങ്ങള്‍ സംരക്ഷിക്കപ്പെടണം. പുഴ മണലെടുക്കുവാനുള്ളത് മാത്രമാണെന്ന തലതിരിഞ്ഞ വിചാരം വെടിയണം. മഴവെള്ളം സംരക്ഷിക്കപ്പെടുന്ന ഇടങ്ങളായ വയലുകളും കിണറുകളും കുളങ്ങളും സംരക്ഷിക്കപ്പെടണം. കച്ചവട താത്പര്യത്തോടെ ഇതെല്ലാം തുടച്ചുനീക്കുന്നത് ജീവന്റെ നിലനില്പിനു തന്നെ ഭീഷണിയാണെന്ന തിരിച്ചറിവ് നമുക്കുണ്ടാകണം.
സുനില്‍ പി.മതിലകം/2013 മെയ്‌

Tuesday, July 2, 2013

കഥ  
ഉറങ്ങാത്ത അമ്മ

സുനില്‍ പി.മതിലകം

-ന്റെ കുഞ്ഞീനെ കണ്ടോ....
കുഞ്ഞുലക്ഷ്മിയേ... മുന്നില്‍ വന്നുപെട്ട അന്വേഷണത്തില്‍ ആദ്യമൊന്നമ്പരന്നു. കുഞ്ഞുലക്ഷ്മി ആരാണ്? അവള്‍ക്കെന്തുപറ്റി? ഈ സ്ത്രീയും അവരും തമ്മിലുള്ള ബന്ധം?
ആകെ മുഷിഞ്ഞ വേഷം. അഴിച്ചിട്ട അലസമായ തലമുടി. ആരെയോ ഭയന്ന ഭാവം. കുഴിഞ്ഞ കണ്ണുകളിലെ നനവ്...
എന്നെ മറികടന്ന് മുന്നോട്ടുപോയ ആ സ്ത്രീ മറ്റുപലരോടും കുഞ്ഞുലക്ഷ്മിയെ അന്വേഷിക്കുന്നതായി കണ്ടു.
-ഇവരന്വേഷിക്കുന്ന കുഞ്ഞുലക്ഷ്മിയേതാ?
അടുത്തുള്ള തട്ടുകടക്കാരനോടു തിരക്കി.
- ആ..... ആര്‍ക്കറിയാം. അവര്ക്ക് മുച്ചിപിരാന്താ, ആരെ കണ്ടാലും അവര് ഒരു കുഞ്ഞുലക്ഷ്മിയെ തിരക്ക്ണത് കാണാം...
അയാളുടെ മറുപടിയില്‍ സ്വസ്ഥമാകാതെയാണ് ബസ്സില്‍ കയറിയിരുന്നത്. അവിടേന്ന് മടങ്ങുമ്പോഴും ആ സ്ത്രീയുടെ രൂപമായിരുന്നു ഉള്ളുനിറയെ...
മകളെ മാറോടുചേര്‍ത്തുകിടത്തി, മറ്റാരും ശ്രദ്ധിക്കാത്തവിധം പുതച്ച് കിടത്തിയിട്ടും ഉറക്കം വരാതെ ഉണര്‍ന്നിരിക്കുന്ന ഒരമ്മ.
പീടികവരാന്തയിലെ രാത്രി അഭയം ആ അമ്മയെ ഭയപ്പെടുത്തി. പുറത്തുനിന്ന് കേള്‍ക്കുന്ന വര്‍ത്തമാനങ്ങള്‍ കൂടുതല്‍ ഭയാനകമാണ്. സ്വന്തമായി ഒരു കൂരപോലുമില്ലാതെ, സ്‌കൂളില്‍ പഠിക്കുന്ന മകളെ എത്രനേരം ചിറകിലൊളിപ്പിച്ചുവെയ്ക്കാന്‍ കഴിയും.
മുന്നിലൂടെ കടന്നുപോകുന്ന കണ്ണുകളേറെയും ആര്‍ത്തിപൂണ്ടവയാണ്. തന്റെ കുരുന്നിനെ കൊത്തിവലിച്ച് കീറിപ്പറിച്ചിടാന്‍ തക്കം പാര്‍ത്ത് നടക്കുകയാണവര്‍...
സ്‌കൂളിലേക്ക് പോകാന്‍ മുടിചീകി ഒതുക്കിക്കൊടുക്കുമ്പോള്‍, മകളോട് അമ്മ ഇതെല്ലാം ഓര്‍മ്മപ്പെടുത്താറുണ്ട്. ഒരുദിവസം സ്‌കൂളില്‍നിന്ന് മകളെത്തേണ്ട സമയം കഴിഞ്ഞപ്പോ അമ്മയ്ക്ക് ഇരുപ്പുറച്ചില്ല. അവര്‍ തെരുവിലൂടെ ഓടി. സ്‌കൂളിന്റെ മുന്നിലെത്തുമ്പോഴേക്കും അമ്മ ആകെ തളര്‍ന്നിരുന്നു.
ഗെയ്റ്റ് താഴിട്ടു പൂട്ടിയിരിക്കുന്നു.
മോളേ കുഞ്ഞുലക്ഷ്മി... കുഞ്ഞുലക്ഷ്മി...
ഗെയ്റ്റില്‍ പിടിച്ച് ഉച്ചത്തില്‍ വിളിച്ചു. അതൊരു നിലവിളിയായി തെരുവാകെ, നാടായ നാടാകെ പ്രകമ്പനംകൊണ്ടു.

-യെന്റെ കുഞ്ഞിനെകണ്ടോ... കുഞ്ഞുലക്ഷ്മിയേ...

Saturday, June 22, 2013

കഥ 
കൃഷിപാഠം
സുനില്‍ പി. മതിലകം

ച്ചക്കറികൃഷിക്ക് മാരക കീടനാശിനിയും രാസവളങ്ങളും പ്രയോഗിക്കുന്ന കര്‍ഷകനായ അച്ഛനെതിരെ, സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ മകന്‍ പ്രതികരിച്ചത് കുടുംബവഴക്കോളമെത്തി. 
കീടനാശിനിയും രാസവളവും മനുഷ്യനിലുണ്ടാക്കുന്ന മാരകരോഗങ്ങളെക്കുറിച്ച് അവന്‍ ക്ലാസില്‍ നിന്ന് പഠിച്ചിട്ടുണ്ട്. എന്‍ഡോസള്‍ഫാന്‍ എന്ന കീടനാശിനി ഒരു പ്രദേശത്തെയാകെ വിഴുങ്ങിയ ഭീകരചിത്രങ്ങള്‍  പത്രങ്ങളിലും ടെലിവിഷനിലും കണ്ടുനടുങ്ങിയിട്ടുണ്ട്. മനുഷ്യരെയും മണ്ണിനെയും കൊല്ലാതെ കൊല്ലുന്ന ഇത്തരം 'വിഷ'ങ്ങളൊന്നുമില്ലാതെ ജൈവവളങ്ങളും ജൈവകീടനാശിനികളും മാത്രം പ്രയോഗിച്ചുള്ള പച്ചക്കറിത്തോട്ടം സ്‌കൂള്‍ മുറ്റത്ത് കൂട്ടുകാരുമൊത്ത് ഉണ്ടാക്കി, വിളവെടുത്തതിന്റെ ആവേശവും അനുഭവവുമാണ് അച്ഛനോട് പ്രതികരിക്കുവാനുള്ള ത്രാണി അവനിലുണ്ടാക്കിയത്. 
വാദത്തിന്റെയും പ്രതിവാദത്തിന്റെയും രത്‌നചുരുക്കമിതായിരുന്നു:
 നിന്നെ സ്‌കൂളില്‍ വിടുന്നത് എന്നെ ഉപദ്ദേശിക്കാനാണോയെന്ന് അച്ഛന്‍.
 ഞാന്‍ പഠിക്കുന്നത്, പരീക്ഷയില്‍ മാര്‍ക്കുവാങ്ങാന്‍ മാത്രമല്ലെന്ന് മകന്‍.
 ഇതെല്ലാം പ്രയോഗിക്കുന്നത് നമുക്ക് ജീവിക്കാനാണെന്ന് പറഞ്ഞ്, അച്ഛനവന്റെ വായട്‌യ്ക്കാന്‍ ശ്രമിച്ചെങ്കിലും നമ്മള്‍ ജീവിക്കണമെങ്കില്‍ മറ്റുള്ളവര്‍ കൂടി ജീവിച്ചിരിക്കേണ്ടെയെന്നു പറഞ്ഞ് മകനും വിട്ടുകൊടുത്തില്ല. ഒടുവില്‍ അവന്റെ വാക്കുകള്‍ അച്ഛന്‍ സ്വീകരിച്ചോ നിരസിച്ചോ എന്നൊന്നും എനിക്കറിയില്ല. 
പക്ഷേ, ഒന്നുണ്ട്, അത് സ്വീകരിക്കാനോ നിരസിക്കാനോയുള്ള അവകാശം നിങ്ങള്‍ക്ക് വകവെച്ചുതരാന്‍ എനിക്കൊട്ടും അമാന്തമില്ല.

Wednesday, June 19, 2013

വായനയുടെ മഹത്വം ഉദ്‌ഘോഷിച്ചുകൊണ്ട് മറ്റൊരു വായനാവാരം കൂടി പിന്നിടുകയാണ്. ഈ സന്ദര്‍ഭത്തില്‍ വായനയുടെ സമകാലിക പരിസരം കൂടി ഒരു തുറന്ന സംവാദത്തിനായി തുറന്നിടുന്നത് അഭികാമ്യമായിരിക്കുമെന്ന് വിചാരിക്കുന്നു.
വായനയിലൂടെ നേടിയെടുത്ത അറിവ്, തന്റെ സ്വകാര്യമായ ഒരനുഭൂതിക്കുവേണ്ടി മാത്രമായല്ല നമുക്കുമുമ്പേ കടന്നുപോയവര്‍ ഉപയോഗപ്പെടുത്തിയത, താന്‍ ജീവിക്കുന്ന സമൂഹത്തിനുവേണ്ടി, തന്റെ സഹജീവികള്‍ക്കുവേണ്ടിയെല്ലാം അറിവിനെ ഉപയുക്തമാക്കി. അങ്ങനെയാണ് സ്വാതന്ത്ര്യസമരത്തെയും നവോത്ഥാനമുന്നേറ്റങ്ങളെയും പുരോഗമന പോരാട്ടങ്ങളെയും കൂടുതല്‍ ചലനാത്മകമാക്കിയത്. അങ്ങനെ നേടിയെടുത്ത പല അവകാശങ്ങളും അനുഭവിക്കാന്‍ അവരില്‍ പലര്‍ക്കും സാധിച്ചില്ലെങ്കിലും പിറകേ വന്നവര്‍ അതിന്റെ സൗജന്യം അനുഭവിച്ചു, അനുഭവിച്ചുകൊണ്ടിരിക്കുന്നു...
അത്തരം പ്രവര്‍ത്തനങ്ങളിലൂടെ, പോരാട്ടങ്ങളിലൂടെ കുടഞ്ഞുകളയുകയും തൂത്തെറിയുകയും ചെയ്ത പല മാമൂലുകളെയും എടുത്തണിയുവാനും പുനഃസ്ഥാപിക്കാനും പല തത്പരകക്ഷികളും ശ്രമിച്ചുകൊണ്ടിരിക്കുകയാണ് ഇന്ന്. നേടിയെടുത്ത പല അവകാശങ്ങളെയും സ്വാതന്ത്ര്യത്തെയും തള്ളിപ്പറയുന്നു ഈ കൂട്ടര്‍.
ജീവിതവിജയം നേടാനും വെട്ടിപ്പിടിക്കാനുമുള്ള തന്ത്രങ്ങളും കുതന്ത്രങ്ങളും വിളമ്പിവെക്കുന്ന പുസ്തകങ്ങള്‍ക്കും അത്തരം വായനയ്ക്കുമാണ് ഇന്നേറെ മാര്‍ക്കറ്റ് ലഭിക്കുന്നത്. - മറ്റൊരു വിഭാഗമാണെങ്കില്‍ കേവലം മത്സരപ്പരീക്ഷയുടെ കടമ്പ കടന്ന് സര്‍ക്കാര്‍ജോലി നേടിയെടുക്കുക എന്ന സങ്കുചിതമായ വായനയില്‍ മാത്രം അഭിരമിക്കുന്നു. അത്തരത്തില്‍ നേടിയെടുക്കുന്ന അറിവിന്റെ കുഴപ്പമാണ്, അവര്‍ നേടിയെടുത്ത സര്‍ക്കാര്‍ജോലിയുടെ ബലത്തില്‍, തന്റെ മുന്നില്‍ ഒരപേക്ഷയുമായി വന്നുനില്‍ക്കുന്ന സഹജീവിയെ പരുഷമായ വാക്കുകള്‍ ഉപയോഗിച്ച് നേരിടുന്നത്.  വായനയിലൂടെ നേടുന്ന അറിവ് മനുഷ്യന്റെ  നന്മയിലേക്കുള്ള വെട്ടമായിരിക്കണം എന്നുമാത്രം ഓര്‍മ്മപ്പെടുത്താനാണ് ഇത്രയും കുറിച്ചത്...

Friday, June 14, 2013

കുട്ടികള്‍ക്കുള്ള കഥ
അച്ഛാച്ചന്റെ സൈക്കിള്‍

സുനില്‍.പി.മതിലകം

വീട്ടിലിപ്പൊ തനിച്ചാണ്. ടി.വി. റിമോട്ട് കിട്ടുന്നത് സമ്മാനം കിട്ടുന്നതുപോലെയാണെന്ന് അഭിജിത്ത് അന്നേരം ഓര്‍ത്തു. എന്നിട്ടും ഉള്ളിലൊരു സന്തോഷമില്ലായ്മ. കാര്‍ട്ടൂണ്‍ ചാനലുകളില്‍ മാറിമാറി പോയിക്കൊണ്ടിരുന്നപ്പോഴും അതിലൊരു മാറ്റമുണ്ടായില്ല. പുറത്തേക്കിറങ്ങി കളിക്കാമെന്നുവെച്ചാ ഒരു കൂട്ടം വിലക്കുകളാണ്. കൂട്ടുകാരുടെ ഒച്ചയോ അനക്കമോ ഇല്ല. അവരെല്ലാം എവിടെ പോയാവോ? എവിടെ പോകാന്‍, തന്നെപ്പോലെ അവരും വാതിലടച്ചങ്ങനെ ടി.വി.കാണുന്നുണ്ടാകും.
ട്ണിം...ട്ണിം...ട്ണിം...
പുറത്ത് സൈക്കിളിന്റെ ബെല്‍. തിടുക്കത്തിലെഴുന്നേറ്റ് വാതില്‍ തുറന്നു. പക്ഷേ, പുറത്ത് ആരെയും കണ്ടില്ല. റോഡെ ആരെങ്കിലും പോയതാകും. ഇനിയത് തനിക്ക് തോന്നിയതാകുമോ? അവന്‍ പിന്‍തിരിഞ്ഞു.
ട്ണിം... ട്ണിം... ട്ണിം...
വീണ്ടും ബെല്‍.
''അമ്പട കള്ളാ നീയായിരുന്നോ?!''
അത്ഭുതം അടക്കാനായില്ല. പോര്‍ച്ചിന്റെ ഒരു വശം ഒതുക്കിവെച്ചിരുന്ന അച്ഛാച്ചന്റെ സൈക്കിളിന്റെ ബെല്ലാണ് തനിയെ കിടന്നടിക്കുന്നത്.
അഭിജിത്ത് സൈക്കിളിന്റെ അരികിലേക്കിറങ്ങിച്ചെന്നു. അച്ഛാച്ചന്‍ മരണപ്പെട്ടതിനുശേഷം മൂപ്പര് പൂര്‍ണ്ണവിശ്രമത്തിലാണെന്നു തന്നെ പറയാം.
അച്ഛന്‍ ടൂവീലര്‍ വാങ്ങിയതോടെ സൈക്കിളിനെ കണ്ട ഭാവമേയില്ല. സൈക്കിളിനെ പാടേ മറന്നതുപോലെ. പൊടിയും മാറാലയും പിടിച്ചടക്കിയ സൈക്കിളില്‍ തുരുമ്പ് പറ്റാവുന്നിടത്തൊക്കെ പറ്റിക്കയറിയിട്ടുണ്ട്. പുറകുവശത്ത് പോയി ഒരു തുണി കഷണം എടുത്തുകൊണ്ടുവന്ന് സൈക്കിള്‍ തുടച്ചു വൃത്തിയാക്കാന്‍ തുടങ്ങി. വൃത്തിയായ സൈക്കിളിനെ അവന്‍ മെല്ലെ തലോടി.
ഈ സൈക്കിളിലിരുത്തി അച്ഛാച്ചന്‍ തന്നെ എവിടെയെല്ലാം കൊണ്ടുപോയിരിക്കുന്നു.
ഉത്സവപ്പറമ്പുകളിലെ മേളപെരുക്കത്തിനും ആനക്കാഴ്ചകള്‍ക്കും കച്ചവടക്കാര്‍ക്കുമിടയില്‍...
കണ്ടാലും കണ്ടാലും മതിവരാത്ത കടപ്പുറത്ത്...
അങ്ങാടിയിലെ രാമേട്ടന്റെ ചായക്കടയില്‍...
''നീയെന്തായിത്ര ആലോചിക്കുന്നതെന്ന് എനിക്കറിയാട്ട്വൊ...''
ശബ്ദം കേട്ടപ്പോ, തിരിഞ്ഞുനോക്കി. അടുത്താരുമില്ല.
''സംശയിക്കേണ്ട, ഞാന്‍ തന്നെ...''
സൈക്കിള്‍ പറഞ്ഞു.
സൈക്കിളിനോട് കൂടുതല്‍ വാത്സല്യം തോന്നി.
''നീയിങ്ങനെ തനിച്ച് വീടിനകത്തിരുന്നാ മുഷിയില്ലെ? ഇടക്ക് പുറത്തേക്കൊക്കെ ഇറങ്ങിക്കൂടെ...?''
''ഇറങ്ങണംന്ന് ആശയില്ലാതല്ല, ആരെങ്കിലും കൂട്ടുകൂടാന്‍ വേണ്ടെ? ഇനി ആരെങ്കിലും കൂട്ടുകൂടാന്‍ വന്നാപ്പിന്നെ അവര്‍ക്കില്ലാത്ത കുറ്റോം കുറവും പറയാനാ അച്ഛനും അമ്മയ്ക്കും തിടുക്കം. ഞാനായിട്ടെന്തിനാ അവര്‍ക്കൊക്കെ വഴക്കടിക്കണം. അതോണ്ടാ ഞാനിറങ്ങാത്തത്..''
''അതിനെന്താ, നിനക്കിപ്പൊ ഞാനുണ്ടല്ലോ. ഇനി നമുക്കൊന്ന് പുറത്തേക്കിറങ്ങാം. പതുക്കെയൊന്ന് എന്നെ താഴേയ്ക്ക് ഇറിക്കിക്കൊള്ളൂ...''
സൈക്കിളിനെ സ്റ്റാന്റില്‍ നിന്ന് തട്ടി, പുറത്തേക്കിറക്കി.
പുറത്തിറക്കിയ സൈക്കിളിനെ വീണ്ടും സ്റ്റാന്റില്‍ തന്നെ വെയ്ക്കാന്‍ തുടങ്ങവേ സൈക്കിള്‍ പറഞ്ഞു.
''ഇതിപ്പാ കാര്യം! ഇതിനാണോ ഞാന്‍ പുറത്തേക്കിറക്കാന്‍ പറഞ്ഞത്!
എനിക്കുമേല്‍ കയറി മുന്നോട്ട് ചവിട്ടിക്കോളൂ. സൈക്കിള്‍ ചവിട്ടാനൊക്കെ അച്ഛാച്ചന്‍ പഠിപ്പിച്ചിട്ടുണ്ടല്ലൊ. അമാന്തിക്കാണ്ട് കയറിക്കോളൂ. ബാക്കി കാര്യം ഞാനേറ്റെന്നെ...''
ഒട്ടും ശങ്കിക്കാതെ സൈക്കിളിലേക്ക് ചവിട്ടികയറി, മുന്നോട്ടാഞ്ഞ് ചവിട്ടി. സൈക്കിള്‍ നീങ്ങി.
വഴിക്കുവെച്ച് കൂടെ പഠിക്കുന്ന പലരേയും കണ്ടു. സൈക്കിള്‍ നിര്‍ത്തി സംസാരിച്ചു.
രാമേട്ടന്റെ കടയ്ക്ക് മുന്നിലെത്തിയപ്പോള്‍, സൈക്കിള്‍ പുറത്തുവെച്ച് അങ്ങോട്ടു കയറി.
ചായയും പരിപ്പുവടയും നിര്‍ബന്ധിച്ച് കഴിപ്പിച്ചാണ് രാമേട്ടന്‍ പറഞ്ഞുവിട്ടത്. പഴയ തിരക്കും വര്‍ത്തമാനവുമൊന്നും രാമേട്ടന്റെ കടയിലിപ്പോള്‍ കണ്ടില്ല. അച്ഛാച്ചനും കൂട്ടുകാരും കൂട്ടംകൂടിയിരിക്കുവാറുള്ള അമ്പലപറമ്പിലേക്കാണ് പിന്നീട് പോയത്. അമ്പലപറമ്പിലെ പൂഴിമണലിപ്പോള്‍ കോണ്‍ക്രീറ്റ് തറയോട് വിരിച്ച് കളര്‍ പൂശിയിരിക്കുന്നു. അമ്പലപറമ്പിലെ സായംസന്ധ്യ വല്ലാതെ മാറിപ്പോയതായി തോന്നി. രസവട്ടക്കൂട്ടങ്ങളൊന്നും അധികം കണ്ടില്ല.
ഒടുവില്‍ കടപ്പുറത്തെത്തിയിരിക്കുന്നു.
''നീ കൊള്ളാലോ, പഴയ സ്ഥലങ്ങളൊന്നും മറന്നിട്ടില്ലല്ലൊ... നമുക്കിനി ഒഴിവ് കിട്ടുമ്പോഴൊക്കെ ഇങ്ങനെ കറങ്ങാന്‍ വരട്ട്വൊ...'' സൈക്കിള്‍ പറഞ്ഞു.
''നീ, ആ സൈക്കിളെടുത്ത് വല്ല ആക്രി കച്ചവടക്കാരനും വരുമ്പോ കൊടുക്കണം. ഇനി അതൊന്നും കൊള്ളില്ല. സ്ഥലം കളയാന്‍ അതവിടെ ഇട്ടിട്ട് കാര്യല്ല.''
കഴിഞ്ഞദിവസം അമ്മയോട് അച്ഛന്‍ പറഞ്ഞ വാക്കുകള്‍ അന്നേരം ഓര്‍ത്തപ്പൊ സങ്കടമായി.
കടല്‍ ശാന്തമാണ്. കടലിന്റെ നീലിമയില്‍ കണ്ണുംനട്ടിരുന്നപ്പോ വല്ലൊത്തൊരു ആശ്വാസം തോന്നി.
നാളെ അച്ഛനോട് പറയണം
''എനിക്ക് സ്‌കൂളില്‍ പോകാന്‍ ഈ സൈക്കിള്‍ മതിയെന്ന''
തുരുമ്പെല്ലാം ഉരച്ച് വൃത്തിയാക്കി പെയിന്റടിച്ചാല്‍ ഇവന്‍ സുന്ദരക്കുട്ടനാവും.''
''നീയിപ്പോ വിചാരിച്ചത് എന്തെന്ന് എനിക്കറിയാം. ഏതായാലും നിന്റെ തീരുമാനം എന്നെ എത്ര ആഹ്‌ളാദിപ്പിച്ചെന്നോ... ഞാന്‍ ആക്രിക്കാരന് ഇരയുമാവില്ല, നിനക്കാണെങ്കില്‍ ഒരു കൂട്ടുമാകും''
സൈക്കിള്‍ പറഞ്ഞു.
അവര്‍ വീട്ടിലേക്ക് തിരിച്ചു...
                                                                  ('യൂറിക്ക' യില്‍ പ്രസിദ്ധീകരിച്ചത്...)