Saturday, October 15, 2011

ഇലകള്‍ക്കും മുള്ളുകള്‍ക്കും ഇടയില്‍ ഒരു പൂവ്‌ 
സുനില്‍ പി. മതിലകം
 ര്‍ണ്ണ പോസ്റ്ററില്‍ ചിരിമാഞ്ഞ ഘോഷിന്റെ ചിത്രം കണ്‍നിറഞ്ഞ്‌ കണ്ടു. തെരുവിന്റെ ബഹളത്തില്‍നിന്നും അരങ്ങ്‌ തോരണങ്ങളുടെ ഇടയില്‍നിന്നും മാറി, അന്തിച്ചുവപ്പിന്റെ വെളിച്ചപ്പാളികള്‍ വീണുകിടക്കുന്ന പീടികത്തിണ്ണയുടെ ഒരു കോണില്‍ ഇരുന്നു.
വാങ്ങിക്കൊടുത്ത പരിപ്പുവട ചവച്ചുകൊണ്ട്‌ ശ്രുതിമോളും കൂടെയുണ്ട്‌.
... വമ്പിച്ച പ്രകടനം ഉടനെ ആരംഭിക്കുന്നു....
മൈക്കിലൂടെ വിളിച്ചറിയിച്ചുകൊണ്ട്‌ ഒരു ജീപ്പ്‌ അങ്ങാടിയിലേക്ക്‌ കടന്നുവന്നു. ഉറക്കച്ചടവുള്ളകണ്ണുകള്‍ നനഞ്ഞു. നിറംകെട്ടുതുടങ്ങിയ സാരിത്തലപ്പുകൊണ്ട്‌ കണ്ണുകളൊപ്പി.
അവന്റെ ഓര്‍മ്മകള്‍ വല്ലാതെ പിടിച്ചുലച്ചപ്പോള്‍ മുന്നില്‍ തെരുവില്ല.
അജയഘോഷിന്‌ അന്ന്‌ എത്ര വയസ്സുണ്ടായിരുന്നു? ഇരുപത്തിയഞ്ചിന്റെ നടപ്പിലാണ്‌ അവനെ നഷ്‌ടപ്പെട്ടതെന്നോര്‍ത്തെടുത്തു. മുലചുരന്നത്‌ അവന്‌ വേണ്ടി മാത്രമായിരുന്നു. പകുത്ത്‌ കൊടുക്കാന്‍ വേറെ മക്കളൊന്നും ഉണ്ടായിരുന്നില്ലല്ലൊ..
``അമ്മേ, ഓടിട്ട ഒരു വീട്‌ നമുക്ക്‌ വേണം ..''
``അതിന്‌ നിന്റേല്‌ പണം ഇരിയ്‌ക്ക്‌ണ്‌ണ്ടാ..?''
``ഞാന്‍ പണിചെയ്‌ത്‌ ഒരു വീട്‌ വയ്‌ക്കും. കാറ്റും വെട്ടവും കടന്ന്‌ വരുന്ന ഒരു മുറി എനിക്ക്‌ വേണം. പുസ്‌തകങ്ങള്‍ വയ്‌ക്കാന്‍ റാക്ക്‌...മേശ...കസേര.. ഇതൊക്കെ അതില്‌ വേണം ''
ഇടയ്‌ക്കിടെ ഘോഷ്‌ പറഞ്ഞുകൊണ്ടേയിരുന്ന ഒരു വലിയ സ്വപ്‌നം ഇതായിരുന്നു.
തെങ്ങോലക്കൊണ്ട്‌ മേഞ്ഞ, കുത്തിമറിച്ച കൂരയുടെ വീര്‍പ്പുമുട്ടലുകളിലാണ്‌ അവന്‍ പഠിച്ചത്‌. പറമ്പുകളില്‍ പണിക്കുപോകുന്ന അച്ഛന്‍ വിശപ്പ്‌ എന്തെന്ന്‌ അവനെ അറിയിച്ചിട്ടില്ല. കോളേജില്‍ വിട്ട്‌ ഡിഗ്രിവരെ പഠിപ്പിച്ചു.
നാണംകുണുങ്ങിയായിരുന്ന മോന്‍ എത്രപൊടുന്നനെയാണ്‌ ഒരു ഗൗരവക്കാരനായതെന്ന്‌ പലപ്പോഴും ആലോചിക്കാറുണ്ട്‌.
അവന്‍ പറയുന്നതൊന്നും തനിക്ക്‌ മനസ്സിലാകാതെയായി. ചോറും കറിയും മൂടിവച്ച്‌, നെഞ്ചിടിപ്പോടെ കാത്തിരുന്ന എത്രയെത്ര രാത്രികള്‍ . ഇടയ്‌ക്കിടെ അങ്ങാടിയിലുണ്ടാകുന്ന സംഘര്‍ഷത്തിന്റെ ഒരറ്റത്ത്‌ ഘോഷിന്റെ പേരും കേള്‍ക്കാന്‍ തുടങ്ങിയപ്പോഴാണ്‌ അതൊരുവല്ലാത്ത ആധിയായത്‌. അന്നേരം അവന്റെ അച്ഛന്‍ ഒന്നും മിണ്ടാതെയിരിക്കുന്നത്‌ കാണുമ്പോഴാ തനിക്ക്‌ കൂടുതല്‍ കലിവരിക. മകന്‍ നേതൃത്വം കൊടുക്കുന്ന ജാഥയില്‍ ഒരു കണ്ണിയായി ചിലപ്പോ അച്ഛനേയും കാണാം...
പരിപ്പുവടയുടെ അവസാന അടരും ചവച്ചുകഴിഞ്ഞു. കൈകൊണ്ട്‌ ചിറി തുടച്ച്‌ വൃത്തിയാക്കി. തെരുവിന്റെ ശബ്‌ദങ്ങളിലേക്കായി ശ്രദ്ധ. ചുമരായ ചുമരിലൊക്കെ അച്ഛന്റെ ഫോട്ടോകള്‍ നിറഞ്ഞിരിക്കുന്നത്‌ കൗതുകത്തോടെ കണ്ടു. അച്ഛമ്മ കാണിച്ചുതന്നിട്ടുള്ള അതേ ഫോട്ടോ. അത്‌ ചെറുതായിരുന്നു. ഇത്‌ വലിയതാണ്‌.
അമ്മയുടെ രൂപം അന്നേരം ഓര്‍ക്കാന്‍ ശ്രുതിമോള്‍ ശ്രമിച്ചു.
അമ്മ തന്നെ എന്തിന്‌ ഇട്ടേച്ച്‌ പോയ്യെന്ന്‌ പലവട്ടം വ്യസനപ്പെട്ടു. കൂട്ടുകാരുടെ അച്ഛന്‍, അമ്മ.. അവര്‍ ചെയ്‌തുകൊടുക്കുന്ന ഓരോരോ കാര്യങ്ങള്‍..
അന്നേരങ്ങളിലാണ്‌ ഈ വ്യസനം കൂടാറ്‌.
അച്ഛന്‍, നേതാവായിരുന്നുവെന്ന്‌ അച്ചമ്മ പറഞ്ഞിട്ടുണ്ട്‌. ഒരു ദിവസം രാത്രിയില്‍ വീട്ടില്‍നിന്ന്‌ പിടിച്ചിറക്കിയാണ്‌ അവര്‍ അച്ഛനെ വെട്ടിക്കൊന്നത്‌. അച്ഛമ്മയുടെയും അമ്മയുടേയും കരച്ചല്‍ ഇന്നും കാതില്‍ മുഴങ്ങുന്നു. വിങ്ങിപ്പൊട്ടി തളര്‍ന്ന്‌ വീണ അച്ഛാച്ചന്‍...
കുറച്ചുനാള്‍ കഴിഞ്ഞപ്പോഴാണ്‌ അങ്ങാടിയില്‍വച്ചുനടന്ന സമ്മേളനത്തില്‍ വലിയൊരു നേതാവ്‌ ചെക്ക്‌ തന്നത്‌. പിറ്റേന്ന്‌ പാര്‍ട്ടിക്കാര്‍ക്കും അച്ഛമ്മയ്‌ക്കും ഒപ്പം ബാങ്കില്‍ പോയി ചെക്ക്‌ കൊടുത്തത്‌..
സ്‌കൂള്‍ തുറന്നപ്പൊ പുതിയ ഡ്രസ്സ്‌ വാങ്ങാനും പുസ്‌തകം വാങ്ങാനും പൈസയില്ലാതെ അച്ഛമ്മ വിഷമിച്ചിരിക്കുമ്പോഴാണ്‌ ബാങ്കില്‍ കൊടുത്ത ചെക്കിന്റെ കാര്യം ഓര്‍മ്മപ്പെടുത്തിയത്‌.
``ശ്രുതിമോളെ.., അതിപ്പൊ എടുക്കാന്‍ പറ്റില്ല. മോള്‍ വലിയ പെണ്ണ്‌ ആകുമ്പോഴെ, എടുക്കാന്‍ പറ്റൂ..'' അച്ഛമ്മ പറഞ്ഞു.
`` ഈ വാഹനത്തിന്റെ തൊട്ടുപുറകിലായി..'' ജാഥ കടന്നുവരുന്നത്‌ അറിയിച്ചുകൊണ്ടുള്ള ജീപ്പ്‌ പതുക്കെ അങ്ങാടിയിലേക്ക്‌ പ്രവേശിച്ചു. മുന്നില്‍ വലിച്ചുപിടിച്ച ബാനര്‍. പിന്നില്‍ കൊടികള്‍ കയ്യിലേന്തി നേതാക്കള്‍.. തൊണ്ട പൊട്ടുമാറുച്ചത്തില്‍ മുഷ്‌ടികള്‍ അന്തരീക്ഷത്തിലേക്ക്‌ ചുരുട്ടി മുദ്രാവാക്യം വിളിച്ചുകൊടുക്കുന്നവര്‍ വരിയില്‍നിന്ന്‌ തെന്നി നടന്നു. മുദ്രാവാക്യം വിളിച്ചുകൊടുക്കുന്നവരുടെ ആവേശത്തിലോ ഉച്ചത്തിലോ ഏറ്റുവിളിക്കാന്‍ പലര്‍ക്കുമാകുന്നില്ല. നീണ്ടുപുളഞ്ഞ ജാഥയുടെ ഏറ്റവും പുറകില്‍ ജാഥയിലെ ഒരു കണ്ണിയായി നടന്നു.
``എന്താ ഗിരീഷേ, ഒരു ഉഷാറില്ലാത്തമാതിരി...?''
പുറകിലുള്ള വാസുവേട്ടന്റെ ചോദ്യത്തിന്‌ പുറംതിരിഞ്ഞ്‌
``ഏയ്‌ ഒന്നുമില്ല...''
എന്ന്‌ പറഞ്ഞൊഴിഞ്ഞു.
അങ്ങാടിലിലെ അലക്ഷ്യമായ കാഴ്‌ചകളില്‍ തട്ടി നീങ്ങവെ തെല്ലിട നിന്നുപോയി.
ഘോഷിന്റെ അമ്മയും മകളും അവിടെ പീടികത്തിണ്ണയില്‍ ഇരിക്കുന്നു.
മനസ്സ്‌ കൂടുതല്‍ കലുഷമായി. ആ ഭാഗത്തേക്ക്‌ പിന്നെ നോക്കാനേ കഴിഞ്ഞില്ല. യാന്ത്രികമായി മുന്നോട്ട്‌ ചലിക്കുമ്പോഴും കാലുകള്‍ പിറകോട്ട്‌ വലിക്കുന്നത്‌ പോലെ..
കോളേജ്‌ ജീവിതകാലത്തേക്കാണ്‌ എത്തിയത്‌. സജീവ വിദ്യാര്‍ത്ഥിരാഷ്‌ട്രീയം കൊണ്ടുനടക്കുമ്പോഴും കോളേജിലെ പഠിപ്പിസ്റ്റുകളില്‍ അജയഘോഷും ഉണ്ടായിരുന്നു. ഇതിനെല്ലാം പുറമേ, ഒരു പ്രണയവും. ഉമൈബാന്‍ എന്ന കൊലുന്നനെയുള്ള പെണ്‍കുട്ടി. പ്രായത്തിനപ്പുറം പ്രകടമാകുന്ന പക്വത. പഠിക്കാന്‍ മിടുക്കി. സംസാരപ്രിയ. ഏവരേയും ആകര്‍ഷിക്കുന്ന വശ്യത..
അവന്റെ ആശയാദര്‍ശങ്ങളുള്ളവള്‍ തന്നെ. കടല്‍ തീരത്തോ ഐസ്‌ക്രീം പാര്‍ലറുകളിലോ സിനിമാ തിയ്യേറ്ററുകളിലോ, ഇന്റര്‍നെറ്റ്‌ കഫേകളിലോ അവരെ കണ്ടില്ല. ചുമരുകളില്‍ അവര്‍ കോറിയിടപ്പെട്ടില്ല.
ക്യാംപസ്സിനകത്ത്‌ തളിരിട്ട്‌ പൂത്തുലഞ്ഞു നിന്ന പ്രണയം.
മൂന്നാം വര്‍ഷ ഡിഗ്രി കഴിഞ്ഞിറങ്ങിയത്‌, അവര്‍ കോലാഹലമുയര്‍ത്തിയ ഒരു തീരുമാനത്തിലേക്കായിരുന്നു. വീട്ടുകാരുടെ ശക്തമായ എതിര്‍പ്പിനെ മറികടന്നാണ്‌ ഉമൈബാന്‍ ഘോഷിനെ തന്റെ ജീവിതത്തിലേക്ക്‌ സ്വീകരിച്ചത്‌.
പാര്‍ട്ടിക്കാരുടേയും ഞാനുള്‍പ്പടെയുള്ള സഹപാഠികളുടേയും സാന്നിദ്ധ്യത്തില്‍ ലളിതമായ ചടങ്ങിലാണ്‌ ആ ശ്രദ്ധേയമായ വിവാഹം നടന്നത്‌. അവളുടെ ആങ്ങളമാരില്‍നിന്ന്‌ കടുത്ത ഭീഷണികളെയാണ്‌ അവന്‌ നേരിടേണ്ടിവന്നത്‌.
അസൗകര്യങ്ങള്‍ക്കിടയിലും അവരെ സ്വീകരിക്കാന്‍ ഘോഷിന്റെ മാതാപിതാക്കള്‍ അമാന്തിച്ചില്ല.
ദിവസക്കൂലിക്ക്‌ സഹകരണസംഘത്തില്‍ തരപ്പെട്ട ചെറിയ ജോലിക്ക്‌ ഘോഷ്‌ പോയിത്തുടങ്ങി. രാഷ്‌ട്രീയ പ്രവര്‍ത്തനത്തിലും സജീവത അവന്‍ നിലനിര്‍ത്തി. രാഷ്‌ട്രീയ പ്രതിയോഗികളുടെ വധഭീഷണികളെപ്പോലും വകവയ്‌ക്കാതെയാണ്‌ ഘോഷ്‌ പ്രവര്‍ത്തിച്ചത്‌. ഏറ്റവുമടുത്ത സുഹൃത്തെന്ന നിലയില്‍ തനിക്കവന്‍ എന്നും ഒരു വിസ്‌മയമായിരുന്നുവെന്നോര്‍ത്തു.
ഉറക്കം വരുന്നില്ല. അല്ലെങ്കിലും ഇതെന്ത്‌ ജീവിതമെന്ന്‌ സ്വയം ചോദിക്കാറുണ്ട്‌.
ഗള്‍ഫിലുള്ള ഭര്‍ത്താവിന്റെ ഫോണ്‍കോള്‍ ഇപ്പ കട്ട്‌ ചെയ്‌തുവുളളൂ. അരമണിക്കൂറാ അന്‍വര്‍ സംസാരിച്ചത്‌. മിക്ക ദിവസവും വിളിക്കും. അടുത്ത മാസം ആള്‌ നാട്ടില്‍ വരുന്നുണ്ട്‌. ഈ ദിവസം കൃത്യമായി ഓര്‍മ്മയുണ്ട്‌. മറക്കാന്‍ ശ്രമിക്കുന്ന ആ രാത്രിയുടെ ഭീകരതയില്‍ ഞെട്ടിത്തെറിച്ചുണരാറുണ്ട്‌.
ആദ്യമായി ജന്മം നല്‍കിയ ശ്രുതിമോള്‍.. അവളെപ്പോലും തനിക്കങ്ങിനെ ഉപേക്ഷിക്കാന്‍ കഴിഞ്ഞുവെന്ന്‌ ഒരാശ്ചര്യത്തോടെ പലവട്ടം ഓര്‍ക്കാറുണ്ട്‌.
ഞങ്ങളുടെ വിവാഹത്തലേന്ന്‌ തന്റെ ഉറച്ച തീരുമാനമറിഞ്ഞ്‌ ആങ്ങളമാര്‍ മുന്നില്‍ വന്നത്‌.
``നീ, നല്ലവണ്ണം ആലോചിക്ക്‌.. നിന്നെ മുഴുവനായി പൊതിയാനത്ര സ്വര്‍ണ്ണം.. പുത്തന്‍ കാറ്‌.. എല്ലാം നിനക്കായി ഒരുക്കിയിട്ടുണ്ട്‌. സ്വന്തം ആള്‍ക്കാരില്‍പ്പെട്ടവനെയാണ്‌ നീ തെരഞ്ഞടുത്തതെങ്കില്‍ ഞങ്ങള്‍ എതിര്‍ക്കില്ലായിരുന്നു. ഇത്‌, ഞങ്ങളുടെ മുഖത്തൊക്കെ ചെളിവാരിയെറിഞ്ഞ്‌... നീ ആലോചിക്കൂ. ഇവിടത്തെ സുഖസൗകര്യങ്ങളുപേക്ഷിച്ച്‌, അവന്റെ ദുരിതം പേറിയ ജീവിതത്തിലേക്കാണ്‌ നീ ഇറങ്ങിച്ചെല്ലുന്നതെന്ന്‌ ഓര്‍മ്മവേണം. അവനുമായുള്ള ബന്ധത്തില്‍നിന്ന്‌ പിന്മാറാന്‍ നിനക്ക്‌ ഇപ്പോഴും സമയമുണ്ട്‌..''
``എന്റെ തീരുമാനത്തില്‍ ഒരു മാറ്റവും ഇല്ല. അവന്‍ എങ്ങിനെയാണോ ജീവിക്കുന്നത്‌, ആ ജീവിതം മതി എനിക്കും.''
ആ ദൃഢനിശ്ചയത്തിന്‌ മുന്നില്‍ അവരന്ന്‌ പിന്‍മാറുകയായിരുന്നു.
വര്‍ഷങ്ങള്‍ക്കുശേഷം ഘോഷ്‌ കൊല്ലപ്പെട്ടതിന്റെ രണ്ടിന്റെയന്നാണ്‌ ആങ്ങളമാര്‍ പിന്നെ കാണാന്‍ എത്തിയത്‌.
``നിന്റെ ജീവിതം ഇങ്ങിനെ എരിഞ്ഞ്‌ തീരാനുള്ളതല്ല. കഴിഞ്ഞതൊക്കെ ഞങ്ങള്‍ മറക്കാം. നിന്നെ സ്വീകരിക്കാം നല്ലൊരു വിവാഹബന്ധത്തിന്‌ ഇനിയും അവസരം ഉണ്ട്‌. അത്‌ ഞങ്ങളുണ്ടാക്കി തരാം. സുഖസൗകര്യത്തോടെ ജീവിക്കാം. ഞങ്ങളുടെ കൂടെ വരണം.''
പ്രലോഭനങ്ങള്‍ക്കു നടുവില്‍ എന്ത്‌ ചെയ്യണമെന്നറിയാതെ കുറെ നേരം നിന്നു.
`` ഉമൈബാനേ, എനിക്ക്‌ എന്തെങ്കിലും സംഭവിച്ചാല്‍, ഈ വീട്ടില്‍തന്നെ നീ ഉണ്ടാകണം. എന്റെ അച്ഛനും അമ്മയ്‌ക്കും ഞാനല്ലാതെ മറ്റാരുമില്ല..''
ഘോഷിന്റെ ഓര്‍മ്മപ്പെടുത്തലുകള്‍ അന്നേരം തന്നെ വന്നുപൊതിയുകയാണ്‌.
തന്നെ സ്വീകരിക്കാന്‍ ആങ്ങളമാര്‍ തയ്യാറായപ്പോഴും മകളെ സ്വീകരിക്കാന്‍ അവര്‍ ഒരുക്കമായിരുന്നില്ല. ആയൊരു ഉപാധി ഉള്‍ക്കൊള്ളുവാന്‍ ആദ്യമൊക്കെ തനിക്കായില്ല. പിന്നെ എപ്പോഴാണാവോ അത്‌ സംഭവിച്ചത്‌.
ഒരു ദിവസം കാറുമായി അവര്‍ വീണ്ടുമെത്തിയപ്പോള്‍ തനിയെ കയറിപ്പോരാന്‍ കഴിഞ്ഞത്‌ എങ്ങിനെയെന്ന്‌ ഓര്‍ത്തപ്പോഴാണ്‌, താനിത്ര സ്വാര്‍ത്ഥമതിയായോ എന്ന്‌ ബോധ്യപ്പെട്ടത്‌.
ഉപേക്ഷിച്ച മകള്‍.. ഘോഷിന്റെ അച്ഛനും അമ്മയും - അതെല്ലാം മറക്കാന്‍ ശ്രമിക്കുന്തോറും അവര്‍ പിന്നേയും പിന്നേയും കടന്നുവരികയാണ്‌.
വേണ്ടുവോളം പണം, സുഖസൗകര്യങ്ങളും, അന്‍വറിന്റെ അതിരറ്റ സ്‌നേഹം. പക്ഷേ, ഈ കനത്ത മൗനം. ഏകാന്തത അത്‌ ഭയാനകമായ ഒരു ഗര്‍ത്തത്തിലേക്ക്‌ തള്ളിവിടുകയാണെന്ന്‌ തോന്നി....ഇലകള്‍ക്കും മുള്ളുകള്‍ക്കും ഇടയില്‍ ഒരു പൂവ്‌ സുനില്‍ പി. മതിലകം വര്‍ണ്ണ പോസ്റ്ററില്‍ ചിരിമാഞ്ഞ ഘോഷിന്റെ ചിത്രം കണ്‍നിറഞ്ഞ്‌ കണ്ടു. തെരുവിന്റെ ബഹളത്തില്‍നിന്നും അരങ്ങ്‌ തോരണങ്ങളുടെ ഇടയില്‍നിന്നും മാറി, അന്തിച്ചുവപ്പിന്റെ വെളിച്ചപ്പാളികള്‍ വീണുകിടക്കുന്ന പീടികത്തിണ്ണയുടെ ഒരു കോണില്‍ ഇരുന്നു. 

വേണ്ടുവോളം പണം, സുഖസൗകര്യങ്ങളും, അന്‍വറിന്റെ അതിരറ്റ സ്‌നേഹം. പക്ഷേ, ഈ കനത്ത മൗനം. ഏകാന്തത അത്‌ ഭയാനകമായ ഒരു ഗര്‍ത്തത്തിലേക്ക്‌ തള്ളിവിടുകയാണെന്ന്‌ തോന്നി....

Tuesday, October 11, 2011

കഥ
ഉറങ്ങാത്ത അമ്മ
സുനില്‍ പി.മതിലകം
-ന്റെ കുഞ്ഞീനെ കണ്ടോ....
കുഞ്ഞുലക്ഷ്‌മിയേ... മുന്നില്‍ വന്നുപെട്ട അന്വേഷണത്തില്‍ ആദ്യമൊന്നമ്പരന്നു. കുഞ്ഞുലക്ഷ്‌മി ആരാണ്‌? അവള്‍ക്കെന്തുപറ്റി? ഈ സ്‌ത്രീയും അവരും തമ്മിലുള്ള ബന്ധം?
ആകെ മുഷിഞ്ഞ വേഷം. അഴിച്ചിട്ട അലസമായ തലമുടി. ആരെയോ ഭയന്ന ഭാവം. കുഴിഞ്ഞ കണ്ണുകളിലെ നനവ്‌...
എന്നെ മറികടന്ന്‌ മുന്നോട്ടുപോയ ആ സ്‌ത്രീ മറ്റുപലരോടും കുഞ്ഞുലക്ഷ്‌മിയെ അന്വേഷിക്കുന്നതായി കണ്ടു.
-ഇവരന്വേഷിക്കുന്ന കുഞ്ഞുലക്ഷ്‌മിയേതാ?
അടുത്തുള്ള തട്ടുകടക്കാരനോടു തിരക്കി.
- ആ..... ആര്‍ക്കറിയാം. അവര്‌ക്ക്‌ മുച്ചിപിരാന്താ, ആരെ കണ്ടാലും അവര്‌ ഒരു കുഞ്ഞുലക്ഷ്‌മിയെ തിരക്ക്‌ണത്‌ കാണാം...
അയാളുടെ മറുപടിയില്‍ സ്വസ്‌ഥമാകാതെയാണ്‌ ബസ്സില്‍ കയറിയിരുന്നത്‌. അവിടേന്ന്‌ മടങ്ങുമ്പോഴും ആ സ്‌ത്രീയുടെ രൂപമായിരുന്നു ഉള്ളുനിറയെ...
മകളെ മാറോടുചേര്‍ത്തുകിടത്തി, മറ്റാരും ശ്രദ്ധിക്കാത്തവിധം പുതച്ച്‌ കിടത്തിയിട്ടും ഉറക്കം വരാതെ ഉണര്‍ന്നിരിക്കുന്ന ഒരമ്മ.
പീടികവരാന്തയിലെ രാത്രി അഭയം ആ അമ്മയെ ഭയപ്പെടുത്തി. പുറത്തുനിന്ന്‌ കേള്‍ക്കുന്ന വര്‍ത്തമാനങ്ങള്‍ കൂടുതല്‍ ഭയാനകമാണ്‌. സ്വന്തമായി ഒരു കൂരപോലുമില്ലാതെ, സ്‌കൂളില്‍ പഠിക്കുന്ന മകളെ എത്രനേരം ചിറകിലൊളിപ്പിച്ചുവെയ്‌ക്കാന്‍ കഴിയും.
മുന്നിലൂടെ കടന്നുപോകുന്ന കണ്ണുകളേറെയും ആര്‍ത്തിപൂണ്ടവയാണ്‌. തന്റെ കുരുന്നിനെ കൊത്തിവലിച്ച്‌ കീറിപ്പറിച്ചിടാന്‍ തക്കം പാര്‍ത്ത്‌ നടക്കുകയാണവര്‍...
സ്‌കൂളിലേക്ക്‌ പോകാന്‍ മുടിചീകി ഒതുക്കിക്കൊടുക്കുമ്പോള്‍, മകളോട്‌ അമ്മ ഇതെല്ലാം ഓര്‍മ്മപ്പെടുത്താറുണ്ട്‌. ഒരുദിവസം സ്‌കൂളില്‍നിന്ന്‌ മകളെത്തേണ്ട സമയം കഴിഞ്ഞപ്പോ അമ്മയ്‌ക്ക്‌ ഇരുപ്പുറച്ചില്ല. അവര്‍ തെരുവിലൂടെ ഓടി. സ്‌കൂളിന്റെ മുന്നിലെത്തുമ്പോഴേക്കും അമ്മ ആകെ തളര്‍ന്നിരുന്നു.
ഗെയ്‌റ്റ്‌ താഴിട്ടു പൂട്ടിയിരിക്കുന്നു.
മോളേ കുഞ്ഞുലക്ഷ്‌മി... കുഞ്ഞുലക്ഷ്‌മി...
ഗെയ്‌റ്റില്‍ പിടിച്ച്‌ ഉച്ചത്തില്‍ വിളിച്ചു. അതൊരു നിലവിളിയായി തെരുവാകെ, നാടായ നാടാകെ പ്രകമ്പനംകൊണ്ടു.

-യെന്റെ കുഞ്ഞിനെകണ്ടോ... കുഞ്ഞുലക്ഷ്‌മിയേ... 

Friday, October 7, 2011

വിളമ്പുകാര്‍
സുനില്‍ പി.മതിലകം
ത്തുവയസ്സുകാരന്റെ മുന്നില്‍ നിരന്ന വിഭവങ്ങള്‍ ചൂണ്ടി അയാള്‍ ആക്രോശിച്ചു.:
``നീയിത്‌ കഴിക്ക്‌ണ്‌ ഉണ്ടൊ..? യെന്ന്യെ ദേഷ്യം പിടിപ്പിക്കാതെട്ട്വോ... വടിയെടുത്താപ്പിന്നെ അറിയാല്ലൊ...''
``യെനിക്കിപ്പോ വിശ്‌ക്ക്‌ണി
ല്ല്യാച്ഛാ...''
ദയനീയതയോടെ മകന്‍.
``നിനക്ക്‌ ഇതിന്റൊന്നും വിലയറിയില്ല്യ. നിന്റെ പ്രായത്തില്‌ ഇതിലൊരംശം കിട്ടാന്‍ ഞാനൊക്കെ യെത്ര ആശിച്ചിട്ടുണ്ടെന്നോ?''
``..............''
``ഇതൊന്നും ദൈവത്തിന്‌ നിരക്ക്‌ല്ല്യ.''
``................''
``ഈ ലോകത്ത്‌ യെത്ര കുട്ടിക്‌ളാ ഒരു പിടിവറ്റ്‌ കിട്ടാതെ വാപൊളിക്കുന്നതെന്ന്‌ നിനക്ക്‌റിയോ..?''
അച്ഛന്റെ കടുത്ത വാക്കുകളില്‍ തട്ടി മകന്‍ മുഖമുയര്‍ത്തി.
``യെന്നാ, ഇതൊക്കെയെടുത്ത്‌ അവര്‍ക്ക്‌ കൊടുത്തൂടേയച്ഛാ...''
അവന്റെ കൂര്‍പ്പിച്ച വാക്കില്‍ പതറിപ്പോയ അയാള്‍ പരുങ്ങിമാറി.

(കഴിഞ്ഞ വര്‍ഷം 8-ാം ക്ലാസിലെ മലയാളം വാര്‍ഷിക പരീക്ഷക്ക്‌ ആസ്വാദനക്കുറിപ്പെഴുതാന്‍ കൊടുത്ത കഥ) 
പനിക്കാലം
സുനില്‍ പി. മതിലകം
  മഴയുടെ താളപ്പെരുക്കങ്ങള്‍ കേട്ടില്ല. ഊര്‍ന്നിറങ്ങുന്ന മഴനാരുകളുടെ തിളങ്ങല്‍ കണ്ടില്ല. മോന്തായത്തിലെ ആകാശക്കീറുകളില്‍നിന്ന്‌ ചോര്‍ന്നൊലിക്കുന്ന മഴവെള്ളം വേദനയായി പരക്കുകയാണ്‌. ചിമ്മിണിവെട്ടത്തെ മഴവെള്ളം കെടുത്തിക്കളഞ്ഞപ്പോഴുണ്ടായ ഇരുട്ടില്‍ അയാള്‍ ഇരിക്കുകയായിരുന്നു. നനഞ്ഞു കുതിര്‍ന്നപ്പോള്‍ ഒരു ബീഡിക്കുറ്റിക്കായി അധരം ആശയോടെ വിറപൂണ്ടു. അരികില്‍ തന്നെ അവള്‍ പനിച്ചുപഴുത്ത്‌ കിടപ്പാണ്‌. ധര്‍മ്മാശുപത്രിയില്‍ സൂചികുത്താന്‍ പോലും ഇടമില്ല. പനിക്കാരെ കുത്തിനിറച്ചിരിക്കുകയാണ്‌.
വീട്ടിലേക്ക്‌ മടക്കിക്കൊള്ളാന്‍ പറഞ്ഞു. അങ്ങനെയാണ്‌ അവിടേന്ന്‌ തിരിച്ച്‌ കൊണ്ടുപോന്നത്‌.
കുത്തിമറിച്ച കുടിലില്‍, ഇവള്‍ക്കൊന്ന്‌ പായവിരിക്കാന്‍ എവിടെയാണിടം എന്ന്‌ തെരഞ്ഞു. ചോര്‍ന്നൊലിക്കാത്ത ഒരു ഭാഗം ഇതിനകത്ത്‌ ഇല്ലെന്നറിഞ്ഞപ്പോ എല്ലാ പ്രത്യാശയും കൈവിടുന്നപ്പോലെ...
എപ്പോഴൊ ഒന്നു മയങ്ങി ഉണര്‍ന്നപ്പഴാ അത്‌ കണ്ടത്‌. പുറത്തെ പെരുമഴയത്ത്‌ അവള്‍ നില്‍ക്കുന്നു. മഴവീഴ്‌ചയില്‍ ആ കണ്ണുകള്‍ തുറക്കാന്‍ കഴിയുന്നില്ല. നനഞ്ഞൊട്ടിയ അവള്‍ മഴയത്ത്‌ ആര്‍ത്ത്‌ തിമര്‍ക്കുകയാണ്‌. ആകെ നനഞ്ഞൊലിച്ച ആ മുഖത്ത്‌ മുമ്പെങ്ങുമില്ലാത്ത തെളിച്ചം.
ഏയ്‌, അതിനകത്ത്‌ കുത്തിപ്പിടിച്ചിരിക്കാതെ; ഈ മഴയത്തേക്കൊന്നിറങ്ങെന്നേ.. അല്ലെങ്കി നിങ്ങ വരേണ്ട. ഞാന്‍ പോകാം. മോളവിടെ ഒറ്റയ്‌ക്ക്‌ കാത്തിരുപ്പുണ്ടാവും. അവള്‍ക്ക്‌ പേടിയാവും. ഞാന്‍ പോണ്‌..
അവള്‍ വിളിച്ചുപറയുന്നു. മഴയെ കീറിമുറിച്ച്‌ കടന്നുപോകുന്ന അവളെ അമ്പരപ്പോടെ നോക്കിയിരുന്നു.
ഒരുമാസം മുമ്പ്‌ പനിവന്ന്‌ കവര്‍ന്നുകൊണ്ടുപോയ മകളുടെ ഓര്‍മ്മ അന്നേരം ചുട്ടുപൊള്ളിച്ചു.
അരികിലെ, കീറപ്പായയില്‍ വിറയലും പിറുപിറുക്കലുമെല്ലാം നിലച്ച്‌, ചിരിതൂകി കിടക്കുന്ന അവള്‍.
മുഖത്തേക്ക്‌ തെറിച്ചുവീഴുന്ന മഴയുടെ നനവ്‌ അറിയുന്നില്ലല്ലൊ..
വാരിയെടുത്ത്‌, നെഞ്ചോട്‌ ചേര്‍ത്ത അയാളുടെ നിലവിളിക്കു മുമ്പില്‍ മഴ ഒരുവേള നിലച്ചുപോയി.

മാതൃനാട്‌ മാസിക-2010 

Thursday, October 6, 2011

ഈ അവഹേളനത്തെ നേരിടണം
 സുനില്‍ പി. മതിലകം
 തമിഴന്റെ ഭാഷാപ്രേമത്തെ പഴിക്കാന്‍ മിടുക്കരായ മലയാളികള്‍, മലയാളത്തിന്‌ പിഴയിട്ടപ്പോഴും മിണ്ടാത്തതില്‍ അത്ഭുതപ്പെടാനില്ല. ലോകോത്തരങ്ങളായ നൂറ്‌ കാര്യങ്ങളുള്ളപ്പോള്‍ എന്തു മലയാളം? എന്തു പിഴ!
സ്‌കൂളില്‍ മലയാളം സംസാരിച്ചതിന്‌ വിദ്യാര്‍ത്ഥിയെ തലമൊട്ടയടിച്ചുവിട്ട നാടാണിത്‌! ഇവിടെത്തെ മലയാളത്തിനും മലയാളിക്കും മാനക്കേടുണ്ടാക്കുന്ന മറ്റൊരു സംഭവം കൂടി.
മാളയിലെ ഹോളിഗ്രേഡ്‌ സ്‌കൂളാണ്‌ മലയാളം സംസാരിച്ചതിന്‌ നൂറിലധികം വിദ്യാര്‍ത്ഥികള്‍ക്ക്‌ പിഴയടക്കല്‍ ശിക്ഷ വിധിച്ചത്‌!
ഇവരെയോര്‍ത്ത്‌ നമുക്ക്‌ ലജ്ജിക്കാം. മലയാളികള്‍ പഠിക്കുന്ന, മലയാളത്തിന്റെ മാതൃഭൂമിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു വിദ്യാലയത്തിന്‌ ഭാഷയെ നിന്ദിക്കുന്ന ശിക്ഷവിധിക്കാന്‍ ആരാണ്‌ അധികാരം കൊടുത്തത്‌?
ഇവരെയൊക്കെ കയറൂരിവിടുന്ന, മലയാളത്തെ ഒന്നാം ഭാഷയാണെന്ന്‌ ഉത്തരവിറക്കിയ നമ്മുടെ വിദ്യാഭ്യാസ വകുപ്പും സര്‍ക്കാരുമാണ്‌ ഇതിന്‌ മറുപടി നല്‌കേണ്ടത്‌.
മലയാളിക്കല്ലാതെ, ഒരു നാട്ടിലും സ്വന്തം ഭാഷയോടുള്ള ഇത്തരത്തിലുള്ള അവഹേളനത്തെ ലാഘവത്തോടെ സമീപിക്കാനോ ഭാഷാ ഭ്രാന്തെന്ന്‌ പറഞ്ഞ്‌ പുച്ഛിക്കാനോ ആവില്ല.
ഇംഗ്ലീഷ്‌ സംസാരിക്കേണ്ടെന്നോ, ഇംഗ്ലീഷ്‌ ഭാഷ പഠിക്കേണ്ടന്നോയല്ല പറഞ്ഞു വരുന്നത്‌. ഇംഗ്ലീഷ്‌ മാധ്യമത്തിലുള്ള ക്ലാസ്സില്‍ അതെല്ലാം ആയിക്കോട്ടെ. മറ്റു സമയങ്ങളില്‍ ക്ലാസ്സിലും സ്‌കൂള്‍ പരിസരത്തും എന്തിന്‌ സ്വന്തം വീട്ടില്‍പോലും മാതൃഭാഷ സംസാരിക്കുന്നതിലുള്ള വിലക്കും, അതൊരു കുറ്റകൃത്യമായി ശിക്ഷവിധിക്കലും വെച്ചു പൊറുപ്പിക്കാന്‍ സ്വന്തം ഭാഷയേയും നാടിനേയും സ്‌നേഹിക്കുന്നവര്‍ക്കാവില്ല.
ശിക്ഷാവിധിയെ ന്യായീകരിച്ച സ്‌കൂള്‍ മാനേജ്‌മെന്റ്‌ ചെയര്‍മാന്‍ വ്യക്തമാക്കിയത്‌ രക്ഷിതാക്കളുടെ അനുവാദത്തോടെയാണ്‌ ഈ ചട്ടം നടപ്പിലാക്കിയതെന്ന്‌ മലയാളം സംസാരിക്കാന്‍ തന്റെ കുട്ടിക്കറിയില്ല എന്ന്‌ അഭിമാനത്തോടെ മറ്റുള്ളവരുടെ മുന്നില്‍ വിളമ്പുന്ന രക്ഷകര്‍ത്താക്കള്‍ നമുക്കിടയില്‍ ഏറെയുണ്ടെന്ന നഗ്ന സത്യം അംഗീകരിക്കുമ്പോള്‍ തന്നെ, എന്ത്‌ പേരിട്ട്‌ വിളിച്ചാലും മലയാളത്തെ പരിരക്ഷിക്കാന്‍ സമൂഹത്തില്‍ ആളുണ്ടാകണം. അഴീക്കോടുമാഷെപ്പോലെയുള്ള ചില ഒറ്റപ്പെട്ട ശബ്‌ദങ്ങള്‍ മാത്രം പോര നമുക്ക്‌, ശക്തമായ പ്രതിഷേധവും പ്രതികരണവും ഉയര്‍ന്നു വരണം. അത്തരം പ്രവര്‍ത്തനങ്ങളില്‍ `വിശകലന' വും പങ്കുചേരുന്നു.
വിശകലനം മാസിക/ 7 ജൂലൈ 2011  

Tuesday, October 4, 2011

റഹ്‌മാന്‍ വാടാനപ്പള്ളി

അനുസ്‌മരണം
കഥാകൃത്ത്‌ റഹ്‌മാന്‍ വാടാനപ്പള്ളി
സുനില്‍ പി. മതിലകം
എഴുത്തുകാരന്‍ റഹ്‌മാന്‍ വാടാനപ്പള്ളി ആഗസ്റ്റ്‌ 2ന്‌ ഈ ദുനിയാവില്‍ നിന്ന്‌ വിടവാങ്ങി. കഥാകൃത്ത്‌,നോവലിസ്റ്റ്‌ എന്നീ നിലകളില്‍ മലയാളസാഹിത്യത്തില്‍
തന്റേതായ ഒരിടം സൃഷ്‌ടിച്ചാണ്‌ അദ്ദേഹം നമ്മോട്‌ വിടപ്പറഞ്ഞത്‌.
ഒരിക്കല്‍ റഹ്‌മാന്‍ വാടാനപ്പള്ളിയുടെ കഥ വായിച്ച്‌ പ്രൊഫ.എം.കൃഷ്‌ണന്‍നായര്‍ സാഹിത്യ വാരഫലത്തില്‍ ഇങ്ങനെ രേഖപ്പെടുത്തി:
``ജീവിതത്തിലെ വൈരുദ്ധ്യങ്ങള്‍ നോക്കി റഹ്‌മാന്‍ വാടാനപ്പള്ളി ചിരിക്കുന്നു. ആ ചിരി ഹൃദ്യമാണ്‌''
ജീവിതത്തിലെ വൈരുദ്ധ്യങ്ങളായിരുന്നു റഹ്‌മാന്‍ കഥകളില്‍ മുഖ്യപ്രമേയങ്ങള്‍.
മലയാളനാട്‌, ചന്ദ്രിക, ദേശാഭിമാനി, ജനയുഗം തുടങ്ങി ഒട്ടേറെ പ്രസിദ്ധീകരണങ്ങളില്‍ നോവലുകളും കഥകളും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്‌. അര്‍ഹിക്കുന്ന അംഗീകാരങ്ങള്‍ അദ്ദേഹത്തോട്‌ അകലം പാലിച്ചുവെങ്കിലും തന്റെ എഴുത്തിനെ അതൊന്നും ബാധിക്കാതെ പരിരക്ഷിച്ചുപോന്നു.
മൂടല്‍മഞ്ഞ്‌. ഒഴുക്ക്‌, സുന്ദരമായ നുണ, കാലത്തിന്റെ കരയില്‍ നിന്ന്‌, അവസാനത്തെ അദ്ധ്യായം എന്നീ നോവലുകളും ഹൗ!, കഴുത എന്നീ കഥാസമാഹാരങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടു. കറന്റ്‌ബുക്‌സ്‌ കോട്ടയം, എന്‍.ബി.എസ്‌ എന്നി പ്രസിദ്ധീകരണശാലകള്‍ പ്രസിദ്ധീകരിച്ച പുസ്‌തകങ്ങളും ഇതില്‍പ്പെടും.
അവസാനത്തെ അദ്ധ്യായം എന്ന നോവലില്‍ മണപ്പുറത്തെ (ചേറ്റുവ മുതല്‍ കോതപറമ്പുവരെയുള്ള തീരദേശം) രാഷ്‌ട്രീയ - സാമൂഹിക ജീവിതത്തിന്റെ ഓര്‍മ്മച്ചിത്രങ്ങള്‍ വരച്ചിട്ടു. മാപ്പിളപ്പാട്ടുകളും ഗാനങ്ങളും രചിച്ചിട്ടുണ്ട്‌.
1945-ല്‍ തൃശൂരിലെ വാടാനപ്പള്ളിയിലായിരുന്നു ജനനം.
അറക്കല്‍ അഹമ്മദ്‌ ഹാജിയും പണിക്കവീട്ടില്‍ കുറുപ്പത്ത്‌ ഫാത്തിമയും മാതാപിതാക്കള്‍. തമിഴ്‌നാട്ടിലും മഹാരാഷ്‌ട്രയിലും ബീഡിത്തൊഴിലാളിയായി ജീവിതം ആരംഭിച്ചു. ബുക്ക്‌ സ്റ്റാളും നടത്തിയിരുന്നു. ഗള്‍ഫിലും പ്രവാസജീവിതം നയിച്ചു.നാട്ടിക ഫര്‍ക്ക റൂറല്‍ബാങ്ക്‌ ജീവനക്കാരനായിരുന്നു.
മതിലകം ചങ്ങാതിക്കൂട്ടത്തിലെ സഹപ്രവര്‍ത്തകന്‍,മതിലകം സാഹിത്യസമിതി സാരഥി എന്നീ നിലകളിലെല്ലാം ഒരുമിച്ചു പ്രവര്‍ത്തിച്ചത്‌ ഈയവസരത്തില്‍ ഓര്‍ക്കുന്നു.
ഒരു സാധാരണ എഴുത്തുകാരന്‍ എന്നതിലുപരി, ഒരു നല്ല മനുഷ്യസ്‌നേഹികൂടി മറവിരോഗത്തിലകപ്പെടുകയും ഒടുവില്‍ നമ്മില്‍നിന്ന്‌ മറയുകയും ചെയ്‌തു.
മനുഷ്യസ്‌നേഹത്തിന്റെ ഉദാത്തഭാവങ്ങള്‍ ആവിഷ്‌ക്കരിച്ച്‌ കടന്നുപ്പോയ ആ ഓര്‍മ്മയ്‌ക്കു മുന്നില്‍ ആദരാഞ്‌ജലികള്‍ അര്‍പ്പിക്കുന്നു... 
കഥ പറയുന്ന 'കര്‍ക്കിടകം'
ഡോ. സാജന്‍ പാലമറ്റം
സാഹിത്യകൃതികളെ വര്‍ഗ്ഗീകരിക്കുന്നതിന്‌ പരമ്പരാഗതമായി രൂപം, കാല
ഘട്ടം, ഭാഷ എന്നിങ്ങനെ മൂന്നു പരിധികളാണു കല്‌പിക്കപ്പെട്ടിട്ടുളളത്‌. ഈ മൂന്നെണ്ണത്തില്‍ ഒന്നിനെ അപേക്ഷിച്ച്‌ മറ്റൊന്ന്‌ പ്രധാനപ്പെട്ടതാണെന്നു നിര്‍ണ്ണയിക്കാന്‍ ഒരാള്‍ക്കുമാവില്ല. അതില്‍ രൂപമെന്ന പരിധി, അതോ പരിമിതിയോ? നോവലിനെക്കുറിച്ചുളള പഠനത്തിലാണു പ്രസക്തം. ഭാഷ ഒരു പ്രധാനപ്പെട്ട സ്വത്വമൂശയായി ഏതൊരു കൃതിയിലും വര്‍ത്തിക്കുന്നുണ്ട്‌. എഴുത്തുകാരന്‍ എന്ന നിര്‍ണ്ണായകകേ
ന്ദ്രിതത്വം ഇന്ന്‌ നിരൂപണത്തില്‍ ഒരു പുതിയ ആശയമായി പരിഗണിക്കുന്നതേയില്ല. എങ്കിലും, അയാള്‍ ജീവിച്ചു പോരുന്ന ഇടത്തിന്റെ രാഷ്‌ട്രീയവും സാമൂഹികവുമായ നിലപാടുകളെ അവഗണിച്ചുകൊണ്ടുളള വായനയെ ഒഴിവാക്കേണ്ടതുമുണ്ട്‌. ഈ മൂന്നു പരമ്പരാഗത പരിധികളെയും പരിഗണിച്ചുകൊണ്ടുവായിക്കേണ്ടവയാണ്‌ സുനില്‍ പി. മതിലകത്തിന്റെ കര്‍ക്കിടകം എന്ന കഥാസമാഹാരം. നാല്‌പത്തിയേഴ്‌ കഥകള്‍. വലുപ്പത്തില്‍ തീരെ ചെറുതാകയാല്‍ കുറുങ്കഥകളെന്നവയെ വിളിക്കുന്നതില്‍ തെറ്റില്ല.
കുറുങ്കഥകള്‍ ഒരു സാഹിത്യപ്രതിഭാസമെന്ന നിലയില്‍ മലയാളത്തില്‍ പുതുതാണെന്നു പറയാം. അവയുടെ വര്‍ത്തമാനം പ്രമേയപരമായി പുതുമയുടെ രംഗഭൂമിയാണ്‌. ജീവിതത്തെ തൊട്ടു നില്‌ക്കുന്ന യാഥാര്‍ത്ഥ്യങ്ങളുടെ വൈവിധ്യപരമ്പരയാണ്‌ കുറുങ്കഥാസാഹിത്യത്തില്‍ ദൃശ്യമാകുന്നത്‌. അവയുടെ വായന ഉല്‌പാദിപ്പിക്കുന്ന വിപുലാര്‍ത്ഥങ്ങള്‍ കുറുങ്കഥകളെ ഗൗരവമായി പരിഗണിക്കേണ്ടതാണെന്ന ചിന്ത ഉയര്‍ത്തുന്നു. അവ നീക്കിത്തരുന്ന ജാലകത്തിരശ്ശീല ഒട്ടേറെ നിഗമനങ്ങള്‍ക്കു ഭൂമികയായിത്തീരുന്നുമുണ്ട്‌. എളുപ്പം വായിച്ചു തീര്‍ക്കാവുന്ന പ്രതികരണങ്ങളെന്നു അവതാരികയില്‍ സി. ഗണേഷ്‌ നിര്‍വ്വചിക്കുന്നു. എങ്കിലും അതു തീര്‍ക്കുന്ന സാമൂഹിക വിചാര വേവലാതികളെ പരാമര്‍ശിച്ചുകൊണ്ട്‌ അവയുടെ മൂല്യത്തെ നിര്‍ണ്ണയിക്കുകയും ചെയ്യുന്നുണ്ട്‌. വിചാരങ്ങളെ വിചാരണകളാക്കുന്ന വേവലാതിയില്‍ നിന്നാണ്‌ കുറുങ്കഥകളുടെ പിറവി. കുറുങ്കഥകള്‍കൊണ്ട്‌ എങ്ങനെ ഒരെഴുത്തുകാരന്‍ തന്റെ സാമൂഹികദൗത്യം സാധ്യമാക്കുന്നുവെന്നതിന്റെ സാക്ഷ്യങ്ങളാണ്‌ 'കര്‍ക്കിടക'ത്തിലെ കഥകള്‍.
വര്‍ത്തമാനകാലത്തിന്റെ ക്രൗര്യത്തിന്‌ വിധേയരായിത്തീരുന്ന മനുഷ്യരാണ്‌ സുനില്‍ പി. മതിലകത്തിന്റെ കഥകളിലുളളത്‌. അവരുടെ ആകുലതകള്‍ വിഷാദങ്ങള്‍ വീഴ്‌ചകളും വിട്ടുവീഴ്‌ചകളും, മൂര്‍ത്തീകരിക്കാന്‍ ശ്രമിക്കുന്ന സ്വപ്‌നങ്ങള്‍, അവരുടെ പ്രതികരണങ്ങള്‍, പ്രതിരോധങ്ങള്‍ എന്നിവയൊക്കെ അവിടെ പ്രമേയമായി വരുന്നു. ന്യായങ്ങളൊക്കെയും അന്യായങ്ങളായി ബോധിപ്പിക്കേണ്ടി വരുന്ന ഒരു സാധാരണക്കാന്റെ വേവലാതിയിലാണ്‌ ആദ്യകഥയായ കോടതി തുടങ്ങുന്നത്‌. കേസു നടത്തി മുടിഞ്ഞവര്‍, കോടതി വ്യവഹാരത്തിലുളള കാലതാമസം, കേസുനടത്തിപ്പിന്റെ നേട്ടം കിട്ടുന്ന കോട്ടിടക്കൂട്ടര്‍ ഇങ്ങനെ ഒട്ടേറെയുണ്ട്‌ ഈ കുറുങ്കഥയുടെ വിചാരണ വിഷയങ്ങള്‍. കോമരം മേല്‍വിലാസം, കണക്കുമാഷ്‌ തുടങ്ങി ഓരോ കഥയും സാധാരണക്കാരന്റെ ജീവിതത്തില്‍ നിന്നുദിക്കുകയും അവന്റെ ജീവിതത്തെത്തന്നെ വിമര്‍ശിക്കുന്നവയുമാണ്‌. പുതിയ കാലത്തെ ഗൃഹാന്തരീക്ഷവും അവിടെ ആധിപത്യം ചെലുത്തിക്കൊണ്ടിരിക്കുന്ന സ്ഥാപനങ്ങളും കേള്‍വി തിരിച്ചറിവ്‌ ഫെമിനിസ്റ്റ്‌, മെഗാസീരിയല്‍, ഓര്‍മ്മപ്പിശക്‌, സ്വകാര്യം തുടങ്ങിയ കഥകളില്‍ വിമര്‍ശന വിധേയമാവുന്നു.
കൂട്ടലും കിഴിക്കലുമായി ജീവിതം കൂട്ടിമുട്ടിയ്‌ക്കാന്‍ പാടുപെടുന്ന ശരാശരിക്കാരന്‍ കണ്ടും കേട്ടും അറിഞ്ഞും അനുഭവിച്ചും തീര്‍ക്കുന്ന ജീവിതത്തിന്റെ പൊരുളും വ്യാകരണവും 'കര്‍ക്കിടക'ത്തിലെ കഥകളില്‍ അവതരിക്കുന്നു. അത്‌ വരച്ചിടുന്ന ലോകദര്‍ശനം പോലെ പ്രധാനപ്പെട്ടതാണ്‌ വിശദീകരിക്കുന്ന ജീവിതദര്‍ശനവും. ഭയവും ഭക്തിയും കൂടപ്പിറപ്പായ മനുഷ്യന്‍. നഗരത്തില്‍ ജീവിതം. നിസ്സഹായന്‍. എന്നാല്‍, ധാര്‍ഷ്‌ട്യതയ്‌ക്കു കുറവുമില്ല. സ്വപ്‌നങ്ങളെ യാഥാര്‍ത്ഥ്യമാക്കാന്‍ യത്‌നിക്കുന്നു. നോക്കി നില്‌ക്കുമ്പോള്‍ സ്വപ്‌നങ്ങള്‍ സ്വപ്‌നങ്ങളായിത്തന്നെ നില്‌ക്കെ തനിക്ക്‌ വാര്‍ദ്ധക്യമായെന്നറിയുന്നു. അവിടെത്തുടങ്ങുകയായി സംഘര്‍ഷം. മാഞ്ഞുപോയതിനെക്കുറിച്ചുളള ഓര്‍മ്മകളില്‍ ജീവിതത്തെ കണ്ടെത്തുന്ന അത്തരം മനുഷ്യരുടെ കഥകളാണ്‌ സുനില്‍ പി. മതിലകത്തിനു പറയാനുളളത്‌. അക്കൂട്ടത്തില്‍ അച്ഛനും, അമ്മയും, മകനും, മകളുമൊക്കെയുണ്ട്‌. അവരുടെ ജീവിതം അഭിമുഖീകരിക്കുന്ന പ്രതിസന്ധികള്‍. അസുരമായ കാലത്തിന്റെ രേഖപ്പെടുത്തലുകളായി മാറുന്നു. പരിചിതമെങ്കിലും നമ്മളതില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന തോന്നലാണ്‌ നമ്മളെ പലപ്പോഴും വിചാരവിചാരണകളില്‍ നിന്ന്‌ അകറ്റി നിര്‍ത്തുന്നത്‌. ആ ബോധ്യത്തെ അഴിച്ചെടുക്കാനുളള ശ്രമമാണ്‌ സമാഹാരത്തിലെ വാതില്‍, വിവസ്‌ത്രന്‍, ഒരമ്മ മകനയച്ച കത്ത്‌, ഒരച്ഛനും മകളും, കണ്ണ്‌ രണ്ട്‌, വേലായുധന്റെ പാങ്ങില്ലായ്‌മകള്‍ തുടങ്ങിയ കഥകള്‍ അനുഷ്‌ഠിക്കുന്നത്‌.
എഴുതാന്‍ ഞാനും വായിക്കാന്‍ നിങ്ങളും ഇല്ലാതാകുന്ന ഒരു ലോകത്തെ ഭാവന ചെയ്യാമെന്ന്‌ മണ്ണറിയാത്തവര്‍ എന്ന കഥ പ്രകോപിപ്പിക്കുന്നുണ്ട്‌. മണ്ണ്‌ മറഞ്ഞു. മരങ്ങള്‍ മറഞ്ഞു. ഒരു വേരു പോലും ഇറങ്ങാനാവാത്ത വിധം ഭൂമിയില്‍ സിമന്റു വനങ്ങള്‍ നിറഞ്ഞു. നനവില്ലാത്തതിനാല്‍ ഉളളതു വെന്തും പോയി. പ്രകൃതിയുടെ സ്‌പന്ദനങ്ങളെ കാലത്തില്‍ ലയിപ്പിച്ച്‌ നാം നിര്‍ണ്ണയിച്ച മാസങ്ങളുടെ സ്വഭാവത്തില്‍പോലും മാറ്റങ്ങളായി. വലിയ വീടും ബാങ്ക്‌ ബാലന്‍സും ജോലിയും വരുമാനവുമായി സ്വസ്ഥരാകാന്‍ നമ്മള്‍ ശ്രമിക്കുന്നു. എന്നാല്‍ ഒന്നും ഭദ്രമല്ലെന്നു ഓര്‍മ്മിപ്പിക്കുകയാണ്‌ കര്‍ക്കിടകത്തിലെ കഥകള്‍. മണ്ണിനോടും മനുഷ്യനോടുമുളള ആഭിമുഖ്യമാണ്‌ അതില്‍ പ്രകടമാക്കുന്നത്‌. മനുഷ്യന്‌ ഈ മണ്ണില്‍ ജീവിക്കുന്നതിന്‌ പശ്ചാത്തലമൊരുക്കുന്ന പ്രകൃതിയോടുളള ആരാധനയും പ്രതിഭാസങ്ങളോടുളള കൂടും അവയിലുണ്ട്‌. കടലും പുഴയും വഴിയും മഴയും മരവും മനുഷ്യനോടു ചേര്‍ന്നു നിന്നുകൊണ്ട്‌ സമൃദ്ധിയുടെയും സമീകരണത്തിന്റെയും ആകാശത്തെ വരയ്‌ക്കുമ്പോള്‍ ടി.വി.യും മൊബൈല്‍ ഫോണും, കമ്പ്യൂട്ടറും, സീരിയലും, ബാറും, ബ്യൂട്ടിപാര്‍ലറും ചേര്‍ന്ന്‌ പുതിയ കാലഘട്ടത്തിന്റെ ശിഥിലതയെ പകര്‍ത്തുന്നു.
ഭാഷാപരമായ കസര്‍ത്തുകളൊന്നുമില്ലാതെ കൊച്ചുകൊച്ചു വാക്യങ്ങളിലൂടെ പൂര്‍ണ്ണത നേടുന്ന കര്‍ക്കിടകത്തിലെ കഥകള്‍ വായനയെ ഊര്‍ജ്ജസ്വലമാക്കും. ഒന്നു ഉറപ്പിച്ചു പറയാം. കുറുങ്കഥയെ ശക്തമായ ഒരു സാഹിത്യ മാധ്യമമാക്കുന്നതില്‍ സുനില്‍ പി. മതിലകം വിജയിച്ചിരിക്കുന്നു.

കര്‍ക്കിടകം (കഥകള്‍)                                        ഡോ. സാജന്‍ പാലമറ്റം
സുനില്‍ പി. മതിലകം                                                          
                                    
പ്രിന്റ്‌ ഹൗസ്‌- മതിലകം                                       കുറിച്ചിത്താനം
40 രൂപാ                                                         ഉഴവൂര്‍, PIN: 686634