Tuesday, October 4, 2011

























കഥ പറയുന്ന 'കര്‍ക്കിടകം'
ഡോ. സാജന്‍ പാലമറ്റം
സാഹിത്യകൃതികളെ വര്‍ഗ്ഗീകരിക്കുന്നതിന്‌ പരമ്പരാഗതമായി രൂപം, കാല
ഘട്ടം, ഭാഷ എന്നിങ്ങനെ മൂന്നു പരിധികളാണു കല്‌പിക്കപ്പെട്ടിട്ടുളളത്‌. ഈ മൂന്നെണ്ണത്തില്‍ ഒന്നിനെ അപേക്ഷിച്ച്‌ മറ്റൊന്ന്‌ പ്രധാനപ്പെട്ടതാണെന്നു നിര്‍ണ്ണയിക്കാന്‍ ഒരാള്‍ക്കുമാവില്ല. അതില്‍ രൂപമെന്ന പരിധി, അതോ പരിമിതിയോ? നോവലിനെക്കുറിച്ചുളള പഠനത്തിലാണു പ്രസക്തം. ഭാഷ ഒരു പ്രധാനപ്പെട്ട സ്വത്വമൂശയായി ഏതൊരു കൃതിയിലും വര്‍ത്തിക്കുന്നുണ്ട്‌. എഴുത്തുകാരന്‍ എന്ന നിര്‍ണ്ണായകകേ
ന്ദ്രിതത്വം ഇന്ന്‌ നിരൂപണത്തില്‍ ഒരു പുതിയ ആശയമായി പരിഗണിക്കുന്നതേയില്ല. എങ്കിലും, അയാള്‍ ജീവിച്ചു പോരുന്ന ഇടത്തിന്റെ രാഷ്‌ട്രീയവും സാമൂഹികവുമായ നിലപാടുകളെ അവഗണിച്ചുകൊണ്ടുളള വായനയെ ഒഴിവാക്കേണ്ടതുമുണ്ട്‌. ഈ മൂന്നു പരമ്പരാഗത പരിധികളെയും പരിഗണിച്ചുകൊണ്ടുവായിക്കേണ്ടവയാണ്‌ സുനില്‍ പി. മതിലകത്തിന്റെ കര്‍ക്കിടകം എന്ന കഥാസമാഹാരം. നാല്‌പത്തിയേഴ്‌ കഥകള്‍. വലുപ്പത്തില്‍ തീരെ ചെറുതാകയാല്‍ കുറുങ്കഥകളെന്നവയെ വിളിക്കുന്നതില്‍ തെറ്റില്ല.
കുറുങ്കഥകള്‍ ഒരു സാഹിത്യപ്രതിഭാസമെന്ന നിലയില്‍ മലയാളത്തില്‍ പുതുതാണെന്നു പറയാം. അവയുടെ വര്‍ത്തമാനം പ്രമേയപരമായി പുതുമയുടെ രംഗഭൂമിയാണ്‌. ജീവിതത്തെ തൊട്ടു നില്‌ക്കുന്ന യാഥാര്‍ത്ഥ്യങ്ങളുടെ വൈവിധ്യപരമ്പരയാണ്‌ കുറുങ്കഥാസാഹിത്യത്തില്‍ ദൃശ്യമാകുന്നത്‌. അവയുടെ വായന ഉല്‌പാദിപ്പിക്കുന്ന വിപുലാര്‍ത്ഥങ്ങള്‍ കുറുങ്കഥകളെ ഗൗരവമായി പരിഗണിക്കേണ്ടതാണെന്ന ചിന്ത ഉയര്‍ത്തുന്നു. അവ നീക്കിത്തരുന്ന ജാലകത്തിരശ്ശീല ഒട്ടേറെ നിഗമനങ്ങള്‍ക്കു ഭൂമികയായിത്തീരുന്നുമുണ്ട്‌. എളുപ്പം വായിച്ചു തീര്‍ക്കാവുന്ന പ്രതികരണങ്ങളെന്നു അവതാരികയില്‍ സി. ഗണേഷ്‌ നിര്‍വ്വചിക്കുന്നു. എങ്കിലും അതു തീര്‍ക്കുന്ന സാമൂഹിക വിചാര വേവലാതികളെ പരാമര്‍ശിച്ചുകൊണ്ട്‌ അവയുടെ മൂല്യത്തെ നിര്‍ണ്ണയിക്കുകയും ചെയ്യുന്നുണ്ട്‌. വിചാരങ്ങളെ വിചാരണകളാക്കുന്ന വേവലാതിയില്‍ നിന്നാണ്‌ കുറുങ്കഥകളുടെ പിറവി. കുറുങ്കഥകള്‍കൊണ്ട്‌ എങ്ങനെ ഒരെഴുത്തുകാരന്‍ തന്റെ സാമൂഹികദൗത്യം സാധ്യമാക്കുന്നുവെന്നതിന്റെ സാക്ഷ്യങ്ങളാണ്‌ 'കര്‍ക്കിടക'ത്തിലെ കഥകള്‍.
വര്‍ത്തമാനകാലത്തിന്റെ ക്രൗര്യത്തിന്‌ വിധേയരായിത്തീരുന്ന മനുഷ്യരാണ്‌ സുനില്‍ പി. മതിലകത്തിന്റെ കഥകളിലുളളത്‌. അവരുടെ ആകുലതകള്‍ വിഷാദങ്ങള്‍ വീഴ്‌ചകളും വിട്ടുവീഴ്‌ചകളും, മൂര്‍ത്തീകരിക്കാന്‍ ശ്രമിക്കുന്ന സ്വപ്‌നങ്ങള്‍, അവരുടെ പ്രതികരണങ്ങള്‍, പ്രതിരോധങ്ങള്‍ എന്നിവയൊക്കെ അവിടെ പ്രമേയമായി വരുന്നു. ന്യായങ്ങളൊക്കെയും അന്യായങ്ങളായി ബോധിപ്പിക്കേണ്ടി വരുന്ന ഒരു സാധാരണക്കാന്റെ വേവലാതിയിലാണ്‌ ആദ്യകഥയായ കോടതി തുടങ്ങുന്നത്‌. കേസു നടത്തി മുടിഞ്ഞവര്‍, കോടതി വ്യവഹാരത്തിലുളള കാലതാമസം, കേസുനടത്തിപ്പിന്റെ നേട്ടം കിട്ടുന്ന കോട്ടിടക്കൂട്ടര്‍ ഇങ്ങനെ ഒട്ടേറെയുണ്ട്‌ ഈ കുറുങ്കഥയുടെ വിചാരണ വിഷയങ്ങള്‍. കോമരം മേല്‍വിലാസം, കണക്കുമാഷ്‌ തുടങ്ങി ഓരോ കഥയും സാധാരണക്കാരന്റെ ജീവിതത്തില്‍ നിന്നുദിക്കുകയും അവന്റെ ജീവിതത്തെത്തന്നെ വിമര്‍ശിക്കുന്നവയുമാണ്‌. പുതിയ കാലത്തെ ഗൃഹാന്തരീക്ഷവും അവിടെ ആധിപത്യം ചെലുത്തിക്കൊണ്ടിരിക്കുന്ന സ്ഥാപനങ്ങളും കേള്‍വി തിരിച്ചറിവ്‌ ഫെമിനിസ്റ്റ്‌, മെഗാസീരിയല്‍, ഓര്‍മ്മപ്പിശക്‌, സ്വകാര്യം തുടങ്ങിയ കഥകളില്‍ വിമര്‍ശന വിധേയമാവുന്നു.
കൂട്ടലും കിഴിക്കലുമായി ജീവിതം കൂട്ടിമുട്ടിയ്‌ക്കാന്‍ പാടുപെടുന്ന ശരാശരിക്കാരന്‍ കണ്ടും കേട്ടും അറിഞ്ഞും അനുഭവിച്ചും തീര്‍ക്കുന്ന ജീവിതത്തിന്റെ പൊരുളും വ്യാകരണവും 'കര്‍ക്കിടക'ത്തിലെ കഥകളില്‍ അവതരിക്കുന്നു. അത്‌ വരച്ചിടുന്ന ലോകദര്‍ശനം പോലെ പ്രധാനപ്പെട്ടതാണ്‌ വിശദീകരിക്കുന്ന ജീവിതദര്‍ശനവും. ഭയവും ഭക്തിയും കൂടപ്പിറപ്പായ മനുഷ്യന്‍. നഗരത്തില്‍ ജീവിതം. നിസ്സഹായന്‍. എന്നാല്‍, ധാര്‍ഷ്‌ട്യതയ്‌ക്കു കുറവുമില്ല. സ്വപ്‌നങ്ങളെ യാഥാര്‍ത്ഥ്യമാക്കാന്‍ യത്‌നിക്കുന്നു. നോക്കി നില്‌ക്കുമ്പോള്‍ സ്വപ്‌നങ്ങള്‍ സ്വപ്‌നങ്ങളായിത്തന്നെ നില്‌ക്കെ തനിക്ക്‌ വാര്‍ദ്ധക്യമായെന്നറിയുന്നു. അവിടെത്തുടങ്ങുകയായി സംഘര്‍ഷം. മാഞ്ഞുപോയതിനെക്കുറിച്ചുളള ഓര്‍മ്മകളില്‍ ജീവിതത്തെ കണ്ടെത്തുന്ന അത്തരം മനുഷ്യരുടെ കഥകളാണ്‌ സുനില്‍ പി. മതിലകത്തിനു പറയാനുളളത്‌. അക്കൂട്ടത്തില്‍ അച്ഛനും, അമ്മയും, മകനും, മകളുമൊക്കെയുണ്ട്‌. അവരുടെ ജീവിതം അഭിമുഖീകരിക്കുന്ന പ്രതിസന്ധികള്‍. അസുരമായ കാലത്തിന്റെ രേഖപ്പെടുത്തലുകളായി മാറുന്നു. പരിചിതമെങ്കിലും നമ്മളതില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന തോന്നലാണ്‌ നമ്മളെ പലപ്പോഴും വിചാരവിചാരണകളില്‍ നിന്ന്‌ അകറ്റി നിര്‍ത്തുന്നത്‌. ആ ബോധ്യത്തെ അഴിച്ചെടുക്കാനുളള ശ്രമമാണ്‌ സമാഹാരത്തിലെ വാതില്‍, വിവസ്‌ത്രന്‍, ഒരമ്മ മകനയച്ച കത്ത്‌, ഒരച്ഛനും മകളും, കണ്ണ്‌ രണ്ട്‌, വേലായുധന്റെ പാങ്ങില്ലായ്‌മകള്‍ തുടങ്ങിയ കഥകള്‍ അനുഷ്‌ഠിക്കുന്നത്‌.
എഴുതാന്‍ ഞാനും വായിക്കാന്‍ നിങ്ങളും ഇല്ലാതാകുന്ന ഒരു ലോകത്തെ ഭാവന ചെയ്യാമെന്ന്‌ മണ്ണറിയാത്തവര്‍ എന്ന കഥ പ്രകോപിപ്പിക്കുന്നുണ്ട്‌. മണ്ണ്‌ മറഞ്ഞു. മരങ്ങള്‍ മറഞ്ഞു. ഒരു വേരു പോലും ഇറങ്ങാനാവാത്ത വിധം ഭൂമിയില്‍ സിമന്റു വനങ്ങള്‍ നിറഞ്ഞു. നനവില്ലാത്തതിനാല്‍ ഉളളതു വെന്തും പോയി. പ്രകൃതിയുടെ സ്‌പന്ദനങ്ങളെ കാലത്തില്‍ ലയിപ്പിച്ച്‌ നാം നിര്‍ണ്ണയിച്ച മാസങ്ങളുടെ സ്വഭാവത്തില്‍പോലും മാറ്റങ്ങളായി. വലിയ വീടും ബാങ്ക്‌ ബാലന്‍സും ജോലിയും വരുമാനവുമായി സ്വസ്ഥരാകാന്‍ നമ്മള്‍ ശ്രമിക്കുന്നു. എന്നാല്‍ ഒന്നും ഭദ്രമല്ലെന്നു ഓര്‍മ്മിപ്പിക്കുകയാണ്‌ കര്‍ക്കിടകത്തിലെ കഥകള്‍. മണ്ണിനോടും മനുഷ്യനോടുമുളള ആഭിമുഖ്യമാണ്‌ അതില്‍ പ്രകടമാക്കുന്നത്‌. മനുഷ്യന്‌ ഈ മണ്ണില്‍ ജീവിക്കുന്നതിന്‌ പശ്ചാത്തലമൊരുക്കുന്ന പ്രകൃതിയോടുളള ആരാധനയും പ്രതിഭാസങ്ങളോടുളള കൂടും അവയിലുണ്ട്‌. കടലും പുഴയും വഴിയും മഴയും മരവും മനുഷ്യനോടു ചേര്‍ന്നു നിന്നുകൊണ്ട്‌ സമൃദ്ധിയുടെയും സമീകരണത്തിന്റെയും ആകാശത്തെ വരയ്‌ക്കുമ്പോള്‍ ടി.വി.യും മൊബൈല്‍ ഫോണും, കമ്പ്യൂട്ടറും, സീരിയലും, ബാറും, ബ്യൂട്ടിപാര്‍ലറും ചേര്‍ന്ന്‌ പുതിയ കാലഘട്ടത്തിന്റെ ശിഥിലതയെ പകര്‍ത്തുന്നു.
ഭാഷാപരമായ കസര്‍ത്തുകളൊന്നുമില്ലാതെ കൊച്ചുകൊച്ചു വാക്യങ്ങളിലൂടെ പൂര്‍ണ്ണത നേടുന്ന കര്‍ക്കിടകത്തിലെ കഥകള്‍ വായനയെ ഊര്‍ജ്ജസ്വലമാക്കും. ഒന്നു ഉറപ്പിച്ചു പറയാം. കുറുങ്കഥയെ ശക്തമായ ഒരു സാഹിത്യ മാധ്യമമാക്കുന്നതില്‍ സുനില്‍ പി. മതിലകം വിജയിച്ചിരിക്കുന്നു.


കര്‍ക്കിടകം (കഥകള്‍)                                        ഡോ. സാജന്‍ പാലമറ്റം
സുനില്‍ പി. മതിലകം                                                          
                                    
പ്രിന്റ്‌ ഹൗസ്‌- മതിലകം                                       കുറിച്ചിത്താനം
40 രൂപാ                                                         ഉഴവൂര്‍, PIN: 686634

1 comment:

  1. എല്ലാ ആശംസകളും...(കവർ ഡിസൈനിലെ കുട്ടി മലയാളി അല്ലെ..??)

    ReplyDelete