Monday, August 6, 2012


കഥ 

തീയുമായയി നടന്ന ഒരാള്‍ 
 സുനില്‍ പി.മതിലകം
അന്നും മറിച്ചല്ല സംഭവിച്ചത്. തലവേദനയുണ്ടാക്കുന്ന തീരുമാനങ്ങള്‍ തന്റെ തലയില്‍ തന്നെ കെട്ടിവെച്ചാലേ ഇവര്‍ക്കൊക്കെ സമാധാനമാകൂ. ഗ്രാമീണ വായനശാലയുടെ ഭരണസമിതി യോഗത്തിലാണ് ഇത് സംഭവിച്ചത്.
കുടുംബ പ്രാരാബ്ധങ്ങളുടെ നെട്ടോട്ടമില്ലാത്തവനെന്നും തൊഴില്‍ തിരക്കിന്റെ ഒഴിവുകഴിവില്ലാത്തവനെന്നും എന്തിനും ഏതിനും ഇറങ്ങിപ്പുറപ്പെട്ടാല്‍ അതിനായി വിശപ്പും ദാഹവും മറന്ന്, രാവെന്നോ പകലെന്നോ ഇല്ലാതെ ഓടി നടക്കുന്നവനെന്നുമെല്ലാമാണ് ഇവരുടെയൊക്കെ വെപ്പ്. പൊതുവെ ഒന്നില്‍നിന്നും ഒഴിഞ്ഞുമാറുന്ന പ്രകൃതമല്ല. അങ്ങനെയാവുമ്പോള്‍ മറ്റുള്ളവര്‍ക്ക് കാര്യങ്ങള്‍ കൂടുതല്‍ സൗകര്യമാകുമല്ലോ?
''ഞാന്‍ തന്നെ വേണോ?''
ഇതിലപ്പുറം ഒരെതിര്‍പ്പ് അന്നേരങ്ങളില്‍ ഉണ്ടാവില്ലെന്ന് അവര്‍ക്കറിയാം.
''കരുണനാവുമ്പോ അതിന്റേതായ ഒരു ഉത്തരവാദിത്വവും വേഗവും ഉണ്ടാവും, അല്ലേ സെക്രട്ടറി...?''
പ്രസിഡണ്ട് അപ്പുവിന്റെ കള്ളച്ചിരിയോടെയുള്ള തലോടല്‍ കൂടിയാവുമ്പോള്‍ ട്രാക്കില്‍ വീണിരിക്കും.
വായനശാലയെ വിപുലമായ ഒരു ഗ്രന്ഥശാലയാക്കാനുള്ള ആലോചനയാണ് യോഗത്തില്‍ നടന്നത്. ഗ്രന്ഥാലാസംഘത്തിന്റെ അഫിലിയേഷന്‍ ലഭിക്കാന്‍ ഒരു നിശ്ചിത എണ്ണം പുസ്തകങ്ങള്‍ സംഘടിപ്പിക്കണം. പണം കൊടുത്ത് വാങ്ങാനുള്ള സാമ്പത്തിക സ്ഥിതി ഇല്ല. സൗജന്യമായി ലഭിക്കുന്നതും പലതും സ്‌പോണ്‍സര്‍ ചെയ്യുന്നതുമായ പത്രമാസികാദികളാണ് ഇപ്പോള്‍ വായനശാലയിലുള്ളത്. അംഗങ്ങളില്‍നിന്നും ലഭിക്കുന്ന തുച്ഛമായ മാസവരിയാണ് ഏക സാമ്പത്തിക സ്രോതസ്സ്. അഫിലിയേഷന്‍ ലഭിച്ചാല്‍ ലൈബ്രറിക്ക് മാസാമാസം അലവന്‍സും വര്‍ഷാവര്‍ഷം പുസ്തകം വാങ്ങാന്‍ ഗ്രാന്റും കിട്ടും. നാട്ടിലിറങ്ങി പുസ്തകങ്ങള്‍ ശേഖരിക്കാനും വിലക്കുറവുള്ള പുസ്തകങ്ങള്‍ വാങ്ങി എണ്ണം തികയ്ക്കാനുമാണ് യോഗത്തില്‍ തീരുമാനമായത്.
''നമ്മുടെ തെക്കുംപുറത്ത് ഭാസ്‌കരേട്ടന്റെ വീട്ടില് കുറേ പുസ്തകങ്ങള് ഉണ്ടെന്നാ...''
സെക്രട്ടറി ദിനേശനാണ് അതെടുത്തിട്ടത്.
''കുറേ കാലായി, തട്ടുപുറത്ത് ചാക്കേളിലായി കെട്ടിയിട്ട്‌ര്ക്ക്ണ്, ഒരിക്കല്‍ ഞാനവിടെ വൈറ്റ്വാഷിന്റെ പണിക്ക് പോയപ്പോ കണ്ടതാ. കരുണന്റെ തെക്കേക്കാരനല്ലേ, ചോദിച്ചാ തരാതിരിക്കില്ല.''
ദിനേശന്റെ റോള്‍ അവിടെ അവസാനിക്കുകയാണ്. ചിലര്‍ അങ്ങനെയാണ്. അഭിപ്രായം പറയാനും നിര്‍ദ്ദേശം വെയ്ക്കാനും ആവേശത്തോടെ ഉണ്ടാവും. നടപ്പില്‍ വരുത്താന്‍ ഇങ്ങനെ ചില ഒഴിഞ്ഞുകിടക്കുന്നവരും വരും. അയല്‍വാസി - പോരേ പൂരം അയാളുടെ സ്വഭാവമൊന്നും ഇവറ്റകള്‍ക്കറിയില്ല. അറിയാത്തതൊന്നുമല്ല. ഒരിക്കല്‍ അതില്‍ നിന്നുമൊരു പുസ്തകം വായിക്കാന്‍ ചോദിച്ചപ്പോള്‍ ഭാസ്‌കരേട്ടനില്‍നിന്നും കേട്ടതുതന്നെ അധികം. പിന്നെ, ആ പടി ചവിട്ടാന്‍ തോന്നാറില്ല.
അയാളുടെ മകന്‍ അജയന്റെ പുസ്തകശേഖരണമാണത്. ഏക സന്തതിയായിരുന്നു അജി. മെഡിസിന് പഠിക്കാന്‍ കോഴിക്കോട്ടേക്ക് പോയ അജിയെക്കുറിച്ച് പിന്നെയറിഞ്ഞത് ജയിലിലാണെന്നാ. അടിയന്തരാവസ്ഥക്കാലമായിരുന്നു. ജയിലില്‍നിന്ന് ഭ്രാന്താശുപത്രിയില്‍ അടച്ചെന്നും കേട്ടു. ഒരു ദിവസം അജയന്റെ മരണവാര്‍ത്തയും വന്നെത്തി. ആത്മഹത്യ ചെയ്തതാണത്രെ. അതേപ്പിന്നെ ഭാസ്‌കരേട്ടനും കാര്‍ത്ത്യായിനിചേച്ചിയും തനിച്ചുള്ള ഒരു ലോകമായി അത്. പൊതു പ്രവര്‍ത്തനത്തോടും അതിന് നടക്കുന്നവരോടും വെറുപ്പാണ് അവര്‍ക്ക്. അത്തരം കാര്യങ്ങള്‍ക്കായി അതുവഴി പോകുമ്പോ അങ്ങോട്ടാരും തിരിഞ്ഞുനോക്കാറില്ല. അങ്ങനെ ഒരിടത്തേക്കാണ് തന്നെ നിയോഗിക്കുന്നതെന്ന് അറിഞ്ഞപ്പോള്‍ പിന്‍ തിരിയാന്‍ ശ്രമിച്ചതാണ്. ദിനേശിന്റെ വാക്കുകള്‍ കേള്‍ക്കാത്തമട്ടിലിരിക്കുന്ന തനിക്കു നേരെയാണ് ഇപ്പോള്‍ എല്ലാവരും നോക്കുന്നത്.
''ഭാസ്‌കരേട്ടനെ ഞാന്‍ കാണാം, പക്ഷെയെങ്കില് ഞാനൊറ്റയ്ക്കല്ല, നിങ്ങളില്‍ നിന്ന് മൂന്നാളെങ്കിലും വരണം.''
ആവശ്യം നിരാകരിക്കാന്‍ യോഗത്തിനായില്ല. ഈയൊരു ചെറിയ കാര്യത്തിന് എന്തിനാണ് സബ് കമ്മിറ്റി എന്ന് ഇടങ്കോലുകള്‍ ഇടാനും ആളുണ്ടാകാതിരുന്നില്ല. ഒടുവില്‍ തനിക്കൊപ്പം മെമ്പര്‍മാരായ അന്‍വര്‍, ഫാസില്‍, കണ്ണന്‍ എന്നിവരെയും നിയോഗിച്ച് യോഗം പിരിഞ്ഞു. ഭാസ്‌കരേട്ടനെ ഇന്നുതന്നെ നേരില്‍കണ്ട് കാര്യങ്ങള്‍ അവതരിപ്പിക്കണമെന്ന ഉദ്ദേശ്യത്തോടെ അവരുമായി പുറത്തിറങ്ങി.
ഭാസ്‌കരേട്ടന്റെ പടിക്കലെത്തി, അകായിലേക്കു കയറി. താമസക്കാര്‍ ഉപേക്ഷിച്ചുപോയ ഒരു വീടിന്റെ വിജനതയിലേക്ക് പ്രവേശിക്കുന്നതായി തോന്നി. ഉണക്കിലകള്‍ പാറിക്കിടക്കുന്നുണ്ട്. ഉമ്മറമാകെ ചപ്പുചവറുകളാല്‍ അലങ്കോലപ്പെട്ടു കിടക്കുന്നു. ആരേയും പിന്തിരിപ്പിക്കുന്ന മൂകത. മുറ്റത്തേയ്ക്ക് കാലെടുത്ത് വെച്ചപ്പോള്‍ തന്നെ നിശബ്ദതയെ മുറിച്ച, കരിയിലകളിലമര്‍ന്ന ചറപറ ശബ്ദം വിറകൊണ്ടു. വാതിലിന്റെ സാക്ഷ നീക്കുന്ന അനക്കം. വാതില്‍ മെല്ലെ തുറന്ന് ഭാസ്‌കരേട്ടന്‍ പുറത്തിറങ്ങി. അയാള്‍ ഇത്രവേഗം പടുവൃദ്ധനായോ എന്ന അമ്പരപ്പിലായിരുന്നു താനപ്പോള്‍. വളരെ നാളുകള്‍ക്കു ശേഷമാണ് അയാളെ കാണുന്നത്. ഭാസ്‌കരേട്ടന്‍ തീരെ പുറത്തുവരാറില്ല. ചുക്കിച്ചുളിഞ്ഞ മെയ്യ് നാടന്‍ മുണ്ടുകൊണ്ട് മറച്ചിട്ടുണ്ട്. പിഞ്ഞിത്തുടങ്ങിയ ഖദര്‍മുണ്ട്. കണ്ണില്‍ പീളയടിഞ്ഞിരിക്കുന്നു.
''എന്താ എല്ലാവരും കൂടി? വല്ല പിരിവോ മറ്റോ ആണോ?''
ഭാസ്‌കരേട്ടന്‍ സൗഹൃദഭാവത്തോടെയാണ് എന്നറിഞ്ഞപ്പോള്‍ ആശ്വാസമായി. പഴയ മൂശാട്ടകളെല്ലാം അയാളില്‍നിന്നും അകന്നുപോയോ? എന്തു പറയുമെന്ന തപ്പിപ്പിഴയിലായി ഞങ്ങള്‍. എവിടെ   തുടങ്ങണമെന്നോ എങ്ങനെ തുടങ്ങണമെന്നോ നിശ്ചയമില്ലാതെ പതുങ്ങി. ഭാസ്‌കരേട്ടന്റെ പ്രതികരണത്തെ ഏതുവിധത്തിലും പ്രതിരോധിക്കാന്‍ മുന്‍കരുതലോടെയാണ് ഇറങ്ങിപ്പുറപ്പെട്ടത്. അയാളുടെ മുന്നില്‍ ആദ്യമാര് പറയുമെന്ന മട്ടില്‍ മിഴിച്ചുനില്‍ക്കുന്നു!
''അത്... പിന്നെ, ഭാസ്‌കരേട്ടാ...''
താന്‍ തന്നെയാണ് ആദ്യം വാ തുറന്നത്.
''എന്താടോ, കാര്യം പറയെടോ...''
അയാളുടെ മുശാട്ട സ്വഭാവം മറനീക്കി പുറത്തുവരുന്നതു പോലെ.
''നമ്മ്‌ടെ ഗ്രാമീണ വായനശാലയില്‍ ഒരു ഗ്രന്ഥശാലകൂടി തുടങ്ങാനുള്ള ശ്രമത്തിലാണ് ഞങ്ങള്‍. പുതിയ പുസ്തകങ്ങള്‍ വാങ്ങുന്നതോടൊപ്പം പഴയ പുസ്തകങ്ങള്‍ നാട്ടുകാരില്‍നിന്നും ശേഖരിക്കുകയാണ്. ഇവിടെയുള്ള അജിയുടെ പുസ്തകശേഖരം ഗ്രന്ഥശാലയ്ക്കു തന്നാല്‍ അത് വലിയൊരു സഹായമാവും.''
ബാക്കി എങ്ങനെയോ പൂരിപ്പിക്കുകയായിരുന്നു.
''ഏതു പുസ്തകം. എന്ത് പുസ്ത്കം? എനിക്കൊന്നുമറിയില്ല പിള്ളേരെ...''
അയാള്‍ ശാന്തനായി ഒഴിഞ്ഞുമാറാന്‍ തുടങ്ങിയപ്പോഴേക്കും കൂട്ടത്തിലെ ഫാസില്‍ ഇടയ്ക്ക് കയറി.
''ഭാസ്‌കരേട്ടന്റെ തട്ടില്‍പുറത്തെ ചാക്കുകെട്ടുകളില്‍ സൂക്ഷിച്ചിരിക്കണ പുസ്തകങ്ങളാണ് ഞങ്ങ ചോദിച്ചത്. അതവിടെക്കിടന്ന് ചെതല് തിന്നുന്നതിലും ഭേതമല്ലേ, ആരെങ്കിലുമൊക്കെ വായിക്ക്ണത്. അജിയുടെ സ്മാരകമായി ഞങ്ങത് സംരക്ഷിച്ചുകൊള്ളാം.''
''നിങ്ങടെ തുടക്കത്തീത്തന്നെ കാര്യനിയ്ക്ക് പിടികിട്ടീ. അതീന്ന് ഒരു പുസ്തകം പോയിട്ട് ഒരേട് കിട്ടീട്ട് നിങ്ങള് ഗ്രന്ഥശാല തുടങ്ങില്ല. അത് ചിതലിന് തിന്നാന്‍ തന്ന്യ ഇട്ടിരിക്കണ്. അവറ്റകള്‍ക്കെങ്കിലും പ്രയോജനം ഉണ്ടാവോലോ... ആര്‍ക്കാ ഇപ്പ ചേതം?''
പരിസരവും ഭാവവും മാറുന്നതായി അവരറിഞ്ഞു. ഭാസ്‌കരേട്ടനിലെ മൂശാട്ടക്കാരന്‍ പുറത്തു ചാടി.
''ഞങ്ങട ജീവിതം തകര്‍ത്ത പുസ്തകങ്ങളാണത്. പഠിക്കാനവന്‍ മിടുക്കായിരുന്നു. എന്തെല്ലാം പ്രതീക്ഷകളായിരുന്നുവെന്നോ ഞങ്ങക്ക്. ഈ വീട് കണ്ടോ നിങ്ങ? നിങ്ങള്‍ക്ക് രവീന്ദ്രന്‍ ഡോക്ടറെ അറിയില്ലേ? അവരൊന്നിച്ചാ ഇവിടേന്ന് പഠിക്കാന്‍ പോയത്. രവീടെ സ്ഥിതിയെന്താ ഇപ്പൊ? പണമോ പ്രതാപമോ ഒന്നും ഞങ്ങള്‍ക്ക് വേണ്ട. അവന്‍ കൂടെയുണ്ടായാ മതിയായിരുന്നു. അങ്ങടെ കുട്ടി വഴി തെറ്റിയത് ആ പുസ്തകങ്ങളൊക്കെ വായിച്ചാ...''
ഭാസ്‌കരേട്ടന്‍ നിന്ന് കിതച്ചു. തെല്ലിട ആരുമൊന്നും ഉരിയാടിയില്ല. അപ്പോഴേക്കും കാര്‍ത്ത്യായിനിച്ചേച്ചി കട്ടന്‍ ചായയുമായെത്തി.
''ദേ മക്കളെ... ഇത് കുടിക്ക്... എന്നിട്ടാവാം സംസാരം.''

ചായകുടിച്ച് ഗ്ലാസ്സ് തിരികെ കൊടുത്തു. വീണ്ടും ഭാസ്‌കരേട്ടനിലേക്ക് തിരിഞ്ഞു.
''ഭാസ്‌കരേട്ടോ... പുസ്തകമൊക്കെ വായിച്ച് ഇന്നാരെങ്കിലും വഴിതെറ്റുമെന്ന് തോന്നുന്നുണ്ടോ? അല്ലെങ്കിലും പുസ്തകങ്ങള്‍ എന്തു പിഴച്ചു? ഒരു നല്ല നാളെ സ്വപ്നം കാണാന്‍ എല്ലാവര്‍ക്കും അവകാശമില്ലെ. അജിയേട്ടനും അത്രയേ ചെയ്തുള്ളൂ. അതിലൊന്നും ഒരു തെറ്റും ഇല്ല്യ.''
കൂടെയുള്ള വിനോദിന്റെ വാക്കുകള്‍ക്കൊന്നും അയാളിലെ തീ കൊടുത്താനായില്ല. അത് ആളി കത്തുകയേ ഉണ്ടായുള്ളൂ.
''എന്നോടാരും സിദ്ധാന്തം വിളമ്പാന്‍ വരണ്ട. ഒക്കെ പൊയ്‌ക്കോ. ഇതിനായിട്ടാരും ഈ മുറ്റം കയറണ്ട.''
ആട്ടിപ്പുറത്താക്കുന്നതുപോലെ അലറിക്കൊണ്ട് അയാള്‍ അകത്തേക്കു കയറിപ്പോയി വാതില്‍ കൊട്ടിയടച്ചു.
''ഞാനപ്പഴേ കരുതിയതാ ഇത് ശരിയാവില്ലെന്ന്...''
തനിക്കുണ്ടായ അമര്‍ഷം അടക്കാന്‍ കഴിഞ്ഞില്ല. ഫാസില്‍ സമാധാനിപ്പിച്ചു.
''അത് സാരമില്ലെടോ... അയാളൊന്ന് ആറിത്തണുക്കട്ടെ. നമുക്ക് പ്രസിഡണ്ടിനേയും സെക്രട്ടറിയേയും പറഞ്ഞു വിടാം.''
പിറ്റേന്ന് വെളുപ്പിന് ഏതോ ഒരു സ്വപ്നത്തിന്റെ അവസാനമാണ് ആളിക്കത്തുന്ന തീ കണ്ടത്. കണ്ണുതുറന്നപ്പോഴാണ് അത് സ്വപ്നമല്ലെന്നറിഞ്ഞത്. തെക്കെ വേലിക്കപ്പുറം ആളിക്കത്തുന്ന തീ ജനാലഴിയിലൂടെ കാണാം. ഭാസ്‌കരേട്ടന്റെ വളപ്പിലാണ്. എഴുന്നേറ്റു പുറത്തേക്കു വന്നപ്പോള്‍ അനിയത്തി മുറ്റമടിക്കുകയാണ്.
''ഏട്ടാ... അജിയേട്ടന്റെ പുസ്തകങ്ങളാ കൂമ്പാരമിട്ട് കത്തിക്ക്ണത്. കാര്‍ത്ത്യായിനിചേച്ചിയുടെ കരച്ചില് കേട്ട് ചെന്നപ്പഴാ വിവരമറിയ്ണത്. അമ്മവടേയ്ക്ക് പോയിട്ട്ണ്ട്.''
അനിയത്തിയുടെ വിവരണം മുഴുവനാക്കുന്നതിനുമുമ്പ് അഴയില്‍നിന്നും ഷര്‍ട്ട് വലിച്ചെടുത്തിട്ട് ഭാസ്‌കരേട്ടന്റെ വളപ്പിലേക്കോടി. അകത്തേയ്ക്ക് കയറിച്ചെന്നപ്പോഴേക്കും ആളിക്കത്തുന്ന തീ മണ്ണോടമരാന്‍ തുടങ്ങിയിരുന്നു.
(2004)

Monday, July 30, 2012


ഒരെഴുത്തുകാരന്റെ വീട്
സുനില്‍ പി. മതിലകം
വായനാനുഭവം പോലെ സുഖകരമായിരിക്കണമെന്നില്ല, എഴുത്തുകാരുമായുള്ള കൂടിക്കാഴ്ചകള്‍. ചിലത് സ്മരണീയമാകുമ്പോള്‍, മറ്റു ചിലത് തിക്താനുഭവങ്ങളായിരിക്കും. എഴുത്തുകാരെ ഫോണില്‍ വിളിച്ചാലറിയാം, അല്ലെങ്കില്‍ എഴുത്തുകാര്‍ക്ക് കത്തെഴുതിയാലറിയാം; നമുക്കേറെക്കുറെ അവരുടെ സ്വഭാവസവിശേഷതകള്‍. ഇതെല്ലാം മുന്നിലുള്ളപ്പോഴാണ് ഒരെഴുത്തുകാരന്റെ വീട്ടിലേക്കുള്ള യാത്ര.
സി. രാധാകൃഷ്ണന്‍ എന്ന എഴുത്തുകാരന്റെ കലൂരിലുള്ള വീട്ടിലേക്കെത്തിയത് സുഹൃത്തും സഹപ്രവര്‍ത്തകനും പ്രിന്റിങ് ഡിസൈനറുമായ നൗഷാദ് കാതിയാളവുമായാണ്. ഫോണില്‍ വഴി ചോദിച്ചാണവിടെയെത്തിയത്. മതിലിലോ ഗെയ്റ്റിലോ സാറിന്റെ നെയിം ബോര്‍ഡ് ഉണ്ടായിരുന്നില്ല. ഫോണില്‍ വീടിന്റെ നമ്പര്‍ പറഞ്ഞുവെങ്കിലും റസിഡന്‍സ് അസോസിയേഷന്റെ നമ്പറും മാഞ്ഞുപോയിരുന്നു. കുറച്ചലയലിനുശേഷമാണ് വീടു കണ്ടെത്താന്‍ കഴിഞ്ഞത്. റോഡേ നടന്നുപോകുകയായിരുന്ന ഒരു യുവാവിനോട് നമ്പര്‍ അന്വേഷിച്ചു. ആ നമ്പറുള്ള വീട് യുവാവിന് അറിയില്ലായിരുന്നു. ആ വീട്ടിലുള്ള ആളുടെ പേര് യുവാവ് തിരക്കിയപ്പോള്‍ രാധാകൃഷ്ണന്‍സാറിന്റെ പേര് പറയുകയും, യുവാവ് കൃത്യമായി വീട് കാണിച്ചുതരികയുമായിരുന്നു. (ഇതെല്ലാം നഗരത്തിലെ വേറിട്ട അനുഭവമാണ്)
മലപ്പുറം ജില്ലയിലെ തിരൂരിനടുത്തുള്ള ചമ്രവട്ടത്തുള്ള വീട്ടിലും രാധാകൃഷ്ണന്‍സാര്‍ ഉണ്ടാകാറുണ്ട്. ഇടയ്ക്ക് എറണാകുളത്തുള്ള വീട്ടില്‍ മാഷ് വരും. ഏക മകന്‍ ഡോ. കെ.ആര്‍. ഗോപാലിന്റെ കുടുംബത്തോടൊപ്പമാണ് കലൂര്‍ ആസാദ് റോഡിലെ ആശ്രമം ലെയിനിലുള്ള വീട്ടിലെ മാഷിന്റെ വാസം. നഗരത്തിന്റെ അകത്താണ് സാറിന്റെ വീടെങ്കിലും നാട്ടിന്‍പുറത്തുള്ള ഒരു വീടിന്റെ മുറ്റമാണ്, ആ വീട്ടുമുറ്റത്തേക്ക് കയറിച്ചെല്ലുമ്പോള്‍ നമ്മെ ഓര്‍മ്മപ്പെടുത്തുക. മാഷ് വീടിന്റെ ചവിട്ടുപടിയില്‍ ആറുമാസം പ്രായമായ പേരക്കുട്ടി ഹരികൃഷ്ണയെ മടിയിലിരുത്തി മുറ്റത്ത്, മറ്റു പേരക്കുട്ടികളായ ഹരിഗോവിന്ദിന്റെയും നവനീത് കൃഷ്ണന്റെയും ഓരോരോ കളികള്‍ വീക്ഷിച്ചങ്ങനെ ഇരിക്കുകയായിരുന്നു.
മുറ്റത്തെ മണലില്‍ പേരക്കുട്ടികള്‍ ഒരു ചെറിയ കുഴി കുഴിച്ച് കുളമായി സങ്കല്പിച്ചിരിക്കുകയാണ്. അതിനുചുറ്റും മുറ്റത്തുനിന്ന് പറിച്ചെടുത്ത ചെടികള്‍ 'കുള' ത്തിനുചുറ്റും 'നട്ടി'രിക്കുന്നു. ഇതിനാലാണ് അവരുടെ കളികള്‍. മണ്ണില്‍ കളിക്കാനോ, മണ്ണില്‍ ചവിട്ടുവാനോ കുട്ടികളെ അനുവദിക്കാത്ത പുതുകാലത്തിന്റെ അച്ഛനമ്മമാരെ അന്നേരം ഓര്‍ത്തു. സി. രാധാകൃഷ്ണന്‍ എന്ന എഴുത്തുകാരന്റെ വീട്ടുമുറ്റത്ത് കുട്ടികളിങ്ങനെ കളിക്കാതിരിക്കില്ല.
അദ്ദേഹം ഞങ്ങളെ സ്വീകരിച്ച് അകത്തേക്കിരുന്നു. മരുമകള്‍ സുഭദ്ര വന്ന് കുട്ടിയെ സാറില്‍നിന്ന് വാങ്ങിക്കൊണ്ടുപോകുന്നതുവരെ ഹരികൃഷ്ണ മാഷിന്റെ കൈയില്‍ തന്നെയായിരുന്നു.
എഴുത്തുകാര്‍ക്കുള്ള പതിവുജാഡകളൊന്നും മാഷ് എടുത്തണിഞ്ഞിട്ടില്ല. പല എഴുത്തുകാരേയും നേരില്‍ കണ്ടിട്ടുണ്ട്. അടുത്ത് ഇടപഴകിയിട്ടുണ്ട്. ഇത്രയും സൗമ്യനും വിനയാന്വിതനുമായ, എഴുത്തിന്റെ ഉത്തുംഗശൃംഗത്തില്‍ വിരാജിക്കുന്നയാളുമായ ഒരു മഹത്‌വ്യക്തി ഞങ്ങളെ അമ്പരപ്പിക്കാതിരുന്നില്ല. മാഹിയിലുള്ള മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്‍ എം. മുകുന്ദന്‍സാറിന്റെ വീട്ടിലൊരിക്കല്‍ ഞങ്ങള്‍ ചെന്നപ്പോഴും ഈ ഊഷ്മളമായ സ്വീകരണം അനുഭവിച്ചിട്ടുണ്ട്.
സി. രാധാകൃഷ്ണന്‍സാര്‍ എഴുതിയത് വായിക്കുമ്പോള്‍, തൊട്ടരികിലിരുന്ന് ഒരാള്‍ നമുക്ക് പറഞ്ഞുതരുന്നതായി അനുഭവപ്പെടാറുണ്ട്. അത്രമേല്‍ ഹൃദയത്തെ തൊടുന്നതാണ് സാറിന്റെ എഴുത്ത്. അതില്‍നിന്ന് ഒട്ടും ഭിന്നമല്ല, അദ്ദേഹത്തെ നേരില്‍ കാണുമ്പോഴും ഇടപഴകുമ്പോഴും.
എഴുത്തുകാരുടെ രചനകള്‍ വായിച്ച് നിങ്ങള്‍ അനുഭൂതിനുകര്‍ന്നുകൊള്ളൂ, പക്ഷേ, നിങ്ങളവരെ കാണാന്‍ ശ്രമിക്കരുത് എന്നും, അങ്ങനെ സംഭവിച്ചാല്‍ എഴുത്തുകാര്‍ക്ക് നമ്മുടെ മനസ്സിലുള്ള ഇടം നഷ്ടപ്പെടുമെന്നും പലരുടെ അനുഭവം വായിക്കുമ്പോഴും പറയുമ്പോഴും നമുക്ക് ബോധ്യപ്പെടാറുണ്ട്.
മുക്കാല്‍ മണിക്കൂറോളം മാഷുമായി സംസാരിച്ചിരുന്ന് പിരിയുമ്പോള്‍, സാറിന്റെ നോവലിലെ ഉദാത്തമായ ഒരു കഥാപാത്രത്തെ കണ്ടുമുട്ടിയ വികാരവായ്പായിരുന്നു ഞങ്ങളില്‍ അന്നേരം നിറഞ്ഞുനിന്നത്.
ഞങ്ങളെ യാത്രയയയ്ക്കാന്‍ ഗെയ്റ്റ് വരെ സംസാരിച്ചുകൊണ്ടും ഇടയ്ക്ക് ചിരിച്ചുകൊണ്ടും മാഷ് കൂടെ വന്നു.
ഇതെഴുതിയപ്പോഴാണ് ഓര്‍ത്തത്- തന്റെ മഹത്വത്തിന്, സ്ഥാനത്തിന് എന്ത് ഇടിവാണ്, മനുഷ്യപ്പറ്റോടെ സ്‌നേഹം പങ്കുവെച്ചാല്‍ എഴുത്തുകാര്‍ക്ക് സംഭവിക്കുക? മനുഷ്യരോട് സൗമ്യമായി പെരുമാറിയാല്‍, അനാവശ്യമായ അഹംബോധത്തെ കൊടഞ്ഞു കളഞ്ഞാല്‍ എന്ത് 'വില'യാണ് ഇല്ലാതാവുക?
ജാഢയും ധാര്‍ഷ്ട്യവും എഴുത്തുകാര്‍ എടുത്തണിയേണ്ടതുണ്ടോ?
മറ്റൊരാളോടു സംസാരിക്കുമ്പോള്‍, തന്നെപ്പറ്റി, സ്വന്തം കൃതികളെപ്പറ്റി, തന്റേതായ എഴുത്തിനെപ്പറ്റി മാത്രം സംസാരിക്കുന്ന എഴുത്തുകാര്‍  ഏറെയുണ്ട് നമുക്കിടയില്‍.
ഇതിനപ്പുറം സംസാരിച്ചാല്‍ തന്നെ, അത് മറ്റുള്ളവരുടെ കുറ്റങ്ങളെക്കുറിച്ചാകാം, അല്ലെങ്കില്‍ അവരെക്കുറിച്ചുള്ള പരദൂഷണമാകാം, അതുമല്ലെങ്കില്‍ തന്നെ 'പാര'വെപ്പാകാം.
ഇവിടെയാണ് സി. രാധാകൃഷ്ണനെപ്പോലെയുള്ള എഴുത്തുകാര്‍ സൗഹൃദത്തിന്റെ തണല്‍വിരിച്ച് നമുക്കിടയിലുള്ളത്. മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരാ, അങ്ങേയ്ക്ക് നമോവാകം.


Monday, July 9, 2012
വാതിലിന് പുറത്ത് ഒരാളുണ്ട്
സുനില്‍ പി. മതിലകം''നാട്ടിലിക്കിപ്പൊ പോണ്ടാന്ന് വച്ച്‌ടോ..''
എങ്ങനെയെങ്കിലുമൊന്ന് ചാഞ്ഞാല്‍ മതിയെന്നു കരുതി, കിടക്കവിരി കുടഞ്ഞിടുമ്പോഴാണ് കൃഷ്‌ണേട്ടന്റെ ശബ്ദം കേട്ടമ്പരന്നത്. ഇപ്പറഞ്ഞത് കൃഷ്‌ണേട്ടന്‍ തന്നെല്ലേന്ന് ആദ്യമൊന്ന് സംശയിക്കാതിരുന്നില്ല.
ലീവിന് നാട്ടില്‍ പോകുന്നതിന്റെ ഒരുക്കങ്ങള്‍ ആറു മാസം മുമ്പേ അയാള്‍ തുടങ്ങിയിരുന്നുവല്ലോ.
വെള്ളിയാഴ്ച സിറ്റിയിലേക്കിറങ്ങിയാല്‍, എന്തെങ്കിലുമൊന്ന് വാങ്ങിയേ തിരിച്ചെത്തു, കൂട്ടിന് തന്നെയും കൂട്ടാറുണ്ട്. ആ ചെലവില്‍ ഒരു വടപ്പാവും കുടിക്കാന്‍ തണുത്തതെന്തെങ്കിലും കൃഷ്‌ണേട്ടന്‍ വാങ്ങിത്തരും. തിരിച്ച് നടക്കുമ്പോ നാട്ടിലേക്ക് പോകുന്നതിന്റെ ഒരാവേശപ്പറച്ചിലായിരിക്കും മൂപ്പര്. അന്നേരം അയാള്‍ക്ക് ആയിരം നാവാണ്.
ഇരുപതുകൊല്ലത്തെ മസ്‌ക്കത്തിലെ പ്രവാസ ജീവിതവും പ്രാരാബ്ധങ്ങളും ഓരോന്ന് അഴിക്കുന്തോറും മറ്റൊന്നായി മുറുകുന്ന ജീവല്‍പ്രശ്‌നങ്ങളൊക്കെ അന്നേരം കടന്നുവരും. നാട്ടിലേക്കുള്ള തിരിച്ചുപോക്കിന്റെ മനസ്സൊരുക്കത്തിലാണ് അതെല്ലാം ഒരുവേള മറവിയാകുന്നത്. രണ്ടു വര്‍ഷം കൂടുമ്പോഴാണ് രണ്ടുമാസത്തെ ലീവ് കിട്ടുന്നത്.
''വീട്ടിലെത്തിയിട്ട് വേണം മതിയാവോളമൊന്ന് ഉറങ്ങാന്‍, മനസ്സിന് പിടിച്ചതെെന്തങ്കിലും കഴിക്കാന്‍..''
കൃഷ്‌ണേട്ടന്‍ ഇടയ്ക്കിടെ, ഒരുവലിയ ആഗ്രഹം പോലെ പറയാറുണ്ട്.
''സതിയേച്ചിയോടുള്ള രണ്ടു വര്‍ഷത്തെ കടവും വീട്ടണമെന്നുകൂടി പറയ്യെന്റെ കൃഷ്‌ണേട്ടാ..''
കൂട്ടത്തിലുള്ള ഒരുത്തന്റെ കുസൃതി കമന്റ് കൂടി കേള്‍ക്കുന്നതോടെ ഒരു കള്ളച്ചിരിയുമായി അയാള്‍ മുന്നില്‍നിന്നും മാറിക്കളയും.
എന്താ ഇപ്പൊ, കൃഷ്‌ണേട്ടന് സംഭവിച്ചത്?
ഷോപ്പോണര്‍ എന്തെങ്കിലും തടസ്സം പറഞ്ഞിട്ടുണ്ടാകുമോ?
അങ്ങിനെ പറയാന്‍ വഴിയില്ലല്ലൊ. കൃഷ്‌ണേട്ടന്‍ പോയാലും പകരം ആളുണ്ട്. അര്‍ഹതപ്പെട്ട ലീവ് അനുവദിക്കുന്ന കാര്യത്തില്‍ യാതൊരു അമാന്തവും കാണിക്കുന്ന ആളല്ല ഷോപ്പ്ഓണര്‍. പിന്നെന്താണാവോ കാര്യം?
വീട്ടില്‍ ഇനി പുതിയ ചെലവുകളെന്തെങ്കിലും?
വീടിന്റെ ലോണ്‍ നിലവിലുള്ളതാണ്. അത് അതാത് മാസം വീഴ്ചയില്ലാതെ തിരിച്ചടയ്ക്കുന്നുണ്ടെന്ന് അറിയാം.
ഹോസ്പിറ്റല്‍ കേസ്സൊന്നുമല്ലെന്ന് കൃഷ്‌ണേട്ടന്റെ സ്വരത്തില്‍ നിന്നു തന്നെ തിരിച്ചറിയാം.
ഇനി, സതിചേച്ചിയായിട്ട് വല്ല പ്രശ്‌നവും?
ഫോണ്‍ ചെയ്യുമ്പോ, ഒന്നും രണ്ടും പറഞ്ഞ് ഒടുവില്‍ തെറ്റുന്നത് പതിവാണ്. അതിലും പുതുമയൊന്നുമില്ല.
'' കൃഷ്‌ണേട്ടാ, പുറത്ത് തണുത്ത കാറ്റുണ്ട്. വാ, എഴുന്നേല്‍ക്ക്''
കട്ടിലില്‍ മലര്‍ന്നു കിടന്ന് നെഞ്ച് തടവിക്കൊണ്ടിരുന്ന അയാളെ പുറത്തേക്ക് ക്ഷണിച്ചു.
പുറത്തുള്ള ആര്യവേപ്പിന്റെ ചുവട്ടിലെ കോണ്‍ക്രീറ്റ് ബെഞ്ചില്‍ ചെന്നിരുന്നു.
''എന്തുപറ്റി കൃഷ്‌ണേട്ടാ...''
''സതി വിളിച്ചിരുന്നു.. അങ്ങോട്ടിപ്പൊ ചെല്ലണ്ടാന്ന് പറഞ്ഞു.''
കൃഷ്‌ണേട്ടന്റെ പതറിയ വാക്കുകള്‍. നനഞ്ഞ കണ്ണുകള്‍.
''അങ്ങോട്ട് ചെല്ലെണ്ടാന്നോ? സതിയേച്ചി എന്താ അങ്ങ്‌നെ പറയ്ണത്!?''
''അവ്‌ടെ രണ്ട് പെയിംഗ് ഗസ്റ്റുകളെ കിട്ടിയിട്ടുണ്ടത്രെ. മാസാമാസം നല്ലൊരു തുക കിട്ടോന്ന്.. ഉള്ള രണ്ട് ബെഡ്‌റൂം അവര്‍ക്ക് കൊടുത്തു. ബാക്കിയുള്ളിടത്താണ് അമ്മയും അവളും കുട്ടികളും കഴിയുന്നതത്രെ. താന്‍കൂടി അങ്ങോട്ടിപ്പൊ ചെന്നാ കൂടുതല്‍ അസൗകര്യമാകുമെന്നാ സതി പറയ്ണ്ത്..''
നനഞ്ഞ ചിരിയോടെയുള്ള കൃഷ്‌ണേട്ടന്റെ ആ വാക്കുകള്‍ക്ക് മുമ്പില്‍ ഒന്നും ഉരിയാടാതെ എത്ര നേരമങ്ങിനെ ഇരുന്നതെന്നറിയില്ല.
(2010)

Friday, June 22, 2012

ഒരേട് എഴുതിച്ചേര്‍ക്കാന്‍...


എന്റെ വിദ്യാലയത്തില്‍ വീണ്ടുമെത്തിയപ്പോള്‍...
കേരളത്തിലെ പലയിടത്തായി ഒട്ടേറെ വേദികളില്‍ സംസാരിച്ചിട്ടുണ്ടെങ്കിലും, സ്വന്തം നാട്ടിലെ പഠിച്ചിറങ്ങിയ വിദ്യാലയത്തില്‍ ഒരു ചടങ്ങില്‍ പങ്കെടുത്ത് സംസാരിച്ചത് ഇന്നലെയായിരുന്നു. വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനമാണ് എനിക്ക് നിര്‍വ്വഹിക്കാനുണ്ടായിരുന്നത്. വളരെ സന്തോഷകരമായ ഒരു മുഹൂര്‍ത്തമായിരുന്നു അത്. 
ഞങ്ങളെ രസതന്ത്രം പഠിപ്പിച്ചിരുന്ന ഗ്രാസിയ ടീച്ചര്‍, മലയാളം പഠിപ്പിച്ചിട്ടുള്ള വിക്‌ടോറിയ ടീച്ചര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. മറ്റൊരു സവിശേഷത, ഇതേ വിദ്യാലയത്തില്‍ 6-ാം ക്ലാസ്സില്‍ പഠിക്കുന്ന എന്റെ മകന്‍ അഭിയും സദസ്സില്‍ ഉണ്ടായിരുന്നു.
ഇതെല്ലാം പറഞ്ഞുകൊണ്ടാണ് ഞാന്‍ സംസാരം തുടങ്ങിയത്.
സാഹിത്യരചനയ്ക്ക്, പഴയകാലത്ത് ഞങ്ങള്‍ക്ക് ലഭിക്കാതെ പോയതും, ഇന്നത്തെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നതുമായ ചില സൗഭാഗ്യങ്ങള്‍ പ്രസംഗത്തില്‍ സൂചിപ്പിച്ചു.
ആരോടൊന്നും അത്ര ഇടപഴകാതെ, കഥയോകവിതയോ ഒരുവരിപോലും എഴുതാതെ, വളരെ ഒതുങ്ങി, തന്നിലേക്കു തന്നെ പരമാവധി  ഉള്‍വലിഞ്ഞ ഒരു പ്രകൃതക്കാരനായ എന്നിലെ വിദ്യാര്‍ത്ഥി അന്നൊന്നും സ്വപ്നത്തില്‍ പോലും കരുതിയിട്ടില്ല. ഏതെങ്കിലും കാലത്ത് താന്‍ പഠിച്ച വിദ്യാലയത്തില്‍, ഒരിക്കള്‍ ഒരു പരിപാടിയുടെ ഉദ്ഘാടകനായി എത്തുമെന്ന്...
ഞങ്ങള്‍ പഠിച്ചകാലത്ത് ഗോപിമാഷ് നേതൃത്വം നല്കിയ ഒരു ഹരിതം ക്ലബ്ബ് ഉണ്ടായിരുന്നു. 8-ാം ക്ലാസില്‍ വെച്ച് ഞാനതില്‍ അംഗമായിരുന്നു. അന്ന് ഞാന്‍ നട്ട്, വെള്ളം കോരിയൊഴിച്ച്, സംരംക്ഷിച്ചു വളര്‍ത്തിയെടുത്ത ഒരു വന്‍മരം ഇന്ന് സ്‌കൂള്‍ ഗ്രൗണ്ടില്‍ തല ഉയര്‍ത്തി, പടര്‍ന്ന് പന്തലിച്ച് തണലേകി നില്ക്കുന്ന കാര്യം വിദ്യാര്‍ത്ഥികളുമായി പങ്കുവെച്ചു. ഇന്ന് പല സുഹൃത്തുക്കളോടും പറയാറുണ്ട്, അത് താന്‍ നട്ടുവളര്‍ത്തിയ മരമാണെന്ന്. ഇത്തരം ഓര്‍മ്മകള്‍ വിദ്യാലയത്തില്‍ പഠികളിറങ്ങുമ്പോള്‍ അവശേഷിപ്പിക്കാന്‍ ഓരോ വിദ്യാര്‍ത്ഥികള്‍ക്കും കഴിയണമെന്നും അവരോട് പറഞ്ഞു.
ഈ എളിയവനെ അവിടേയ്ക്ക് ക്ഷണിച്ച മതിലകം സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളിലെ അധ്യാപകന്‍ ജോസ്മാഷിനോട് പ്രത്യേകം നന്ദി പറയുന്നു. ഓര്‍മ്മയുടെ പുസ്തകത്തില്‍ സന്തോഷത്തിന്റെ, അഭിമാനത്തിന്റെ ഒരേട് എഴുതിച്ചേര്‍ക്കാന്‍ അവസരം നല്കിയതിന്...

Thursday, June 21, 2012

സദാചാര പോലീസ്‌സദാചാര പോലീസ്‌നമുക്ക് വേണ്ട!
മ്മുടെ നാട്ടില്‍ 'സദാചാര പോലീസ്' എന്ന ക്രിമിനല്‍ സംഘം നിയമം കൈയിലെടുക്കാന്‍തുടങ്ങിയിട്ട് നാളുകളേറെയായി. 'പ്രതി'കളെപിടികൂടിശിക്ഷവിധിക്കുന്ന'സമാന്തരകോടതി'കളുടെഅഴിഞ്ഞാട്ടം സമൂഹത്തില്‍ അരാജകത്വം സൃഷ്ടിക്കുന്നു.
പ്രായപൂര്‍ത്തിയായ ഒരാണും പെണ്ണും സംസാരിച്ചാല്‍, ഒരുമിച്ച് യാത്രചെയ്താല്‍, ഒന്നിച്ച് സിനിമകണ്ടാല്‍, ഒരുവീട്ടില്‍ അന്തിയുറങ്ങിയാല്‍ 'സദാചാര പോലീസ്' എന്ന പകല്‍മാന്യന്മാര്‍ രംഗത്തവതരിച്ച്, ആക്രമണം നടത്തുന്നു. സംഘാക്രമണത്തില്‍ കൊല്ലപ്പെടുന്ന സംഭവങ്ങളും ചിലരെ ആത്മഹത്യയിലേക്ക് കുരുക്കൊരുക്കി കൊടുക്കുന്നതും കുടുംബബന്ധങ്ങളെ ശിഥിലമാക്കുന്നതുമായ സംഭവങ്ങളും ഇതിനകം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ജാതി-മത-രാഷ്ട്രീയ സംഘടനകളുടെ മറവിലും ഇത്തരക്കാര്‍ അഴിഞ്ഞാടുന്നു. വ്യക്തിവൈരം തീര്‍ക്കാനും ചില തല്പരകക്ഷികള്‍ ഇതിനെ ഉപയോഗപ്പെടുത്തുന്നു.
ഇത്തരം 'സദാചാര പോലീസ്' ചമയുന്നവരില്‍ പലരും കപടസദാചാരവാദികളാണ്. ഒരു സ്ത്രീശരീരം കൈയില്‍ അകപ്പെട്ടാല്‍ ഈ സദാചാരവാദികള്‍ എടുത്തണിഞ്ഞ മുഖംമൂടി വലിച്ചെറിയാന്‍ യാതൊരു ങ്കോചവും കാണിക്കില്ലെന്ന് നമുക്കറിയാം.
ഇതെഴുതുന്നയാളും സുഹൃത്തും കൂടി എറണാകുളം ജില്ലയുടെ തീരപ്രദേശത്തുകൂടി ടൂവീലറില്‍ സഞ്ചരിക്കവേ, ഒരു സംഭവത്തിന് ദൃക്‌സാക്ഷിയാകേണ്ടിവന്നത് ഈ അടുത്തകാലത്താണ്.
പുഴയോരത്തെ ഒരൊഴിഞ്ഞിടത്ത് ഒരു പെണ്‍കുട്ടിയേയും പുരുഷനേയും ആളുകള്‍ തടഞ്ഞുവച്ചിരിക്കുകയാണ്. അവര്‍ അവിടെ 'വ്യഭിചരിക്കാന്‍'വന്നുവെന്നാണ് കൂട്ടം കൂടിയവര്‍ ആരോപിക്കുന്നത്. ആരോപണം പിടിക്കപ്പെട്ടവര്‍ നിഷേധിക്കുന്നുണ്ട്. ചിലര്‍ ഫോണ്‍ ചെയ്ത് പോലീസിനെ വിളിക്കുന്നു. മറ്റുചിലര്‍ അവരുടെ മൊബൈല്‍ ഫോണിലൂടെ അകലെയുള്ള സുഹൃത്തുക്കളെ വിളിച്ചുവരുത്തുന്നു. വിരലില്‍ എണ്ണാവുന്ന ആളുകള്‍ ഉണ്ടായിരുന്ന വിജനമായ ആ സ്ഥലത്ത് മിനിറ്റുകള്‍ക്കകം കാറിലും ടൂവീലറിലുമായി ചെറുപ്പക്കാരുടെ വലിയൊരു കൂട്ടം എത്തിച്ചേരുന്നു. കൈകൊണ്ട് മുഖത്തടിച്ചുകൊണ്ടുള്ള ചോദ്യംചെയ്യലും വിചാരണയും ആള്‍ക്കൂട്ടത്തില്‍നിന്നും അവര്‍ ഏറ്റുവാങ്ങുന്നു. പോലീസ് വന്ന് കൊണ്ടുപോകുന്നതുവരെ തടഞ്ഞുവെച്ചവരെ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്താന്‍ മത്സരിക്കുന്നവരേയും അവിടെ കണ്ടു.
ആ നിമിഷം ഓര്‍ക്കുകയായിരുന്നു, ഇവരില്‍ എത്രപേര്‍ പാപം ചെയ്യാത്തവരുണ്ടാകുമെന്ന്?
പ്രായപൂര്‍ത്തിയായ ഒരാണും പെണ്ണും പുഴയോരത്തിരുന്ന് ഇവര്‍ ആരോപിക്കുന്ന തരത്തിലുള്ള പ്രവൃത്തികള്‍ ചെയ്താല്‍, ആ നാട്ടിലെ സദാചാര ഘടനയ്ക്ക് ഏതെങ്കിലും വിധത്തിലുള്ള തകരാര്‍ സംഭവിക്കുമെന്നുള്ള ആശങ്കയൊന്നുമല്ല അവിടെ പ്രകടമായത്. 'കിട്ടാത്ത മുന്തിരി പുളിക്കും'എന്നുള്ള മനോഭാവവും മറ്റുള്ളവരുടെ സ്വകാര്യതകളിലേക്ക് കടന്നുചെല്ലാനും പ്രശ്‌നങ്ങളുണ്ടാക്കുവാനുള്ള അമിതാവേശവുമാണ് ഇത്തരക്കാരെ നയിക്കുന്നതെന്ന് നമുക്ക് പകല്‍പോലെ വ്യക്തമാകും.
സമൂഹത്തെ ബാധിക്കുന്ന തരത്തില്‍ തെറ്റായ സ്ത്രീപുരുഷബന്ധങ്ങളേയും പ്രവൃത്തികളേയും കണ്ടില്ലെന്ന് നടിക്കണമെന്നോ പ്രോത്സാഹിപ്പിക്കണമെന്നോയല്ല പറഞ്ഞുവരുന്നത്. ഇവിടെ ഒരു നിയമപരിപാലന വ്യവസ്ഥയും സംവിധാനങ്ങളുണ്ട്. ഇത്തരം ബന്ധങ്ങളില്‍ ഏര്‍പ്പെടുന്ന ഇവരുടെ ഉത്തരവാദപ്പെട്ട കുടുംബാംഗങ്ങളുണ്ട്. അവയെല്ലാം തിരസ്‌കരിച്ചുകൊണ്ട് സ്വയം പോലീസ് ചമയാനും, സ്വയം കോടതി ഉണ്ടാക്കി ശിക്ഷ വിധിക്കാനുമുള്ള നീക്കങ്ങള്‍ അനുവദിക്കപ്പെടാന്‍ പാടില്ല. അത് സദാചാരത്തിന്റെ പേരിലായാലും കൊലപാതകത്തിന്റെ പേരിലായാലും... ഇതെല്ലാം വാര്‍ത്താമാധ്യമങ്ങള്‍ക്കും ബാധകമാണ്.

സുനില്‍ പി.മതിലകം
എഡിറ്റോറിയല്‍
വിശകലനം മാസിക
2012 ജൂണ്‍ ലക്കം