Monday, July 30, 2012


ഒരെഴുത്തുകാരന്റെ വീട്
സുനില്‍ പി. മതിലകം
വായനാനുഭവം പോലെ സുഖകരമായിരിക്കണമെന്നില്ല, എഴുത്തുകാരുമായുള്ള കൂടിക്കാഴ്ചകള്‍. ചിലത് സ്മരണീയമാകുമ്പോള്‍, മറ്റു ചിലത് തിക്താനുഭവങ്ങളായിരിക്കും. എഴുത്തുകാരെ ഫോണില്‍ വിളിച്ചാലറിയാം, അല്ലെങ്കില്‍ എഴുത്തുകാര്‍ക്ക് കത്തെഴുതിയാലറിയാം; നമുക്കേറെക്കുറെ അവരുടെ സ്വഭാവസവിശേഷതകള്‍. ഇതെല്ലാം മുന്നിലുള്ളപ്പോഴാണ് ഒരെഴുത്തുകാരന്റെ വീട്ടിലേക്കുള്ള യാത്ര.
സി. രാധാകൃഷ്ണന്‍ എന്ന എഴുത്തുകാരന്റെ കലൂരിലുള്ള വീട്ടിലേക്കെത്തിയത് സുഹൃത്തും സഹപ്രവര്‍ത്തകനും പ്രിന്റിങ് ഡിസൈനറുമായ നൗഷാദ് കാതിയാളവുമായാണ്. ഫോണില്‍ വഴി ചോദിച്ചാണവിടെയെത്തിയത്. മതിലിലോ ഗെയ്റ്റിലോ സാറിന്റെ നെയിം ബോര്‍ഡ് ഉണ്ടായിരുന്നില്ല. ഫോണില്‍ വീടിന്റെ നമ്പര്‍ പറഞ്ഞുവെങ്കിലും റസിഡന്‍സ് അസോസിയേഷന്റെ നമ്പറും മാഞ്ഞുപോയിരുന്നു. കുറച്ചലയലിനുശേഷമാണ് വീടു കണ്ടെത്താന്‍ കഴിഞ്ഞത്. റോഡേ നടന്നുപോകുകയായിരുന്ന ഒരു യുവാവിനോട് നമ്പര്‍ അന്വേഷിച്ചു. ആ നമ്പറുള്ള വീട് യുവാവിന് അറിയില്ലായിരുന്നു. ആ വീട്ടിലുള്ള ആളുടെ പേര് യുവാവ് തിരക്കിയപ്പോള്‍ രാധാകൃഷ്ണന്‍സാറിന്റെ പേര് പറയുകയും, യുവാവ് കൃത്യമായി വീട് കാണിച്ചുതരികയുമായിരുന്നു. (ഇതെല്ലാം നഗരത്തിലെ വേറിട്ട അനുഭവമാണ്)
മലപ്പുറം ജില്ലയിലെ തിരൂരിനടുത്തുള്ള ചമ്രവട്ടത്തുള്ള വീട്ടിലും രാധാകൃഷ്ണന്‍സാര്‍ ഉണ്ടാകാറുണ്ട്. ഇടയ്ക്ക് എറണാകുളത്തുള്ള വീട്ടില്‍ മാഷ് വരും. ഏക മകന്‍ ഡോ. കെ.ആര്‍. ഗോപാലിന്റെ കുടുംബത്തോടൊപ്പമാണ് കലൂര്‍ ആസാദ് റോഡിലെ ആശ്രമം ലെയിനിലുള്ള വീട്ടിലെ മാഷിന്റെ വാസം. നഗരത്തിന്റെ അകത്താണ് സാറിന്റെ വീടെങ്കിലും നാട്ടിന്‍പുറത്തുള്ള ഒരു വീടിന്റെ മുറ്റമാണ്, ആ വീട്ടുമുറ്റത്തേക്ക് കയറിച്ചെല്ലുമ്പോള്‍ നമ്മെ ഓര്‍മ്മപ്പെടുത്തുക. മാഷ് വീടിന്റെ ചവിട്ടുപടിയില്‍ ആറുമാസം പ്രായമായ പേരക്കുട്ടി ഹരികൃഷ്ണയെ മടിയിലിരുത്തി മുറ്റത്ത്, മറ്റു പേരക്കുട്ടികളായ ഹരിഗോവിന്ദിന്റെയും നവനീത് കൃഷ്ണന്റെയും ഓരോരോ കളികള്‍ വീക്ഷിച്ചങ്ങനെ ഇരിക്കുകയായിരുന്നു.
മുറ്റത്തെ മണലില്‍ പേരക്കുട്ടികള്‍ ഒരു ചെറിയ കുഴി കുഴിച്ച് കുളമായി സങ്കല്പിച്ചിരിക്കുകയാണ്. അതിനുചുറ്റും മുറ്റത്തുനിന്ന് പറിച്ചെടുത്ത ചെടികള്‍ 'കുള' ത്തിനുചുറ്റും 'നട്ടി'രിക്കുന്നു. ഇതിനാലാണ് അവരുടെ കളികള്‍. മണ്ണില്‍ കളിക്കാനോ, മണ്ണില്‍ ചവിട്ടുവാനോ കുട്ടികളെ അനുവദിക്കാത്ത പുതുകാലത്തിന്റെ അച്ഛനമ്മമാരെ അന്നേരം ഓര്‍ത്തു. സി. രാധാകൃഷ്ണന്‍ എന്ന എഴുത്തുകാരന്റെ വീട്ടുമുറ്റത്ത് കുട്ടികളിങ്ങനെ കളിക്കാതിരിക്കില്ല.
അദ്ദേഹം ഞങ്ങളെ സ്വീകരിച്ച് അകത്തേക്കിരുന്നു. മരുമകള്‍ സുഭദ്ര വന്ന് കുട്ടിയെ സാറില്‍നിന്ന് വാങ്ങിക്കൊണ്ടുപോകുന്നതുവരെ ഹരികൃഷ്ണ മാഷിന്റെ കൈയില്‍ തന്നെയായിരുന്നു.
എഴുത്തുകാര്‍ക്കുള്ള പതിവുജാഡകളൊന്നും മാഷ് എടുത്തണിഞ്ഞിട്ടില്ല. പല എഴുത്തുകാരേയും നേരില്‍ കണ്ടിട്ടുണ്ട്. അടുത്ത് ഇടപഴകിയിട്ടുണ്ട്. ഇത്രയും സൗമ്യനും വിനയാന്വിതനുമായ, എഴുത്തിന്റെ ഉത്തുംഗശൃംഗത്തില്‍ വിരാജിക്കുന്നയാളുമായ ഒരു മഹത്‌വ്യക്തി ഞങ്ങളെ അമ്പരപ്പിക്കാതിരുന്നില്ല. മാഹിയിലുള്ള മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്‍ എം. മുകുന്ദന്‍സാറിന്റെ വീട്ടിലൊരിക്കല്‍ ഞങ്ങള്‍ ചെന്നപ്പോഴും ഈ ഊഷ്മളമായ സ്വീകരണം അനുഭവിച്ചിട്ടുണ്ട്.
സി. രാധാകൃഷ്ണന്‍സാര്‍ എഴുതിയത് വായിക്കുമ്പോള്‍, തൊട്ടരികിലിരുന്ന് ഒരാള്‍ നമുക്ക് പറഞ്ഞുതരുന്നതായി അനുഭവപ്പെടാറുണ്ട്. അത്രമേല്‍ ഹൃദയത്തെ തൊടുന്നതാണ് സാറിന്റെ എഴുത്ത്. അതില്‍നിന്ന് ഒട്ടും ഭിന്നമല്ല, അദ്ദേഹത്തെ നേരില്‍ കാണുമ്പോഴും ഇടപഴകുമ്പോഴും.
എഴുത്തുകാരുടെ രചനകള്‍ വായിച്ച് നിങ്ങള്‍ അനുഭൂതിനുകര്‍ന്നുകൊള്ളൂ, പക്ഷേ, നിങ്ങളവരെ കാണാന്‍ ശ്രമിക്കരുത് എന്നും, അങ്ങനെ സംഭവിച്ചാല്‍ എഴുത്തുകാര്‍ക്ക് നമ്മുടെ മനസ്സിലുള്ള ഇടം നഷ്ടപ്പെടുമെന്നും പലരുടെ അനുഭവം വായിക്കുമ്പോഴും പറയുമ്പോഴും നമുക്ക് ബോധ്യപ്പെടാറുണ്ട്.
മുക്കാല്‍ മണിക്കൂറോളം മാഷുമായി സംസാരിച്ചിരുന്ന് പിരിയുമ്പോള്‍, സാറിന്റെ നോവലിലെ ഉദാത്തമായ ഒരു കഥാപാത്രത്തെ കണ്ടുമുട്ടിയ വികാരവായ്പായിരുന്നു ഞങ്ങളില്‍ അന്നേരം നിറഞ്ഞുനിന്നത്.
ഞങ്ങളെ യാത്രയയയ്ക്കാന്‍ ഗെയ്റ്റ് വരെ സംസാരിച്ചുകൊണ്ടും ഇടയ്ക്ക് ചിരിച്ചുകൊണ്ടും മാഷ് കൂടെ വന്നു.
ഇതെഴുതിയപ്പോഴാണ് ഓര്‍ത്തത്- തന്റെ മഹത്വത്തിന്, സ്ഥാനത്തിന് എന്ത് ഇടിവാണ്, മനുഷ്യപ്പറ്റോടെ സ്‌നേഹം പങ്കുവെച്ചാല്‍ എഴുത്തുകാര്‍ക്ക് സംഭവിക്കുക? മനുഷ്യരോട് സൗമ്യമായി പെരുമാറിയാല്‍, അനാവശ്യമായ അഹംബോധത്തെ കൊടഞ്ഞു കളഞ്ഞാല്‍ എന്ത് 'വില'യാണ് ഇല്ലാതാവുക?
ജാഢയും ധാര്‍ഷ്ട്യവും എഴുത്തുകാര്‍ എടുത്തണിയേണ്ടതുണ്ടോ?
മറ്റൊരാളോടു സംസാരിക്കുമ്പോള്‍, തന്നെപ്പറ്റി, സ്വന്തം കൃതികളെപ്പറ്റി, തന്റേതായ എഴുത്തിനെപ്പറ്റി മാത്രം സംസാരിക്കുന്ന എഴുത്തുകാര്‍  ഏറെയുണ്ട് നമുക്കിടയില്‍.
ഇതിനപ്പുറം സംസാരിച്ചാല്‍ തന്നെ, അത് മറ്റുള്ളവരുടെ കുറ്റങ്ങളെക്കുറിച്ചാകാം, അല്ലെങ്കില്‍ അവരെക്കുറിച്ചുള്ള പരദൂഷണമാകാം, അതുമല്ലെങ്കില്‍ തന്നെ 'പാര'വെപ്പാകാം.
ഇവിടെയാണ് സി. രാധാകൃഷ്ണനെപ്പോലെയുള്ള എഴുത്തുകാര്‍ സൗഹൃദത്തിന്റെ തണല്‍വിരിച്ച് നമുക്കിടയിലുള്ളത്. മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരാ, അങ്ങേയ്ക്ക് നമോവാകം.


Monday, July 9, 2012
വാതിലിന് പുറത്ത് ഒരാളുണ്ട്
സുനില്‍ പി. മതിലകം''നാട്ടിലിക്കിപ്പൊ പോണ്ടാന്ന് വച്ച്‌ടോ..''
എങ്ങനെയെങ്കിലുമൊന്ന് ചാഞ്ഞാല്‍ മതിയെന്നു കരുതി, കിടക്കവിരി കുടഞ്ഞിടുമ്പോഴാണ് കൃഷ്‌ണേട്ടന്റെ ശബ്ദം കേട്ടമ്പരന്നത്. ഇപ്പറഞ്ഞത് കൃഷ്‌ണേട്ടന്‍ തന്നെല്ലേന്ന് ആദ്യമൊന്ന് സംശയിക്കാതിരുന്നില്ല.
ലീവിന് നാട്ടില്‍ പോകുന്നതിന്റെ ഒരുക്കങ്ങള്‍ ആറു മാസം മുമ്പേ അയാള്‍ തുടങ്ങിയിരുന്നുവല്ലോ.
വെള്ളിയാഴ്ച സിറ്റിയിലേക്കിറങ്ങിയാല്‍, എന്തെങ്കിലുമൊന്ന് വാങ്ങിയേ തിരിച്ചെത്തു, കൂട്ടിന് തന്നെയും കൂട്ടാറുണ്ട്. ആ ചെലവില്‍ ഒരു വടപ്പാവും കുടിക്കാന്‍ തണുത്തതെന്തെങ്കിലും കൃഷ്‌ണേട്ടന്‍ വാങ്ങിത്തരും. തിരിച്ച് നടക്കുമ്പോ നാട്ടിലേക്ക് പോകുന്നതിന്റെ ഒരാവേശപ്പറച്ചിലായിരിക്കും മൂപ്പര്. അന്നേരം അയാള്‍ക്ക് ആയിരം നാവാണ്.
ഇരുപതുകൊല്ലത്തെ മസ്‌ക്കത്തിലെ പ്രവാസ ജീവിതവും പ്രാരാബ്ധങ്ങളും ഓരോന്ന് അഴിക്കുന്തോറും മറ്റൊന്നായി മുറുകുന്ന ജീവല്‍പ്രശ്‌നങ്ങളൊക്കെ അന്നേരം കടന്നുവരും. നാട്ടിലേക്കുള്ള തിരിച്ചുപോക്കിന്റെ മനസ്സൊരുക്കത്തിലാണ് അതെല്ലാം ഒരുവേള മറവിയാകുന്നത്. രണ്ടു വര്‍ഷം കൂടുമ്പോഴാണ് രണ്ടുമാസത്തെ ലീവ് കിട്ടുന്നത്.
''വീട്ടിലെത്തിയിട്ട് വേണം മതിയാവോളമൊന്ന് ഉറങ്ങാന്‍, മനസ്സിന് പിടിച്ചതെെന്തങ്കിലും കഴിക്കാന്‍..''
കൃഷ്‌ണേട്ടന്‍ ഇടയ്ക്കിടെ, ഒരുവലിയ ആഗ്രഹം പോലെ പറയാറുണ്ട്.
''സതിയേച്ചിയോടുള്ള രണ്ടു വര്‍ഷത്തെ കടവും വീട്ടണമെന്നുകൂടി പറയ്യെന്റെ കൃഷ്‌ണേട്ടാ..''
കൂട്ടത്തിലുള്ള ഒരുത്തന്റെ കുസൃതി കമന്റ് കൂടി കേള്‍ക്കുന്നതോടെ ഒരു കള്ളച്ചിരിയുമായി അയാള്‍ മുന്നില്‍നിന്നും മാറിക്കളയും.
എന്താ ഇപ്പൊ, കൃഷ്‌ണേട്ടന് സംഭവിച്ചത്?
ഷോപ്പോണര്‍ എന്തെങ്കിലും തടസ്സം പറഞ്ഞിട്ടുണ്ടാകുമോ?
അങ്ങിനെ പറയാന്‍ വഴിയില്ലല്ലൊ. കൃഷ്‌ണേട്ടന്‍ പോയാലും പകരം ആളുണ്ട്. അര്‍ഹതപ്പെട്ട ലീവ് അനുവദിക്കുന്ന കാര്യത്തില്‍ യാതൊരു അമാന്തവും കാണിക്കുന്ന ആളല്ല ഷോപ്പ്ഓണര്‍. പിന്നെന്താണാവോ കാര്യം?
വീട്ടില്‍ ഇനി പുതിയ ചെലവുകളെന്തെങ്കിലും?
വീടിന്റെ ലോണ്‍ നിലവിലുള്ളതാണ്. അത് അതാത് മാസം വീഴ്ചയില്ലാതെ തിരിച്ചടയ്ക്കുന്നുണ്ടെന്ന് അറിയാം.
ഹോസ്പിറ്റല്‍ കേസ്സൊന്നുമല്ലെന്ന് കൃഷ്‌ണേട്ടന്റെ സ്വരത്തില്‍ നിന്നു തന്നെ തിരിച്ചറിയാം.
ഇനി, സതിചേച്ചിയായിട്ട് വല്ല പ്രശ്‌നവും?
ഫോണ്‍ ചെയ്യുമ്പോ, ഒന്നും രണ്ടും പറഞ്ഞ് ഒടുവില്‍ തെറ്റുന്നത് പതിവാണ്. അതിലും പുതുമയൊന്നുമില്ല.
'' കൃഷ്‌ണേട്ടാ, പുറത്ത് തണുത്ത കാറ്റുണ്ട്. വാ, എഴുന്നേല്‍ക്ക്''
കട്ടിലില്‍ മലര്‍ന്നു കിടന്ന് നെഞ്ച് തടവിക്കൊണ്ടിരുന്ന അയാളെ പുറത്തേക്ക് ക്ഷണിച്ചു.
പുറത്തുള്ള ആര്യവേപ്പിന്റെ ചുവട്ടിലെ കോണ്‍ക്രീറ്റ് ബെഞ്ചില്‍ ചെന്നിരുന്നു.
''എന്തുപറ്റി കൃഷ്‌ണേട്ടാ...''
''സതി വിളിച്ചിരുന്നു.. അങ്ങോട്ടിപ്പൊ ചെല്ലണ്ടാന്ന് പറഞ്ഞു.''
കൃഷ്‌ണേട്ടന്റെ പതറിയ വാക്കുകള്‍. നനഞ്ഞ കണ്ണുകള്‍.
''അങ്ങോട്ട് ചെല്ലെണ്ടാന്നോ? സതിയേച്ചി എന്താ അങ്ങ്‌നെ പറയ്ണത്!?''
''അവ്‌ടെ രണ്ട് പെയിംഗ് ഗസ്റ്റുകളെ കിട്ടിയിട്ടുണ്ടത്രെ. മാസാമാസം നല്ലൊരു തുക കിട്ടോന്ന്.. ഉള്ള രണ്ട് ബെഡ്‌റൂം അവര്‍ക്ക് കൊടുത്തു. ബാക്കിയുള്ളിടത്താണ് അമ്മയും അവളും കുട്ടികളും കഴിയുന്നതത്രെ. താന്‍കൂടി അങ്ങോട്ടിപ്പൊ ചെന്നാ കൂടുതല്‍ അസൗകര്യമാകുമെന്നാ സതി പറയ്ണ്ത്..''
നനഞ്ഞ ചിരിയോടെയുള്ള കൃഷ്‌ണേട്ടന്റെ ആ വാക്കുകള്‍ക്ക് മുമ്പില്‍ ഒന്നും ഉരിയാടാതെ എത്ര നേരമങ്ങിനെ ഇരുന്നതെന്നറിയില്ല.
(2010)