Monday, July 9, 2012
വാതിലിന് പുറത്ത് ഒരാളുണ്ട്
സുനില്‍ പി. മതിലകം''നാട്ടിലിക്കിപ്പൊ പോണ്ടാന്ന് വച്ച്‌ടോ..''
എങ്ങനെയെങ്കിലുമൊന്ന് ചാഞ്ഞാല്‍ മതിയെന്നു കരുതി, കിടക്കവിരി കുടഞ്ഞിടുമ്പോഴാണ് കൃഷ്‌ണേട്ടന്റെ ശബ്ദം കേട്ടമ്പരന്നത്. ഇപ്പറഞ്ഞത് കൃഷ്‌ണേട്ടന്‍ തന്നെല്ലേന്ന് ആദ്യമൊന്ന് സംശയിക്കാതിരുന്നില്ല.
ലീവിന് നാട്ടില്‍ പോകുന്നതിന്റെ ഒരുക്കങ്ങള്‍ ആറു മാസം മുമ്പേ അയാള്‍ തുടങ്ങിയിരുന്നുവല്ലോ.
വെള്ളിയാഴ്ച സിറ്റിയിലേക്കിറങ്ങിയാല്‍, എന്തെങ്കിലുമൊന്ന് വാങ്ങിയേ തിരിച്ചെത്തു, കൂട്ടിന് തന്നെയും കൂട്ടാറുണ്ട്. ആ ചെലവില്‍ ഒരു വടപ്പാവും കുടിക്കാന്‍ തണുത്തതെന്തെങ്കിലും കൃഷ്‌ണേട്ടന്‍ വാങ്ങിത്തരും. തിരിച്ച് നടക്കുമ്പോ നാട്ടിലേക്ക് പോകുന്നതിന്റെ ഒരാവേശപ്പറച്ചിലായിരിക്കും മൂപ്പര്. അന്നേരം അയാള്‍ക്ക് ആയിരം നാവാണ്.
ഇരുപതുകൊല്ലത്തെ മസ്‌ക്കത്തിലെ പ്രവാസ ജീവിതവും പ്രാരാബ്ധങ്ങളും ഓരോന്ന് അഴിക്കുന്തോറും മറ്റൊന്നായി മുറുകുന്ന ജീവല്‍പ്രശ്‌നങ്ങളൊക്കെ അന്നേരം കടന്നുവരും. നാട്ടിലേക്കുള്ള തിരിച്ചുപോക്കിന്റെ മനസ്സൊരുക്കത്തിലാണ് അതെല്ലാം ഒരുവേള മറവിയാകുന്നത്. രണ്ടു വര്‍ഷം കൂടുമ്പോഴാണ് രണ്ടുമാസത്തെ ലീവ് കിട്ടുന്നത്.
''വീട്ടിലെത്തിയിട്ട് വേണം മതിയാവോളമൊന്ന് ഉറങ്ങാന്‍, മനസ്സിന് പിടിച്ചതെെന്തങ്കിലും കഴിക്കാന്‍..''
കൃഷ്‌ണേട്ടന്‍ ഇടയ്ക്കിടെ, ഒരുവലിയ ആഗ്രഹം പോലെ പറയാറുണ്ട്.
''സതിയേച്ചിയോടുള്ള രണ്ടു വര്‍ഷത്തെ കടവും വീട്ടണമെന്നുകൂടി പറയ്യെന്റെ കൃഷ്‌ണേട്ടാ..''
കൂട്ടത്തിലുള്ള ഒരുത്തന്റെ കുസൃതി കമന്റ് കൂടി കേള്‍ക്കുന്നതോടെ ഒരു കള്ളച്ചിരിയുമായി അയാള്‍ മുന്നില്‍നിന്നും മാറിക്കളയും.
എന്താ ഇപ്പൊ, കൃഷ്‌ണേട്ടന് സംഭവിച്ചത്?
ഷോപ്പോണര്‍ എന്തെങ്കിലും തടസ്സം പറഞ്ഞിട്ടുണ്ടാകുമോ?
അങ്ങിനെ പറയാന്‍ വഴിയില്ലല്ലൊ. കൃഷ്‌ണേട്ടന്‍ പോയാലും പകരം ആളുണ്ട്. അര്‍ഹതപ്പെട്ട ലീവ് അനുവദിക്കുന്ന കാര്യത്തില്‍ യാതൊരു അമാന്തവും കാണിക്കുന്ന ആളല്ല ഷോപ്പ്ഓണര്‍. പിന്നെന്താണാവോ കാര്യം?
വീട്ടില്‍ ഇനി പുതിയ ചെലവുകളെന്തെങ്കിലും?
വീടിന്റെ ലോണ്‍ നിലവിലുള്ളതാണ്. അത് അതാത് മാസം വീഴ്ചയില്ലാതെ തിരിച്ചടയ്ക്കുന്നുണ്ടെന്ന് അറിയാം.
ഹോസ്പിറ്റല്‍ കേസ്സൊന്നുമല്ലെന്ന് കൃഷ്‌ണേട്ടന്റെ സ്വരത്തില്‍ നിന്നു തന്നെ തിരിച്ചറിയാം.
ഇനി, സതിചേച്ചിയായിട്ട് വല്ല പ്രശ്‌നവും?
ഫോണ്‍ ചെയ്യുമ്പോ, ഒന്നും രണ്ടും പറഞ്ഞ് ഒടുവില്‍ തെറ്റുന്നത് പതിവാണ്. അതിലും പുതുമയൊന്നുമില്ല.
'' കൃഷ്‌ണേട്ടാ, പുറത്ത് തണുത്ത കാറ്റുണ്ട്. വാ, എഴുന്നേല്‍ക്ക്''
കട്ടിലില്‍ മലര്‍ന്നു കിടന്ന് നെഞ്ച് തടവിക്കൊണ്ടിരുന്ന അയാളെ പുറത്തേക്ക് ക്ഷണിച്ചു.
പുറത്തുള്ള ആര്യവേപ്പിന്റെ ചുവട്ടിലെ കോണ്‍ക്രീറ്റ് ബെഞ്ചില്‍ ചെന്നിരുന്നു.
''എന്തുപറ്റി കൃഷ്‌ണേട്ടാ...''
''സതി വിളിച്ചിരുന്നു.. അങ്ങോട്ടിപ്പൊ ചെല്ലണ്ടാന്ന് പറഞ്ഞു.''
കൃഷ്‌ണേട്ടന്റെ പതറിയ വാക്കുകള്‍. നനഞ്ഞ കണ്ണുകള്‍.
''അങ്ങോട്ട് ചെല്ലെണ്ടാന്നോ? സതിയേച്ചി എന്താ അങ്ങ്‌നെ പറയ്ണത്!?''
''അവ്‌ടെ രണ്ട് പെയിംഗ് ഗസ്റ്റുകളെ കിട്ടിയിട്ടുണ്ടത്രെ. മാസാമാസം നല്ലൊരു തുക കിട്ടോന്ന്.. ഉള്ള രണ്ട് ബെഡ്‌റൂം അവര്‍ക്ക് കൊടുത്തു. ബാക്കിയുള്ളിടത്താണ് അമ്മയും അവളും കുട്ടികളും കഴിയുന്നതത്രെ. താന്‍കൂടി അങ്ങോട്ടിപ്പൊ ചെന്നാ കൂടുതല്‍ അസൗകര്യമാകുമെന്നാ സതി പറയ്ണ്ത്..''
നനഞ്ഞ ചിരിയോടെയുള്ള കൃഷ്‌ണേട്ടന്റെ ആ വാക്കുകള്‍ക്ക് മുമ്പില്‍ ഒന്നും ഉരിയാടാതെ എത്ര നേരമങ്ങിനെ ഇരുന്നതെന്നറിയില്ല.
(2010)

1 comment:

  1. സതി “പ്രാക്റ്റിക്കല്‍“ ആയി.

    ReplyDelete