Tuesday, July 2, 2013

കഥ  
ഉറങ്ങാത്ത അമ്മ

സുനില്‍ പി.മതിലകം

-ന്റെ കുഞ്ഞീനെ കണ്ടോ....
കുഞ്ഞുലക്ഷ്മിയേ... മുന്നില്‍ വന്നുപെട്ട അന്വേഷണത്തില്‍ ആദ്യമൊന്നമ്പരന്നു. കുഞ്ഞുലക്ഷ്മി ആരാണ്? അവള്‍ക്കെന്തുപറ്റി? ഈ സ്ത്രീയും അവരും തമ്മിലുള്ള ബന്ധം?
ആകെ മുഷിഞ്ഞ വേഷം. അഴിച്ചിട്ട അലസമായ തലമുടി. ആരെയോ ഭയന്ന ഭാവം. കുഴിഞ്ഞ കണ്ണുകളിലെ നനവ്...
എന്നെ മറികടന്ന് മുന്നോട്ടുപോയ ആ സ്ത്രീ മറ്റുപലരോടും കുഞ്ഞുലക്ഷ്മിയെ അന്വേഷിക്കുന്നതായി കണ്ടു.
-ഇവരന്വേഷിക്കുന്ന കുഞ്ഞുലക്ഷ്മിയേതാ?
അടുത്തുള്ള തട്ടുകടക്കാരനോടു തിരക്കി.
- ആ..... ആര്‍ക്കറിയാം. അവര്ക്ക് മുച്ചിപിരാന്താ, ആരെ കണ്ടാലും അവര് ഒരു കുഞ്ഞുലക്ഷ്മിയെ തിരക്ക്ണത് കാണാം...
അയാളുടെ മറുപടിയില്‍ സ്വസ്ഥമാകാതെയാണ് ബസ്സില്‍ കയറിയിരുന്നത്. അവിടേന്ന് മടങ്ങുമ്പോഴും ആ സ്ത്രീയുടെ രൂപമായിരുന്നു ഉള്ളുനിറയെ...
മകളെ മാറോടുചേര്‍ത്തുകിടത്തി, മറ്റാരും ശ്രദ്ധിക്കാത്തവിധം പുതച്ച് കിടത്തിയിട്ടും ഉറക്കം വരാതെ ഉണര്‍ന്നിരിക്കുന്ന ഒരമ്മ.
പീടികവരാന്തയിലെ രാത്രി അഭയം ആ അമ്മയെ ഭയപ്പെടുത്തി. പുറത്തുനിന്ന് കേള്‍ക്കുന്ന വര്‍ത്തമാനങ്ങള്‍ കൂടുതല്‍ ഭയാനകമാണ്. സ്വന്തമായി ഒരു കൂരപോലുമില്ലാതെ, സ്‌കൂളില്‍ പഠിക്കുന്ന മകളെ എത്രനേരം ചിറകിലൊളിപ്പിച്ചുവെയ്ക്കാന്‍ കഴിയും.
മുന്നിലൂടെ കടന്നുപോകുന്ന കണ്ണുകളേറെയും ആര്‍ത്തിപൂണ്ടവയാണ്. തന്റെ കുരുന്നിനെ കൊത്തിവലിച്ച് കീറിപ്പറിച്ചിടാന്‍ തക്കം പാര്‍ത്ത് നടക്കുകയാണവര്‍...
സ്‌കൂളിലേക്ക് പോകാന്‍ മുടിചീകി ഒതുക്കിക്കൊടുക്കുമ്പോള്‍, മകളോട് അമ്മ ഇതെല്ലാം ഓര്‍മ്മപ്പെടുത്താറുണ്ട്. ഒരുദിവസം സ്‌കൂളില്‍നിന്ന് മകളെത്തേണ്ട സമയം കഴിഞ്ഞപ്പോ അമ്മയ്ക്ക് ഇരുപ്പുറച്ചില്ല. അവര്‍ തെരുവിലൂടെ ഓടി. സ്‌കൂളിന്റെ മുന്നിലെത്തുമ്പോഴേക്കും അമ്മ ആകെ തളര്‍ന്നിരുന്നു.
ഗെയ്റ്റ് താഴിട്ടു പൂട്ടിയിരിക്കുന്നു.
മോളേ കുഞ്ഞുലക്ഷ്മി... കുഞ്ഞുലക്ഷ്മി...
ഗെയ്റ്റില്‍ പിടിച്ച് ഉച്ചത്തില്‍ വിളിച്ചു. അതൊരു നിലവിളിയായി തെരുവാകെ, നാടായ നാടാകെ പ്രകമ്പനംകൊണ്ടു.

-യെന്റെ കുഞ്ഞിനെകണ്ടോ... കുഞ്ഞുലക്ഷ്മിയേ...

Saturday, June 22, 2013

കഥ 
കൃഷിപാഠം
സുനില്‍ പി. മതിലകം

ച്ചക്കറികൃഷിക്ക് മാരക കീടനാശിനിയും രാസവളങ്ങളും പ്രയോഗിക്കുന്ന കര്‍ഷകനായ അച്ഛനെതിരെ, സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ മകന്‍ പ്രതികരിച്ചത് കുടുംബവഴക്കോളമെത്തി. 
കീടനാശിനിയും രാസവളവും മനുഷ്യനിലുണ്ടാക്കുന്ന മാരകരോഗങ്ങളെക്കുറിച്ച് അവന്‍ ക്ലാസില്‍ നിന്ന് പഠിച്ചിട്ടുണ്ട്. എന്‍ഡോസള്‍ഫാന്‍ എന്ന കീടനാശിനി ഒരു പ്രദേശത്തെയാകെ വിഴുങ്ങിയ ഭീകരചിത്രങ്ങള്‍  പത്രങ്ങളിലും ടെലിവിഷനിലും കണ്ടുനടുങ്ങിയിട്ടുണ്ട്. മനുഷ്യരെയും മണ്ണിനെയും കൊല്ലാതെ കൊല്ലുന്ന ഇത്തരം 'വിഷ'ങ്ങളൊന്നുമില്ലാതെ ജൈവവളങ്ങളും ജൈവകീടനാശിനികളും മാത്രം പ്രയോഗിച്ചുള്ള പച്ചക്കറിത്തോട്ടം സ്‌കൂള്‍ മുറ്റത്ത് കൂട്ടുകാരുമൊത്ത് ഉണ്ടാക്കി, വിളവെടുത്തതിന്റെ ആവേശവും അനുഭവവുമാണ് അച്ഛനോട് പ്രതികരിക്കുവാനുള്ള ത്രാണി അവനിലുണ്ടാക്കിയത്. 
വാദത്തിന്റെയും പ്രതിവാദത്തിന്റെയും രത്‌നചുരുക്കമിതായിരുന്നു:
 നിന്നെ സ്‌കൂളില്‍ വിടുന്നത് എന്നെ ഉപദ്ദേശിക്കാനാണോയെന്ന് അച്ഛന്‍.
 ഞാന്‍ പഠിക്കുന്നത്, പരീക്ഷയില്‍ മാര്‍ക്കുവാങ്ങാന്‍ മാത്രമല്ലെന്ന് മകന്‍.
 ഇതെല്ലാം പ്രയോഗിക്കുന്നത് നമുക്ക് ജീവിക്കാനാണെന്ന് പറഞ്ഞ്, അച്ഛനവന്റെ വായട്‌യ്ക്കാന്‍ ശ്രമിച്ചെങ്കിലും നമ്മള്‍ ജീവിക്കണമെങ്കില്‍ മറ്റുള്ളവര്‍ കൂടി ജീവിച്ചിരിക്കേണ്ടെയെന്നു പറഞ്ഞ് മകനും വിട്ടുകൊടുത്തില്ല. ഒടുവില്‍ അവന്റെ വാക്കുകള്‍ അച്ഛന്‍ സ്വീകരിച്ചോ നിരസിച്ചോ എന്നൊന്നും എനിക്കറിയില്ല. 
പക്ഷേ, ഒന്നുണ്ട്, അത് സ്വീകരിക്കാനോ നിരസിക്കാനോയുള്ള അവകാശം നിങ്ങള്‍ക്ക് വകവെച്ചുതരാന്‍ എനിക്കൊട്ടും അമാന്തമില്ല.

Wednesday, June 19, 2013

വായനയുടെ മഹത്വം ഉദ്‌ഘോഷിച്ചുകൊണ്ട് മറ്റൊരു വായനാവാരം കൂടി പിന്നിടുകയാണ്. ഈ സന്ദര്‍ഭത്തില്‍ വായനയുടെ സമകാലിക പരിസരം കൂടി ഒരു തുറന്ന സംവാദത്തിനായി തുറന്നിടുന്നത് അഭികാമ്യമായിരിക്കുമെന്ന് വിചാരിക്കുന്നു.
വായനയിലൂടെ നേടിയെടുത്ത അറിവ്, തന്റെ സ്വകാര്യമായ ഒരനുഭൂതിക്കുവേണ്ടി മാത്രമായല്ല നമുക്കുമുമ്പേ കടന്നുപോയവര്‍ ഉപയോഗപ്പെടുത്തിയത, താന്‍ ജീവിക്കുന്ന സമൂഹത്തിനുവേണ്ടി, തന്റെ സഹജീവികള്‍ക്കുവേണ്ടിയെല്ലാം അറിവിനെ ഉപയുക്തമാക്കി. അങ്ങനെയാണ് സ്വാതന്ത്ര്യസമരത്തെയും നവോത്ഥാനമുന്നേറ്റങ്ങളെയും പുരോഗമന പോരാട്ടങ്ങളെയും കൂടുതല്‍ ചലനാത്മകമാക്കിയത്. അങ്ങനെ നേടിയെടുത്ത പല അവകാശങ്ങളും അനുഭവിക്കാന്‍ അവരില്‍ പലര്‍ക്കും സാധിച്ചില്ലെങ്കിലും പിറകേ വന്നവര്‍ അതിന്റെ സൗജന്യം അനുഭവിച്ചു, അനുഭവിച്ചുകൊണ്ടിരിക്കുന്നു...
അത്തരം പ്രവര്‍ത്തനങ്ങളിലൂടെ, പോരാട്ടങ്ങളിലൂടെ കുടഞ്ഞുകളയുകയും തൂത്തെറിയുകയും ചെയ്ത പല മാമൂലുകളെയും എടുത്തണിയുവാനും പുനഃസ്ഥാപിക്കാനും പല തത്പരകക്ഷികളും ശ്രമിച്ചുകൊണ്ടിരിക്കുകയാണ് ഇന്ന്. നേടിയെടുത്ത പല അവകാശങ്ങളെയും സ്വാതന്ത്ര്യത്തെയും തള്ളിപ്പറയുന്നു ഈ കൂട്ടര്‍.
ജീവിതവിജയം നേടാനും വെട്ടിപ്പിടിക്കാനുമുള്ള തന്ത്രങ്ങളും കുതന്ത്രങ്ങളും വിളമ്പിവെക്കുന്ന പുസ്തകങ്ങള്‍ക്കും അത്തരം വായനയ്ക്കുമാണ് ഇന്നേറെ മാര്‍ക്കറ്റ് ലഭിക്കുന്നത്. - മറ്റൊരു വിഭാഗമാണെങ്കില്‍ കേവലം മത്സരപ്പരീക്ഷയുടെ കടമ്പ കടന്ന് സര്‍ക്കാര്‍ജോലി നേടിയെടുക്കുക എന്ന സങ്കുചിതമായ വായനയില്‍ മാത്രം അഭിരമിക്കുന്നു. അത്തരത്തില്‍ നേടിയെടുക്കുന്ന അറിവിന്റെ കുഴപ്പമാണ്, അവര്‍ നേടിയെടുത്ത സര്‍ക്കാര്‍ജോലിയുടെ ബലത്തില്‍, തന്റെ മുന്നില്‍ ഒരപേക്ഷയുമായി വന്നുനില്‍ക്കുന്ന സഹജീവിയെ പരുഷമായ വാക്കുകള്‍ ഉപയോഗിച്ച് നേരിടുന്നത്.  വായനയിലൂടെ നേടുന്ന അറിവ് മനുഷ്യന്റെ  നന്മയിലേക്കുള്ള വെട്ടമായിരിക്കണം എന്നുമാത്രം ഓര്‍മ്മപ്പെടുത്താനാണ് ഇത്രയും കുറിച്ചത്...

Friday, June 14, 2013

കുട്ടികള്‍ക്കുള്ള കഥ
അച്ഛാച്ചന്റെ സൈക്കിള്‍

സുനില്‍.പി.മതിലകം

വീട്ടിലിപ്പൊ തനിച്ചാണ്. ടി.വി. റിമോട്ട് കിട്ടുന്നത് സമ്മാനം കിട്ടുന്നതുപോലെയാണെന്ന് അഭിജിത്ത് അന്നേരം ഓര്‍ത്തു. എന്നിട്ടും ഉള്ളിലൊരു സന്തോഷമില്ലായ്മ. കാര്‍ട്ടൂണ്‍ ചാനലുകളില്‍ മാറിമാറി പോയിക്കൊണ്ടിരുന്നപ്പോഴും അതിലൊരു മാറ്റമുണ്ടായില്ല. പുറത്തേക്കിറങ്ങി കളിക്കാമെന്നുവെച്ചാ ഒരു കൂട്ടം വിലക്കുകളാണ്. കൂട്ടുകാരുടെ ഒച്ചയോ അനക്കമോ ഇല്ല. അവരെല്ലാം എവിടെ പോയാവോ? എവിടെ പോകാന്‍, തന്നെപ്പോലെ അവരും വാതിലടച്ചങ്ങനെ ടി.വി.കാണുന്നുണ്ടാകും.
ട്ണിം...ട്ണിം...ട്ണിം...
പുറത്ത് സൈക്കിളിന്റെ ബെല്‍. തിടുക്കത്തിലെഴുന്നേറ്റ് വാതില്‍ തുറന്നു. പക്ഷേ, പുറത്ത് ആരെയും കണ്ടില്ല. റോഡെ ആരെങ്കിലും പോയതാകും. ഇനിയത് തനിക്ക് തോന്നിയതാകുമോ? അവന്‍ പിന്‍തിരിഞ്ഞു.
ട്ണിം... ട്ണിം... ട്ണിം...
വീണ്ടും ബെല്‍.
''അമ്പട കള്ളാ നീയായിരുന്നോ?!''
അത്ഭുതം അടക്കാനായില്ല. പോര്‍ച്ചിന്റെ ഒരു വശം ഒതുക്കിവെച്ചിരുന്ന അച്ഛാച്ചന്റെ സൈക്കിളിന്റെ ബെല്ലാണ് തനിയെ കിടന്നടിക്കുന്നത്.
അഭിജിത്ത് സൈക്കിളിന്റെ അരികിലേക്കിറങ്ങിച്ചെന്നു. അച്ഛാച്ചന്‍ മരണപ്പെട്ടതിനുശേഷം മൂപ്പര് പൂര്‍ണ്ണവിശ്രമത്തിലാണെന്നു തന്നെ പറയാം.
അച്ഛന്‍ ടൂവീലര്‍ വാങ്ങിയതോടെ സൈക്കിളിനെ കണ്ട ഭാവമേയില്ല. സൈക്കിളിനെ പാടേ മറന്നതുപോലെ. പൊടിയും മാറാലയും പിടിച്ചടക്കിയ സൈക്കിളില്‍ തുരുമ്പ് പറ്റാവുന്നിടത്തൊക്കെ പറ്റിക്കയറിയിട്ടുണ്ട്. പുറകുവശത്ത് പോയി ഒരു തുണി കഷണം എടുത്തുകൊണ്ടുവന്ന് സൈക്കിള്‍ തുടച്ചു വൃത്തിയാക്കാന്‍ തുടങ്ങി. വൃത്തിയായ സൈക്കിളിനെ അവന്‍ മെല്ലെ തലോടി.
ഈ സൈക്കിളിലിരുത്തി അച്ഛാച്ചന്‍ തന്നെ എവിടെയെല്ലാം കൊണ്ടുപോയിരിക്കുന്നു.
ഉത്സവപ്പറമ്പുകളിലെ മേളപെരുക്കത്തിനും ആനക്കാഴ്ചകള്‍ക്കും കച്ചവടക്കാര്‍ക്കുമിടയില്‍...
കണ്ടാലും കണ്ടാലും മതിവരാത്ത കടപ്പുറത്ത്...
അങ്ങാടിയിലെ രാമേട്ടന്റെ ചായക്കടയില്‍...
''നീയെന്തായിത്ര ആലോചിക്കുന്നതെന്ന് എനിക്കറിയാട്ട്വൊ...''
ശബ്ദം കേട്ടപ്പോ, തിരിഞ്ഞുനോക്കി. അടുത്താരുമില്ല.
''സംശയിക്കേണ്ട, ഞാന്‍ തന്നെ...''
സൈക്കിള്‍ പറഞ്ഞു.
സൈക്കിളിനോട് കൂടുതല്‍ വാത്സല്യം തോന്നി.
''നീയിങ്ങനെ തനിച്ച് വീടിനകത്തിരുന്നാ മുഷിയില്ലെ? ഇടക്ക് പുറത്തേക്കൊക്കെ ഇറങ്ങിക്കൂടെ...?''
''ഇറങ്ങണംന്ന് ആശയില്ലാതല്ല, ആരെങ്കിലും കൂട്ടുകൂടാന്‍ വേണ്ടെ? ഇനി ആരെങ്കിലും കൂട്ടുകൂടാന്‍ വന്നാപ്പിന്നെ അവര്‍ക്കില്ലാത്ത കുറ്റോം കുറവും പറയാനാ അച്ഛനും അമ്മയ്ക്കും തിടുക്കം. ഞാനായിട്ടെന്തിനാ അവര്‍ക്കൊക്കെ വഴക്കടിക്കണം. അതോണ്ടാ ഞാനിറങ്ങാത്തത്..''
''അതിനെന്താ, നിനക്കിപ്പൊ ഞാനുണ്ടല്ലോ. ഇനി നമുക്കൊന്ന് പുറത്തേക്കിറങ്ങാം. പതുക്കെയൊന്ന് എന്നെ താഴേയ്ക്ക് ഇറിക്കിക്കൊള്ളൂ...''
സൈക്കിളിനെ സ്റ്റാന്റില്‍ നിന്ന് തട്ടി, പുറത്തേക്കിറക്കി.
പുറത്തിറക്കിയ സൈക്കിളിനെ വീണ്ടും സ്റ്റാന്റില്‍ തന്നെ വെയ്ക്കാന്‍ തുടങ്ങവേ സൈക്കിള്‍ പറഞ്ഞു.
''ഇതിപ്പാ കാര്യം! ഇതിനാണോ ഞാന്‍ പുറത്തേക്കിറക്കാന്‍ പറഞ്ഞത്!
എനിക്കുമേല്‍ കയറി മുന്നോട്ട് ചവിട്ടിക്കോളൂ. സൈക്കിള്‍ ചവിട്ടാനൊക്കെ അച്ഛാച്ചന്‍ പഠിപ്പിച്ചിട്ടുണ്ടല്ലൊ. അമാന്തിക്കാണ്ട് കയറിക്കോളൂ. ബാക്കി കാര്യം ഞാനേറ്റെന്നെ...''
ഒട്ടും ശങ്കിക്കാതെ സൈക്കിളിലേക്ക് ചവിട്ടികയറി, മുന്നോട്ടാഞ്ഞ് ചവിട്ടി. സൈക്കിള്‍ നീങ്ങി.
വഴിക്കുവെച്ച് കൂടെ പഠിക്കുന്ന പലരേയും കണ്ടു. സൈക്കിള്‍ നിര്‍ത്തി സംസാരിച്ചു.
രാമേട്ടന്റെ കടയ്ക്ക് മുന്നിലെത്തിയപ്പോള്‍, സൈക്കിള്‍ പുറത്തുവെച്ച് അങ്ങോട്ടു കയറി.
ചായയും പരിപ്പുവടയും നിര്‍ബന്ധിച്ച് കഴിപ്പിച്ചാണ് രാമേട്ടന്‍ പറഞ്ഞുവിട്ടത്. പഴയ തിരക്കും വര്‍ത്തമാനവുമൊന്നും രാമേട്ടന്റെ കടയിലിപ്പോള്‍ കണ്ടില്ല. അച്ഛാച്ചനും കൂട്ടുകാരും കൂട്ടംകൂടിയിരിക്കുവാറുള്ള അമ്പലപറമ്പിലേക്കാണ് പിന്നീട് പോയത്. അമ്പലപറമ്പിലെ പൂഴിമണലിപ്പോള്‍ കോണ്‍ക്രീറ്റ് തറയോട് വിരിച്ച് കളര്‍ പൂശിയിരിക്കുന്നു. അമ്പലപറമ്പിലെ സായംസന്ധ്യ വല്ലാതെ മാറിപ്പോയതായി തോന്നി. രസവട്ടക്കൂട്ടങ്ങളൊന്നും അധികം കണ്ടില്ല.
ഒടുവില്‍ കടപ്പുറത്തെത്തിയിരിക്കുന്നു.
''നീ കൊള്ളാലോ, പഴയ സ്ഥലങ്ങളൊന്നും മറന്നിട്ടില്ലല്ലൊ... നമുക്കിനി ഒഴിവ് കിട്ടുമ്പോഴൊക്കെ ഇങ്ങനെ കറങ്ങാന്‍ വരട്ട്വൊ...'' സൈക്കിള്‍ പറഞ്ഞു.
''നീ, ആ സൈക്കിളെടുത്ത് വല്ല ആക്രി കച്ചവടക്കാരനും വരുമ്പോ കൊടുക്കണം. ഇനി അതൊന്നും കൊള്ളില്ല. സ്ഥലം കളയാന്‍ അതവിടെ ഇട്ടിട്ട് കാര്യല്ല.''
കഴിഞ്ഞദിവസം അമ്മയോട് അച്ഛന്‍ പറഞ്ഞ വാക്കുകള്‍ അന്നേരം ഓര്‍ത്തപ്പൊ സങ്കടമായി.
കടല്‍ ശാന്തമാണ്. കടലിന്റെ നീലിമയില്‍ കണ്ണുംനട്ടിരുന്നപ്പോ വല്ലൊത്തൊരു ആശ്വാസം തോന്നി.
നാളെ അച്ഛനോട് പറയണം
''എനിക്ക് സ്‌കൂളില്‍ പോകാന്‍ ഈ സൈക്കിള്‍ മതിയെന്ന''
തുരുമ്പെല്ലാം ഉരച്ച് വൃത്തിയാക്കി പെയിന്റടിച്ചാല്‍ ഇവന്‍ സുന്ദരക്കുട്ടനാവും.''
''നീയിപ്പോ വിചാരിച്ചത് എന്തെന്ന് എനിക്കറിയാം. ഏതായാലും നിന്റെ തീരുമാനം എന്നെ എത്ര ആഹ്‌ളാദിപ്പിച്ചെന്നോ... ഞാന്‍ ആക്രിക്കാരന് ഇരയുമാവില്ല, നിനക്കാണെങ്കില്‍ ഒരു കൂട്ടുമാകും''
സൈക്കിള്‍ പറഞ്ഞു.
അവര്‍ വീട്ടിലേക്ക് തിരിച്ചു...
                                                                  ('യൂറിക്ക' യില്‍ പ്രസിദ്ധീകരിച്ചത്...)

Thursday, June 13, 2013

കഥ
കറുത്ത ചിരി
സുനില്‍ പി.മതിലകം

''യെന്താച്ഛാ,ഒറ്റക്കിരുന്ന് വട്ടന്മാരെപ്പോലെ ചിരിക്ക്ണത്?!''
്മകളുടെ ചോദ്യം കേട്ടപ്പോഴാണ്, താന്‍ ഒറ്റക്കിരുന്ന് ചിരിക്കുകയായിരുന്നുവെന്ന് അറിഞ്ഞത്.
എങ്ങനെ ചിരിക്കാതിരിക്കും.നിങ്ങളാണെങ്കിലും മറിച്ചായിരിക്കില്ല.
ഒരു ആവശ്യംപരിഹരിച്ചു കിട്ടുന്നതിനായാണ് ഇന്നലെ  ഇലക്ട്രിസിറ്റി ആഫീസില്‍ പോയത്. ചെന്നുകയറിയത്,അവന്റെ മുന്നിലും.നാലാംക്‌ളാസുവരെ ഞങ്ങളൊരുമിച്ച് പഠിച്ചിട്ടുണ്ട്.അന്നത്തെ ക്‌ളാസിലെ ഒരു സന്ദര്‍ഭമാണ് പൊടുന്നനെ ഓര്‍മ്മയിലോടിയെത്തിയത്.
''ആരോഗ്യം എന്നാലെന്ത്?''
മാഷിന്റെ ചോദ്യം.
''മത്തങ്ങയും കുമ്പളങ്ങയും മുരങ്ങാക്കായും കഴിച്ചാണ് ആരോഗ്യം ഉണ്ടാകുന്നത്.''
മത്തങ്ങപ്പോലെ തടിച്ചുകൊഴുത്തിരിക്കുന്ന അവന്‍ ശങ്കിക്കാതെ പറഞ്ഞു.ക്‌ളാസില്‍ കൂട്ടച്ചിരി പടര്‍ന്നു.മാഷിന്റെ ചോദ്യത്തിനുത്തരം പറയേണ്ട അടുത്ത ഊഴം എന്റേതായിരുന്നു.
''രോഗമില്ലാത്ത അവസ്ഥയാണ് ആരോഗ്യം.''
ഞാനുത്തരം പറഞ്ഞപ്പോള്‍,തല്ലുകിട്ടിയത് അവനായിരുന്നു.
ഇന്നവന്‍, എഞ്ചനീയര്‍ കസേരയില്‍.
താനിന്ന്, പപ്പടം ഉണ്ടാക്കി വില്പനനടത്തുന്ന നിത്യവൃത്തികാരന്‍.
നിങ്ങ പറയ്,ഞാനങ്ങനെ ചിരിക്കാതിരിക്കും...