Friday, May 23, 2014

എന്റെ പത്രാധിപക്കുറിപ്പുകള്‍..2

നമ്മളിനി എത്രത്തോളം കാത്തിരിക്കേണ്ടിവരും?

അടപ്പിച്ച മദ്യശാലകള്‍ തുറക്കുന്നതു സംബന്ധിച്ച കാര്യങ്ങളുടെ തര്‍ക്കവിതര്‍ക്കങ്ങളുടെ സമകാലീന പരിസരത്താണ് ഇതെഴുതുന്നത്.
മറ്റെല്ലാ വിവാദങ്ങളെപ്പോലെയും അധികം വൈകാതെ ഇതും കെട്ടടങ്ങാതിരിക്കില്ല. അപ്പോഴും മദ്യം എന്ന യാഥാര്‍ത്ഥ്യം ഒട്ടേറെ ചോദ്യങ്ങളുമായി അവശേഷിക്കും.
സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന മദ്യവില്പനശാലകള്‍ക്കുമുന്നില്‍ പ്രത്യക്ഷപ്പെടുന്ന നീണ്ട ക്യൂ കാണുമ്പോള്‍ മനുഷ്യസ്‌നേഹികളിലുണ്ടാകുന്ന സന്ദേഹങ്ങള്‍ ഓരോ ദിവസവും ചെല്ലുംതോറും കൂടുകയാണ്.
തൊഴില്‍ ചെയ്ത് ലഭിക്കുന്ന ദിവസക്കൂലിയായ എഴുന്നൂറും എണ്ണൂറും ആയിരവുമൊക്കെ വീടെത്തുമ്പോള്‍ തുച്ഛമായ ഇരുപതോ അമ്പതോ രൂപയായി അവശേഷിക്കുന്നു.
ബാക്കി തുക മുഴുവനായി ചെലവിടുന്നത്, മദ്യം വാങ്ങാനും ലോട്ടറിയെടുക്കുവാനും പണിയില്ലാതിരുന്നപ്പോള്‍ കടംവാങ്ങിയ തുകയുടെ പലിശ കൊടുക്കുവാനുമാണ്. ഒടുവില്‍ കുടുംബം അധോഗതിയാകുന്നു.
ഇനി മദ്യം കുടുംബത്തെ മാത്രമാണോ തകര്‍ക്കുന്നത്? സമൂഹത്തിന് ഭീഷണി ഉയര്‍ത്തുന്ന, സമൂഹത്തെ അരാഷ്ട്രീയ വല്‍ക്കരിക്കുന്ന ഒന്നായും മദ്യം ബാധിച്ചുതുടങ്ങിയത് ഏറെ ആശങ്കാജനകമാണ്. മാഫിയ സംഘങ്ങളിലും ക്വട്ടേഷന്‍ ഗ്രൂപ്പുകളിലും മറ്റുകുറ്റകൃത്യങ്ങളിലും ചെറുപ്പക്കാരെ എത്തിക്കുന്നതില്‍ മദ്യവും ചെറുതെല്ലാത്ത പങ്ക് വഹിക്കുന്നതായി കാണാം. മറ്റൊരു ഭാഗത്ത് സമൂഹത്തിലെ അസമത്വങ്ങള്‍ക്കെതിരെ, അനീതികള്‍ക്കെതിരെ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും സാംസ്‌കാരിക പ്രസ്ഥാനങ്ങളിലും അണിനിരക്കേണ്ട യുവനിരയെ നിര്‍ജ്ജീവാവസ്ഥയിലെത്തിക്കുന്നു. അതുകൊണ്ടാണ് രാഷ്ട്രീയ പ്രവര്‍ത്തനങ്ങളും സാംസ്‌കാരിക പ്രവര്‍ത്തനങ്ങളും കേവലം ചടങ്ങുകളായി പരിതപിക്കുന്നത്.
സമൂഹത്തെക്കുറിച്ച്, സഹജീവികളെ കുറിച്ച് ഉത്കണ്ഠപ്പെടണമെങ്കില്‍  ജാഗ്രതയോടെ ഉണര്‍ന്നിരിക്കുന്ന ഒരകകണ്ണ് നമുക്കാവശ്യമാണ്. ഈ ബോധമനസ്സുകളെ സ്വാര്‍ത്ഥതയുടെ ഇടുങ്ങിയ താല്പര്യങ്ങളിലേക്ക് വഴിതിരിച്ചു വിടുന്നതില്‍ മദ്യം പകരുന്ന ലഹരി ചെറുതല്ല.
ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം നിര്‍ലോഭം മദ്യം ലഭിക്കുന്ന സാഹചര്യങ്ങളെ ഇല്ലായ്മചെയ്യാനുള്ള സത്യസന്ധമായ തീരുമാനങ്ങള്‍ക്കായി നമ്മള്‍ ഇനി എത്രത്തോളം കാത്തിരിക്കേണ്ടി വരും?

സുനില്‍ പി. മതിലകം/പത്രാധിപര്‍/നിറവ് മാസിക/2014 മെയ്‌

Friday, May 2, 2014ഹൃദയപക്ഷം-

എന്റെ എഡിറ്റോറിയലുകള്‍

കുടിവെള്ളം ജന്മവകാശമാണ്

ഇങ്ങനെ ഒരു മുദ്രാവാക്യം നമുക്കുയര്‍ത്തേണ്ടിവരുമെന്ന യാഥാര്‍ത്ഥ്യമറിയാന്‍ തുടങ്ങിയത് ഈ അടുത്തകാലത്താണ്. എല്ലാം വില്പനച്ചരക്കാവുന്ന ഒരു കാലത്ത് കുടിവെള്ളവും കച്ചവടവല്‍ക്കരിക്കപ്പെട്ടതില്‍ അദ്ഭുതമില്ല. ഒട്ടേറെ അപാകതകളുണ്ടെങ്കിലും കേരള സര്‍ക്കാരിന്റെ വാട്ടര്‍ അതോറിറ്റിക്ക് കീഴിലുള്ള കുടിവെള്ള വിതരണം ജനത്തിന് വലിയൊരാശ്വാസമാണ് നല്‍കിവരുന്നത്. പൊതുടാപ്പുകള്‍ വഴിയും ഗാര്‍ഹിക കണക്ഷന്‍ നല്‍കിയും കുടിവെള്ള വിതരണം നിര്‍വ്വഹിച്ചുപോരുന്ന നിലവിലുള്ള സംവിധാനത്തെ ഇല്ലാതാക്കി സ്വകാര്യവല്‍ക്കരിക്കുവാനുള്ള ശ്രമങ്ങളാണ് തകൃതിയായി നടക്കുന്നത്. പൊതുടാപ്പുകള്‍ പൂര്‍ണ്ണമായി ഒഴിവാക്കി ഗാര്‍ഹിക കണക്ഷന്‍ മാത്രം നിലനിര്‍ത്താനും കുപ്പിവെള്ള വിതരണത്തിന് കമ്പനിയുണ്ടാക്കുവാനുമാണ് ഈ ജലദൗര്‍ലഭ്യകാലത്തും വാട്ടര്‍ അതോറിറ്റിയുടെ നീക്കങ്ങള്‍. ജനതയുടെ ജന്മാവകാശമായ കുടിവെള്ളം മുട്ടിക്കുവാനുള്ള ശ്രമങ്ങളെ എന്തു വിലകൊടുത്തും പ്രതിരോധിക്കേണ്ടതുണ്ട്.
ഈ പ്രതിരോധനിര കെട്ടിപ്പടുക്കുന്നതിനോടൊപ്പംതന്നെ ചിലതുകൂടി നമ്മള്‍ ഓര്‍ക്കുകയും നിര്‍വ്വഹിക്കുകയും ചെയ്യേണ്ടതുണ്ട്. ഓരോ തുള്ളി ജലവും അമൂല്യമാണെന്ന ബോധ്യം നമ്മുടെകൂടെയുണ്ടാകണം. അവശേഷിക്കുന്ന നീര്‍ത്തടങ്ങള്‍ സംരക്ഷിക്കപ്പെടണം. പുഴ മണലെടുക്കുവാനുള്ളത് മാത്രമാണെന്ന തലതിരിഞ്ഞ വിചാരം വെടിയണം. മഴവെള്ളം സംരക്ഷിക്കപ്പെടുന്ന ഇടങ്ങളായ വയലുകളും കിണറുകളും കുളങ്ങളും സംരക്ഷിക്കപ്പെടണം. കച്ചവട താത്പര്യത്തോടെ ഇതെല്ലാം തുടച്ചുനീക്കുന്നത് ജീവന്റെ നിലനില്പിനു തന്നെ ഭീഷണിയാണെന്ന തിരിച്ചറിവ് നമുക്കുണ്ടാകണം.
സുനില്‍ പി.മതിലകം/2013 മെയ്‌